യുപിയിലെ ബാരാബങ്കിയില്‍ നടന്നത് ആസൂത്രിത ഗൂഢാലോചന; പള്ളി പൊളിക്കും മുമ്പ് മുസ് ലിംകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു
മാര്‍ച്ച് 20ന് 180 പേര്‍ക്കെതിരേ വധശ്രമം ചുമത്തി, ദേശസുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി തുറുങ്കിലടച്ചു, പള്ളിയുടെ അവശിഷ്ടങ്ങള്‍ പുഴയിലെറിഞ്ഞു, പ്രദേശത്ത് കൂട്ടപ്പലായനവും ഭീതിയും
ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി ഉത്തരവിനു പുല്ലുവില കല്‍പ്പിച്ച് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മുസ് ലിം പള്ളി പൊളിച്ചതിനു പിന്നിലെ ആസൂത്രിത ഗൂഢാലോചന പുറത്തുവരുന്നു. ഈദുല്‍ ഫിത്വര്‍ കഴിഞ്ഞ് മെയ് 17 തിങ്കളാഴ്ചയാണ് ഗരീബ് നവാസ് അല്‍ മഅ്‌റൂഫ് പള്ളി ഭരണകൂടം തകര്‍ത്തത്. യുപി സുന്നി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും നൂറ്റാണ്ടോളം പഴക്കമുള്ളതുമായ പള്ളി പൊളിക്കുന്നതിനു മുമ്പ് തന്നെ പ്രതിഷേധം അടിച്ചൊതുക്കാന്‍ പോലിസും കൂട്ടുനിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് നടന്ന പ്രതിഷേധത്തിന്റെ പേരില്‍ 180 മുസ് ലിംകള്‍ക്കെതിരേ ദേശസുരക്ഷാ നിയമ, വധശ്രമം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയും പ്രതിഷേധം ഇല്ലെന്ന് ഉറപ്പുവരുത്തുകയുമാണ് പോലിസ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ ഒത്താശയും ഇതിനു ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് ബാരബങ്കിയിലെ പള്ളി പൊളിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ 180 മുസ് ലിംകള്‍ക്കെതിരേ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. 22 പേര്‍ക്കെതിരേയും മറ്റു കണ്ടാലറിയാവുന്നവര്‍ എന്നും രേഖപ്പെടുത്തിയാണ് എഫ്‌ഐആര്‍ നമ്പര്‍ 89 പ്രകാരം കേസെടുത്തത്. ഇതില്‍ പേര് വ്യക്തമാക്കിയ 16 പേര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഏപ്രില്‍ 12ന് ജില്ലാ കോടതി ജാമ്യം നല്‍കി. ആറ് അധിക എഫ്‌ഐആര്‍ പ്രകാരം ഇപ്പോഴും 30 പേര്‍ ജയിലില്‍ കിടക്കുന്നുണ്ടെന്ന് നാട്ടുകാരെ ഉദ്ധരിച്ച് 'ദി വയര്‍' റിപോര്‍ട്ട് ചെയ്തു.
എന്നിട്ടും പോലിസ് വേട്ട തുടര്‍ന്നതാണു പ്രദേശവാസികളെ ഭീതിപ്പെടുത്തുകയും പള്ളി പൊളിക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത വിധത്തിലെത്തിക്കുകയും ചെയ്തത്. ഏപ്രില്‍ 11 ന്, ഏതാണ്ട് മൂന്നാഴ്ചയ്ക്കു ശേഷം, ഇതേ കേസില്‍പെട്ട മുഹമ്മദ് ഇഷ്തിയാക് എന്നയാളെ ദേശ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) ബാരാബങ്കി പോലിസ് ഇഷ്തിയാക് എന്ന സോനുവിനെ അറസ്റ്റ് ചെയ്തു. ജില്ലയിലെ കുറ്റവാളികള്‍ക്കെതിരായ നടപടിയെന്നു പറഞ്ഞാണ് ഇദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പുമിറക്കി. മാര്‍ച്ച് 11 ന് പോലിസ് സേനയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മുഹമ്മദ് ഇല്യാസിന്റെ മകന്‍ മുഹമ്മദ് ഇഷ്തിയാക്കിനെതിരെ ഏപ്രില്‍ 11ന് തുറുങ്കിലടച്ചത്. അഞ്ചാഴ്ചയ്ക്കുശേഷം, പള്ളിയുടെ അനുയായികള്‍ സ്ഥലത്തെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടെന്ന് വിചിത്രവാദം പറഞ്ഞാണ് ഭരണകൂടം പള്ളി പൊളിച്ചുമാറ്റിയത്. പള്ളി കമ്മിറ്റി അടയ്ക്കുന്ന വൈദ്യുതി ബില്ല് പ്രകാരം കുറഞ്ഞത് ആറു പതിറ്റാണ്ടെങ്കിലും പഴക്കം പള്ളിക്കുണ്ടായിരുന്നു. ''അവര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഞങ്ങളുടെ പള്ളി തകര്‍ത്തു. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ നമസ്‌കരിക്കാറുണ്ടായിരുന്നു'' പള്ളി കമ്മിറ്റി അംഗം മൗലാനാ അബ്ദുല്‍ മുസ്തഫ ദി വയറിനോട് പറഞ്ഞു.
