'അറസ്റ്റ് ശിക്ഷയാവരുത്': ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ സുബൈറിന്റെ കേസില്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ സുബൈറിനെതിരേയുള്ളള കേസ് കുറ്റന്വേഷണ പ്രക്രിയയുടെ പല്‍ച്ചക്രത്തില്‍ കുടുങ്ങി വിചാരണപ്രക്രിയതന്നെ ശിക്ഷയായി മാറിയതുപോലെയായെന്ന് സുപ്രിംകോടതി. അറസ്റ്റിനെ ശിക്ഷയാക്കിമാറ്റരുതെന്ന് കോടതി മുന്നറിയിപ്പുനല്‍കി. സുബൈറിന് ജാമ്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ശക്തമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചത്. ജൂലൈ 20നാണ് വിധി പുറപ്പെടുവിച്ചതെങ്കിലും അതിന്റെ വിശദമായ ഭാഗം ഇന്നലെയാണ് പുറത്തുവിട്ടത്.
'തിരക്കുപിടിച്ചതും വിവേചനരഹിതവുമായ അറസ്റ്റുകള്‍, ജാമ്യം ലഭിക്കാനുള്ള ബുദ്ധിമുട്ട്, വിചാരണത്തടവുകാരുടെ നീണ്ട തടവ്' എന്നിവയെക്കുറിച്ചും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു മാസത്തിലധികം ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദ് സുബൈര്‍ മോചിതനായത്. 'അറസ്റ്റ് ഒരു ശിക്ഷാ ഉപകരണമായി ഉപയോഗിക്കേണ്ടതില്ല, കാരണം അത് ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്നായ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുകയെന്നതിലേക്ക് നയിക്കും-ജസ്റ്റിസുമാരായ ചന്ദ്രചൂഢിന്റെയും എഎസ് ബൊപ്പണ്ണയുടെയും ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
'ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വ്യക്തികളെ ശിക്ഷിക്കരുത്, ന്യായമായ വിചാരണ കൂടാതെ... അറസ്റ്റ് ചെയ്യാനുള്ള അധികാരം ബുദ്ധി പ്രയോഗിക്കാതെയും നിയമം പരിഗണിക്കാതെയും പ്രയോഗിക്കുമ്പോള്‍, അത് അധികാര ദുര്‍വിനിയോഗത്തിന് തുല്യമാണ്,' - കോടതി ഉത്തരവില്‍ പറയുന്നു.
അളവില്ലാത്ത വിഭവങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് സാധാരണക്കാരനും ഒറ്റപ്പെട്ടവനുമായ വ്യക്തിക്കെതിരേ നടത്തുന്ന ആക്രമണമെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചാണ് സിആര്‍പിസിയിലെ 41ാം വകുപ്പ് സുരക്ഷയൊരുക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഒന്നിനു പുറകെ ഒന്നായി കേസുകള്‍ ചുമത്തിയപ്പോഴാണ് മുഹമ്മദ് സുബൈര്‍ കോടതിയെ സമീപിച്ചത്. സുപ്രിംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ സുബൈറിന് ജാമ്യം ലഭിച്ചു. അന്നത്തെ ഉത്തരവില്‍ ജാമ്യം നല്‍കാനുള്ള ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെയാണ് വിശദമായ ഉത്തരവ് പുറത്തുവിട്ടത്.
ഒരു ജനപ്രിയ ഹിന്ദി സിനിമയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് പല സംസ്ഥാനങ്ങളിലായി സമാനമായ കേസുകള്‍ എടുത്തു. അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ്, മുഹമ്മദ് സുബൈര്‍, പ്രവാചനകനെക്കുറിച്ചുള്ള ബിജെപിയുടെ നൂപൂര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നിരുന്നു.
ജൂലൈ 20ന്, സുപ്രിംകോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയും യുപിയിലെ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും ജഡ്ജിമാര്‍ നിരസിച്ചു.
'ഹരജിക്കാരന്‍ പറയുന്നതനുസരിച്ച്, അദ്ദേഹം ഒരു ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റിന്റെ സഹസ്ഥാപകനായ ഒരു പത്രപ്രവര്‍ത്തകനാണ്. മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെയും ക്ലിക്ക് ബെയ്റ്റുകളുടെയും അനുയോജ്യമായ വീഡിയോകളുടെയും ഈ യുഗത്തില്‍ തെറ്റായ വാര്‍ത്തകളും തെറ്റായ വിവരങ്ങളും ഇല്ലാതാക്കാന്‍ അദ്ദേഹം ട്വിറ്റര്‍ ഒരു ആശയവിനിമയ മാധ്യമമായി ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അദ്ദേഹത്തിന്റെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെയും ലംഘനത്തിന് തുല്യമാകും'- കോടതി കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തില്‍ ജയ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ, ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥപ്രക്രിയയെ ശിക്ഷ' എന്ന് വിശേഷിപ്പിച്ചിരുന്നു.
'നമ്മുടെ ക്രിമിനല്‍ നീതിന്യായ പ്രക്രിയതന്നെ ശിക്ഷയാണ്. തിടുക്കത്തിലുള്ള, വിവേചനരഹിതമായ അറസ്റ്റുകള്‍, ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്, നീണ്ടുകിടക്കുന്ന വിചാരണയും വിചാരണത്തടവും എന്നിവയിലേക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.