കൊവിഡ് ദുരിതാശ്വാസം അപര്യാപ്തം: കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി പി ചിദംബരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പാവങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പര്യാപ്തമാവേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന ധനസഹായം പേരിന് മാത്രമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ചിദംബരം വിമര്‍ശിച്ചു. ധനവിതരണവുമായി ബന്ധപ്പെട്ട ഏതാനും ട്വീറ്റുകള്‍ വഴിയാണ് ചിദംബരം കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.
ദേശീയ സാമൂഹിക സഹായ പദ്ധതി വഴി 2.81 കോടിയാണ് വതരണം ചെയ്യുന്നത്. അതായത് ഒരാള്‍ക്ക് 1000 രൂപ. ഇത് ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണോ? ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ 20.6 കോടി സ്ത്രീകള്‍ക്ക് 30,925 രൂപ അതായത് മൂന്ന് മാസത്തേക്ക് 1500 രൂപ. മാസം 500 രൂപകൊണ്ട് ആര്‍ക്കാണ് പട്ടിണി കൂടാതെ ജീവിക്കാനാവുക? കുടിയേറ്റത്തൊഴിലാളികളായ 2.66 കോടി പേര്‍ക്ക് 2.67 ലക്ഷം മെട്രിക് ടണ്‍ ധാന്യം, അതും രണ്ട് മാസത്തേക്ക്. മാസം 5 കിലോഗ്രാം വരും ഇത്- ചിദംബരം ട്വീറ്റ് ചെയ്തു.