ബാബരി മസ്ജിദ്: അന്യായവിധിക്ക് അഞ്ചാണ്ട്

Update: 2024-11-09 05:35 GMT

ഹിന്ദുത്വര്‍ പൊളിച്ച ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയാമെന്ന സുപ്രിംകോടതി വിധിക്ക് ഇന്ന് അഞ്ച് വര്‍ഷം പഴക്കം. ബാബരി നിലനിന്നിടത്ത് രാമക്ഷേത്രം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യവാര്‍ഷികമാണ് ഇന്ന്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് 2019 നവംബര്‍ ഒമ്പതിന് രാമക്ഷേത്രത്തിന് അനുകൂലമായി വിധി പറഞ്ഞത്.

പള്ളി അവിടെ നിലനിന്നതിന് തെളിവുണ്ടെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1949 വരെ ഈ പളളിയില്‍ മുസ്‌ലിംകള്‍ പ്രാര്‍ത്ഥിച്ചതിന് തെളിവുണ്ട്. 1949ല്‍ രാത്രിയുടെ മറവില്‍ രാംലല്ല വിഗ്രഹം പള്ളിയില്‍ സ്ഥാപിച്ചതിന് തെളിവുണ്ട്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ഹിന്ദുത്വര്‍ പൊളിച്ചതിന് തെളിവുണ്ട്.

പള്ളിപൊളിക്കാന്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ രഥയാത്ര നടത്തിയതിനും രാജ്യമെമ്പാടും വര്‍ഗീയ കലാപങ്ങള്‍ നടന്നതിനും തെളിവുണ്ട്. രാമക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്ന് പറയാന്‍ സാധിക്കില്ലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപോര്‍ട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ എന്തു വിധിയാണ് വരേണ്ടിയിരുന്നത്?

കേസിലെ വസ്തുതകള്‍ എന്തായാലും സന്തുലിതാവസ്ഥ രൂപപ്പെടുത്താന്‍ ഹിന്ദുപക്ഷം ജയിച്ചേ മതിയാവൂ എന്നാണ് 2019 നവംബര്‍ ഒമ്പതിന് വന്ന സുപ്രിംകോടതി വിധി പറയാതെ പറയുന്നത്.

മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ കമാന്‍ഡറായ മീര്‍ബാഖി 1528ല്‍ നിര്‍മിച്ച ബാബരിയുടെ മേല്‍ അക്കാലത്ത് ആരും അവകാശ വാദം ഉന്നയിച്ചിരുന്നില്ല. അക്കാലത്ത് ജീവിച്ച, പ്രശസ്തമായ രാമചരിത മാനസം എഴുതിയ തുളസീദാസ് പോലും ഇങ്ങനെയാരു ആരോപണം ഉന്നയിക്കുന്നില്ല. ഹിന്ദുക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന കൃഷ്ണ ചൈതന്യയോ രാമകൃഷ്ണ പരമഹംസനോ സ്വാമി വിവേകാനന്ദനോ പോലും ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചില്ല. മുസ്‌ലിം വിരുദ്ധരായ ബ്രിട്ടീഷുകാര്‍ ഭരിച്ച കാലത്ത് പോലും ആരും കാര്യമായ അവകാശവാദം ഉന്നയിച്ചില്ല.

1853ല്‍ നിര്‍മോഹി അഖാരയാണ് ആദ്യമായി ഒരു അവകാശവാദം ഉന്നയിക്കുന്നത്. തുടര്‍ന്ന് പള്ളിക്ക് പുറത്ത് മസ്ജിദ് ഭൂമിയില്‍ തന്നെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്താന്‍ ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകള്‍ അനുമതി നല്‍കി. ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന 1857ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ ഹിന്ദു-മുസ്‌ലിം ഭിന്നതയുണ്ടാക്കാന്‍ ഇത്തരം വാദങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

അങ്ങനെ തുടങ്ങിയ കേസുകള്‍ അവസാനം അലഹബാദ് ഹൈക്കോടതി വഴി സുപ്രിംകോടതിയില്‍ എത്തി. പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും ഭൂമി മൂന്നായി ഭാഗിക്കണമെന്നുമാണ് 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ കേസെത്തുന്നത്.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ച് 2019 നവംബര്‍ ഒമ്പതിന് വിധി പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തുടക്കം കുറിച്ച് സംഘപരിവാര്‍ ശിലാന്യാസം നടത്തിയത് ഒരു നവംബര്‍ ഒമ്പതിനു തന്നെയായിരുന്നു. അതായത് 1989 നവംബര്‍ ഒമ്പതിന്.