മാര്‍ച്ച് മാസം നടത്തിയ കൂട്ട അറസ്റ്റുകളാണ് മുസ് ലിംകളെ ഭീതിപ്പെടുത്തിയത്. പള്ളി പൊളിച്ചുമാറ്റിയ ദിവസം പ്രതിഷേധിക്കാന്‍ ഒരു മുസ് ലിമും ധൈര്യപ്പെട്ടില്ലെന്ന് മൗലാന മുസ്തഫ ദി വയറിനോട് പറഞ്ഞു. ''പോലിസിനെ ഭയന്ന് പള്ളി പൊളിച്ചുമാറ്റുന്നതിനിടയില്‍ അതിന്റെ അടുത്ത് പോവാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല,'' അദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം ഡസന്‍ കണക്കിന് മുസ്ലിംകള്‍ വീട് വിട്ട് മറ്റ് പ്രദേശങ്ങളില്‍ കഴിയുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പള്ളിയുടെ അവശിഷ്ടങ്ങള്‍ പുഴയിലേക്കെറിഞ്ഞു
അനൗദ്യോഗിക നിര്‍മാണം എന്നാരോപിച്ച് മാര്‍ച്ച് 15ന് പള്ളി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അനധികൃത ആരാധാനാലയങ്ങള്‍ നിര്‍മിച്ച് ഗതാഗത തടസ്സമുണ്ടാക്കിയാല്‍ പൊളിച്ചുമാറ്റാമെന്ന് കോടതി വിധിയെ ഉദ്ധരിച്ച് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011 ജനുവരി ഒന്നിന് മുമ്പ് പൊതു റോഡിലും (ഹൈവേകളിലും) തെരുവുകളിലും പാതയോരങ്ങളിലും ഏതെങ്കിലും മതവിഭാഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍, ഗുണഭോക്താക്കള്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഭൂമിയിലേക്ക് മാറ്റാനായി ഒരു പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതോടെ പള്ളി തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു മനസ്സിലാക്കി മുസ് ലിംകള്‍ അധികൃതരെ സമീപിച്ചു.
1959 മുതലുള്ള വൈദ്യുതി ബില്‍ ഉള്‍പ്പെടെ വിശദമായ മറുപടിയാണ് നല്‍കിയത്. ബാരാബങ്കി ഗരീബ് നവാസ് അല്‍ മഅ്‌റൂഫ് പള്ളി ഗതാഗതത്തിന് തടസ്സമല്ലെന്നും വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 18ന്, നോട്ടീസ് അയച്ച് മൂന്ന് ദിവസത്തിന് ശേഷം, പള്ളി പൊളിച്ചുമാറ്റുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച ഹൈക്കോടതി പ്രാദേശിക ഭരണകൂടം വിവരശേഖരണം മാത്രമാണ് നടത്തുന്നതെന്നും പൊളിച്ചുമാറ്റാനല്ലെന്നും റിട്ട് ഹരജിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്നും അസന്ദിഗ്ധമായി ഉത്തരവിട്ടു. പക്ഷേ, കോടതിയെ പോലും വെല്ലുവിളിച്ചാണ് ഭരണകൂടം തങ്ങളുടെ അജണ്ട നടപ്പാക്കാനിറങ്ങിയത്. പള്ളിയുടെ അവശിഷ്ടങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുക മാത്രമല്ല, പള്ളിയുടെ പരിസരത്തേക്ക് ആളുകള്‍ വരുന്നത് തയയാന്‍ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു.
