ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ നീതിനിഷേധത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ബാബരി ഭൂമി കേസിലെ സുപ്രിംകോടതി വിധി നീതിയുക്തമല്ലെന്ന നിലപാടുയര്‍ത്തിയാണ് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍, തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പശ്ചിമബംഗാളിലെ ബെര്‍ഹാംപോര്‍, മഹാരാഷ്ട്രയിലെ ബീദ്, ഔറന്‍ഗബാദ്, നന്ദേഡ്, മണിപ്പൂരിലെ ലിലോങ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കേരളത്തിലെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ വിളംബരത്തിലും ആയിരങ്ങള്‍ അണിനിരന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയെന്ന ജനാധിപത്യ ബോധത്തിലൂന്നിയ പ്രതിഷേധ പരിപാടികളില്‍ വന്‍ ജനകീയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.