ഇസ്‌ലാം വിരുദ്ധ നടപടികള്‍: മാക്രോണിനെതിരേ ലോകവ്യാപക പ്രതിഷേധം; ഫ്രഞ്ച് ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കും
മാക്രോണിന്റെ നടപടികളെക്കുറിച്ചുള്ള പ്രതിഷേധം അറിയിക്കാന്‍ ഇസ്‌ലാമാബാദിലെ ഫ്രഞ്ച് അംബാസഡറെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച വിളിച്ചുവരുത്തി.
പാരീസ്: ഇസ്‌ലാമിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും നടപടികള്‍ക്കുമെതിരിലുള്ള പ്രതിഷേധം ആഗോളതലത്തില്‍ വ്യാപിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍, മാക്രോണ്‍ മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പ്രതികരണമായി ഫ്രാന്‍സ് തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചു. പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള വിവാദ കാര്‍ട്ടൂണ്‍ ഫ്രാന്‍സിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ ഇസ്‌ലാമിക വേഷം ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയ യുവാവിന് മര്‍ദ്ദനമേറ്റ സംഭവവും ഉണ്ടായി. പ്രസിഡന്റ് മാക്രോണിന്റെ പരോക്ഷ പിന്‍തുണ ഉപയോഗപ്പെടുത്തി ഇസ്‌ലാം വിരുദ്ധര്‍ രാജ്യത്ത് മുസ്‌ലിംകളെ അവഹേളിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബ്രിട്ടണ്‍, കുവൈറ്റ്, ഖത്തര്‍, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവയുള്‍പ്പെടെ പടിഞ്ഞാറ് മുതല്‍ കിഴക്ക് വരെയുള്ള രാജ്യങ്ങളില്‍ മാക്രോണിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. #BoycottFrenchProducts, #Islam, #NeverTheProphet എന്നീ അറബി ഭാഷയിലുള്ള ഇംഗ്ലീഷ് ഹാഷ്ടാഗുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഫ്രഞ്ച് ഉള്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കാംപയ്‌നിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. നിരവധി അറബ് ട്രേഡ് അസോസിയേഷനുകള്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെല്ലാം ഫ്രഞ്ച് പ്രസിഡന്റിനെതിരേ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
'നായ്ക്കള്‍ കുരച്ചെന്നു കരുതി മേഘങ്ങള്‍ക്ക് പരുക്കേല്‍ക്കില്ല' എന്നെഴുതിയ ബാനറുകള്‍ ഫലസ്തീനിലെ പലയിടങ്ങളിലും ഉയര്‍ന്നതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മാക്രോണിന്റെ നടപടികളെക്കുറിച്ചുള്ള പ്രതിഷേധം അറിയിക്കാന്‍ ഇസ്‌ലാമാബാദിലെ ഫ്രഞ്ച് അംബാസഡറെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച വിളിച്ചുവരുത്തി. 'ഇത്തരത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ വിത്തുകള്‍ സമൂഹത്തെ ധ്രുവീകരിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും,'' പാക് വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌ലാമിനെതിരായ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു. ഹോളോകോസ്റ്റ് നിഷേധികള്‍ക്കെതിരായ വെബ്സൈറ്റിനെതിരേ നടപടിയെടുത്ത പോലെ ഇസ്‌ലാം വിരുദ്ധ ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതി.
യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലും മാക്രോണിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ മാക്രോണിന്റെ ചിത്രങ്ങള്‍ കത്തിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ അറിയിച്ചു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ 70 ഓളം പേര്‍ പ്രതിഷേധിച്ചതായി എഎഫ്പി ലേഖകന്‍ പറഞ്ഞു. ചിലര്‍ ഫ്രഞ്ച് പതാകകള്‍ക്ക് തീയിടുകയും ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രങ്ങളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അപമാനിച്ചുവെന്നും അതിന്റെ ആളുകള്‍ ''എപ്പോള്‍, എവിടെ വേണമെങ്കിലും പ്രതികരിക്കാന്‍ തയ്യാറാണെന്നും'' ഇറാഖിലെ ഇറാന്‍ അനുകൂല വിഭാഗമായ റബാ അല്ലാഹ് മുന്നറിയിപ്പ് നല്‍കി.
മൊറാക്കോ വിദേശകാര്യ മന്ത്രാലയവും ഫ്രാന്‍സിന്റെ നടപടികളെ വിമര്‍ശിച്ചു.
പ്രവാചകന്മാരെ ''അപമാനിക്കുന്നത്'' ''വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കുറ്റമാണ്'' എന്ന് ജോര്‍ദാന്‍ ഇസ്‌ലാമിക കാര്യമന്ത്രി മുഹമ്മദ് അല്‍ ഖലീലെ പറഞ്ഞു. അതിനിടെ ഫ്രാന്‍സിന്റെ ഇടതുപക്ഷ അണ്‍ബോവ്ഡ് ഫ്രാന്‍സ് പാര്‍ട്ടിയുടെ തലവനും പാര്‍ലമെന്റ് അംഗവുമായ ജീന്‍ ലൂക്ക് മെലാഞ്ചനും മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നടപടികളെ വിമര്‍ശിച്ച് രംഗത്തുവന്നു.