മാര്‍ച്ച് 19ന് പള്ളിക്കുള്ളില്‍ വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ത്ഥന നടത്താന്‍ മുസ് ലിംകളെ അനുവദിച്ചിരുന്നില്ല. ഇത് സംഘര്‍ഷത്തിനും പ്രതിഷേധത്തിനും കാരണമായി. പ്രതിഷേധത്തിന്റെ പേരില്‍ 35 മുസ് ലിംകളെ അറസ്റ്റ് ചെയ്യുകയും ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിനു പുല്ലുവില
കൊവിഡ് മഹാമാരി വ്യാപിക്കുന്നതിനാല്‍ മെയ് 31 വരെ സംസ്ഥാനത്തെ കെട്ടിടങ്ങള്‍ കുടിയൊഴിപ്പിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഏപ്രില്‍ 24ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പൂര്‍ണമായും ലംഘിച്ചാണ് ബാരാബങ്കി മസ്ജിദ് തകര്‍ത്തത്. 2021 മെയ് 31 വരെ ഹൈക്കോടതിയോ ജില്ലാ കോടതിയോ സിവില്‍ കോടതികളോെ പാസാക്കിയ കുടിയൊഴിപ്പിക്കലും പൊളിച്ചുമാറ്റലും നടപ്പാക്കരുതെന്ന് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിരുന്നു.
ബാബരി പോലെ വീണ്ടും നിയമവിരുദ്ധ കടന്നാക്രമണം
ബാരാബങ്കി മസ്ജിദ് തകര്‍ത്തതിനെ നിയമവിരുദ്ധമെന്നാണ് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ്‌മദ് ഫാറൂഖി വിശേഷിപ്പിച്ചത്. 1992 ല്‍ സംഘപരിവാര ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്തത് പോലെ സംസ്ഥാനത്തെ മുസ് ലിം സമൂഹത്തെ കൂടുതല്‍ അകറ്റുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് അന്യായമായി കൈയേറി തകര്‍ത്ത കേസില്‍ 2019 ല്‍ സുപ്രിംകോടതി രാമക്ഷേത്രം നിര്‍മിക്കാന്‍ ഉത്തരവിട്ടിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ അതിരുകടന്ന ലംഘനമാണെന്നു വിലയിരുത്തിയ ശേഷമാണ് സുപ്രിം കോടതിയുടെ അന്യായ വിധി.
പച്ചക്കള്ളം ആവര്‍ത്തിച്ച് ജില്ലാ ഭരണകൂടവും പോലിസും
ബാരാബങ്കി മസ്ജിദ് തകര്‍ത്തതിനെതിരേ പ്രതിഷേധമുയരുമ്പോഴും പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ് ജില്ലാ ഭരണകൂടം. പള്ളി പൊളിച്ചുമാറ്റിയിട്ടില്ലെന്നും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിച്ചതെന്നുമാണ് ജില്ലാ മജിസ്ട്രേറ്റ് ആദര്‍ശ് സിങിന്റെ ന്യായീകരണം. നിയമവിരുദ്ധമായി നിര്‍മിച്ചവയാണ് പൊളിച്ചുമാറ്റിയത്. ഒരു പള്ളിയും പൊളിച്ചിട്ടില്ല. അത്തരം വാദങ്ങള്‍ ശരിയല്ല. റോഡില്‍ അതിക്രമിച്ചു കടക്കുന്ന കെട്ടിടയാണതെന്നും ജില്ലാ മജിസ്ട്രേറ്റ് ആദര്‍ശ് സിങ് 'ദി വയര്‍' ഓണ്‍ലൈനോട് പറഞ്ഞു. ഭരണകൂടഭാഷ്യം ആവര്‍ത്തിക്കുകയാണ് പോലിസും ചെയ്യുന്നത്. എസ്ഡിഎമ്മിന്റെ വസതിക്കടുത്തുള്ള ജില്ലാ തഹസില്‍ കോംപൗണ്ടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച പാര്‍പ്പിടങ്ങളും കെട്ടിടങ്ങളുമാണ് പൊളിച്ചുമാറ്റിയതെന്നു ബാരാബങ്കി പോലിസ് സൂപ്രണ്ട് യമുനാ പ്രസാദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് 15ന് നല്‍കിയ നോട്ടീസില്‍ പള്ളിയുടെ സാന്നിധ്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് മിണ്ടിയില്ല.