തെളിവുകളും നിയമങ്ങളും ഉള്‍പ്പെടുന്ന 1045 പേജുള്ള വന്‍വിധിയാണ് കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ചത്. ഒരു വിധി ആരാണ് എഴുതിയതെന്ന കാര്യം സാധാരണയായി വിധികളില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍, ബാബരി കേസിലെ വിധി ആരാണ് എഴുതിയുണ്ടാക്കിയതെന്ന് രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, ഈ വിധി കൊണ്ട് ആര്‍ക്കൊക്കെയാണ് ഗുണങ്ങളുണ്ടായതെന്ന് പിന്നീട് ലോകം കണ്ടു.

ചീഫ്ജസ്റ്റീസ് പദവിയില്‍ നിന്ന് വിരമിച്ച രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ രാജ്യസഭാ എംപിയായി. എസ് എ ബോബഡെയും ഡി വൈ ചന്ദ്രചൂഡും പിന്നീട് സുപ്രിംകോടതി ചീഫ്ജസ്റ്റിസുമാരായി. ബെഞ്ചിലെ അംഗവും മുസ്‌ലിമുമായ അബ്ദുല്‍ നസീര്‍ ആന്ധ്രഗവര്‍ണറായി. വിരമിച്ചതിന് ശേഷം നാഷണല്‍ കമ്പനി ലോ അപ്പല്ലേറ്റ് െ്രെടബ്യൂണല്‍ മേധാവിയായി സ്ഥാനമേറ്റ ജസ്റ്റിസ് അശോക് ഭൂഷണ്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ദിവസം െ്രെടബ്യൂണലിന് അര്‍ധ അവധിയും നല്‍കി.

ബാബരി മസ്ജിദ് കേസിലെ വിധിയെഴുതാന്‍ ദൈവത്തെ ആശ്രയിച്ചുവെന്നാണ് കഴിഞ്ഞ മാസം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വെളിപ്പെടുത്തിയത്. പൂനെയിലെ ഒരു യോഗത്തില്‍ വച്ചാണ് ദൈവത്തിന്റെ കഴിവുകളെയും സഹായത്തെയും കുറിച്ച് അദ്ദേഹം സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബാബരി മസ്ജിദ് വിധി ആരാണ് എഴുതിയതെന്ന് വിധിയില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അത് ആരാണ് എഴുതിയതെന്ന ചില സൂചനകള്‍ ഈ പരാമര്‍ശം നല്‍കുന്നുണ്ട്.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്‍ വലിയ നിയമപ്രശ്‌നങ്ങള്‍ സുപ്രിംകോടതി പരിശോധിച്ചിരുന്നു. അടിയന്തരാവസ്ഥ വന്നാല്‍ ഭരണഘടനയില്‍ പറയുന്ന ജീവിക്കാനുള്ള അവകാശം നിലനില്‍ക്കുമോയെന്നാണ് അന്ന് കോടതി പരിശോധിച്ചത്. എഡിഎം ജബല്‍പൂര്‍ കേസ് എന്നറിയപ്പെടുന്ന ഈ കേസിലെ ഒരു ജഡ്ജിയൊഴികെ എല്ലാവരും സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാട് എടുത്ത ജഡ്ജിയായ വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

അടിയന്തരാവസ്ഥ കേസിലെ അച്ഛന്റെ വിധി തെറ്റായിരുന്നുവെന്നാണ് 2017ല്‍ മറ്റൊരു കേസില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിച്ചത്. ബാബരി കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡും മറ്റു നാലു പേരും ചേര്‍ന്ന് പേര് പറയാതെ എഴുതിയുണ്ടാക്കിയ ബാബരികേസിലെ വിധിയിലെ അനീതി ഇനി ആര്, എപ്പോള്‍ തിരുത്തും എന്നതാണ് കാലം ചോദിക്കാന്‍ ആഗ്രഹിക്കുന്നത്.

Tags:    

Similar News