നിയമസഭയിൽ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷത്തിന്റേത് ജനപിന്തുണയില്ലാത്ത സമരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാംഭിച്ചപ്പോൾ സഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിൽ എത്തിയ ഉടനെ പ്രതിപക്ഷം പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. ഇന്ധനസെസ് പിൻവലിക്കുക, പോലീസിൻറെ ക്രൂരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. എന്നാൽ, ചോദ്യോത്തരവേള തടസപ്പെടുത്താത്ത രീതിയിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പ്രവർത്തകർക്കെതിരായ പോലിസിൻറെ സമീപനത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. കൊച്ചിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരായി ഉണ്ടായ പോലിസ് നടപടിയാണ് പ്രധാനമായും ഉന്നയിച്ചത്. എന്നാൽ, ഇന്ധനസെസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി . ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമരക്കാരോടുള്ള പോലീസ് നടപടിക്കെതിരെ പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. പ്രതിഷേധസൂചകമായി കറുപ്പണിച്ചുകൊണ്ടാണ് എംഎൽഎ സഭയിലെത്തിയത്. കൊച്ചിയിൽ നടന്ന യൂത്ത് കോൺഗ്രസിൻറെ സമരത്തിൽ പോലിസിനെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കിയതോടെയാണ് പോലീസ് പ്രശ്നത്തിൽ ഇടപെട്ടത്. അനിവാര്യമായ നടപടികൾ മാത്രമാണ് പോലീസ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റിന് പിന്നാലെ ഷാഫി ഉൾപ്പെടെയുള്ളവർ എറണാകുളം പോലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കളമശേരിയിൽ ഈ മാസം 11 ന് യുവതിയുൾപ്പെടെ നാല് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. പോലീസിൻറെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ആപത്ത് വരാതിരിക്കാനാണ് പോലിസ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെസ് വർധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കുള്ള പങ്ക് ലഭിക്കില്ല. യുഡിഎഫ് കേന്ദ്ര നിലപാടിനെതിരെ ഒരു പ്രതിഷേധവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.