''മാര്‍ച്ച് 15ന് ഒരു നോട്ടീസ് നല്‍കി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അവസരം നല്‍കി. അറിയിപ്പ് ലഭിച്ചതോടെ അകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തഹസില്‍ കോംപൗണ്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മാര്‍ച്ച് 18ന് അധികൃതര്‍ കെട്ടിടം ഏറ്റെടുത്തു. ഏപ്രില്‍ 2ന് അലഹബാദ് ഹൈക്കോടതിയില്‍ ഒരു റിട്ട് നല്‍കിയ ശേഷം ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ എസ്ഡിഎം മുമ്പാകെ കേസ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മെയ് 17ന് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ഞങ്ങള്‍ നടപടിയെടുത്തു''-യമുനാ പ്രസാദ് പറഞ്ഞു.
ഭീതിയൊഴിയാതെ കുടുംബങ്ങള്‍ കൂട്ടപ്പലായനത്തില്‍
ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക് പോലിസും കൂട്ടുനിന്നതോടെ പ്രദേശത്തു നിന്ന് മുസ് ലിം കുടുംബങ്ങള്‍ കൂട്ടപ്പലായനത്തിനൊരുങ്ങുന്നു. നിരവധി പേര്‍ വീട് വിട്ടിറങ്ങിയെന്നും അവശേഷിക്കുന്നവരാവട്ടെ ഭീതിയുടെ മുള്‍മുനയിലാണെന്നും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ മുസ് ലിം യുവാവ് പറഞ്ഞു. ''ആളുകള്‍ ഭയപ്പെട്ടു. കൂടുതല്‍ പേരെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ക്ക് ഭയമാണ്. അതിനാല്‍ കഴിയുന്നതും വേഗം സ്ഥലം വിട്ടെന്നും ബാരാബങ്കിയിലെ മറ്റൊരു താമസക്കാരനായ സയ്യിദ് ഫാറൂഖ് അഹ്‌മദ് പറഞ്ഞു. നേരത്തേ ചുമത്തിയ കേസില്‍ നിരവധി പേര്‍ക്ക് കോടതി ഉടന്‍ ജാമ്യം അനുവദിച്ചത് തന്നെ കേസിന് യാതൊരു അടിസ്ഥാനവുമില്ലാത്തതിനാലാണെന്ന് വ്യക്തമാണ്. ആളുകളെ ഭയപ്പെടുത്താനാണ് പോലിസ് ഈ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ പള്ളി പൊളിക്കുന്നതിനെതിരേ സംസാരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നില്ല. ഒന്നിലേറെ കേസുകളില്‍ കുറ്റാരോപണങ്ങളൊന്നും തെളിയിക്കാനായില്ല. ആദ്യ വാദം കേട്ടപ്പോള്‍ തന്നെ കോടതി ജാമ്യം അനുവദിച്ചെന്നും അഹ്‌മദ് പറഞ്ഞു.
മാര്‍ച്ച് 20ന് രജിസ്റ്റര്‍ ചെയ്ത ഏഴ് എഫ്ഐആറുകളില്‍ ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിലെ കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായ ഒത്തുചേരല്‍, കൊലപാതകശ്രമം, ഒരു പൊതുസേവകനെ ഉപദ്രവിക്കല്‍, 1932 ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമത്തിലെ സെക്ഷന്‍ 7 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേസമയം, ജില്ലാ ഭരണകൂടം പള്ളി തകര്‍ത്തതിനെതിരേ പ്രതിഷേധവും ശക്തമാവുന്നുണ്ട്.
Before Demolition of Barabanki Mosque, Wave of Arrests Spread Fear, Scuttled Protests