കൊവിഡ്: കേരളത്തിലേത് ഭീതിജനകമായ സാഹചര്യം; പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രിംകോടതിയുടെ സ്റ്റേ
സപ്തംബര്‍ 6 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം. സപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവയ്ക്കുകയാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വിക്കര്‍, ഋഷികേശ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പരീക്ഷ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്തത്. സപ്തംബര്‍ 6 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം. സപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവയ്ക്കുകയാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹരജി സമര്‍പ്പിച്ചത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതിദിനം 30,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ദേശീയ കേസുകളുടെ 70 ശതമാനം വരും. ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഈ വസ്തുത കണക്കിലെടുത്തിട്ടുണ്ടോ എന്ന് ബെഞ്ച് അത്ഭുതപ്പെട്ടു. ഈ വര്‍ഷം സപ്തംബറില്‍ ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതിന് മുമ്പ് നിലവിലെ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍ പറഞ്ഞത് പ്രഥമദൃഷ്ട്യാ ശരിയാണ്.
അടുത്ത ഹിയറിങ് തിയ്യതി വരെ ഓഫ്‌ലൈന്‍ പരീക്ഷയില്‍ താല്‍ക്കാലിക ഇളവ് അനുവദിക്കുകയാണ്. ഈ വിഷയം സപ്തംബര്‍ 13ന് ലിസ്റ്റ് ചെയ്യുക- ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന സമയത്ത് ശാരീരിക പരിശോധന നടത്തുന്നത് വലിയ അപകടസാധ്യതയുണ്ടെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പത്മനാഭന്‍ വാദിച്ചു.
പ്രത്യേകിച്ചും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാത്തതിനാല്‍. സപ്തംബര്‍ 6 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയില്‍ ഏകദേശം 3 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയപ്പോള്‍ കേരള സര്‍ക്കാരിനെതിരേ ജൂലൈയില്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നടത്തിയ നിര്‍ണായക നിരീക്ഷണങ്ങള്‍ അദ്ദേഹം വാദത്തില്‍ പരാമര്‍ശിച്ചു.