ബാരാബങ്കി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖര്‍
കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ കോടതി നടപടികളെ അവഹേളിക്കുകയും ഹൈക്കോടതിയുടെ അധികാരത്തോടുള്ള തുറന്ന വെല്ലുവിളി നടത്തുകയുമാണ് ചെയ്തത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ തകര്‍ത്ത ബാരാബങ്കി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നും മസ്ജിദ് തകര്‍ത്ത കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മത, രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും സംയുക്ത പ്രസ്തവാന ഇറക്കി. ഉത്തര്‍പ്രദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം ആരാധനാലയം അനധികൃതമായി പൊളിച്ചുമാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് മസ്ജിദ് തകര്‍ക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയ ഡിവിഷണല്‍ മജിസ്ട്രേറ്റ് രാംസനേഹി ഘട്ടിനെതിരേ നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മെയ് 31 വരെ തല്‍സ്ഥിതി തുടരണമെന്ന ഹൈക്കോടതി ഉത്തരവ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ലംഘിച്ചു. കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ കോടതി നടപടികളെ അവഹേളിക്കുകയും ഹൈക്കോടതിയുടെ അധികാരത്തോടുള്ള തുറന്ന വെല്ലുവിളി നടത്തുകയുമാണ് ചെയ്തത്. തകര്‍ക്കപ്പെട്ട അതേ ഇടത്തു തന്നെ മസ്ജിദ് പുനര്‍നിര്‍മിക്കണം.
ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ രാംസനേഹി ഘട്ട് തഹസിലിലെ ബാനി കട ഗ്രാമത്തിലാണ് ഗരീബ് നവാസ് മസ്ജിദ് എന്ന് പ്രാദേശിക ജനത വിളിക്കുന്ന ബാരാബങ്കി മസ്ജിദ്. മാര്‍ച്ച് 18 ന് ജില്ലാ ഭരണകൂടം മസ്ജിദ് അനധികൃതമായി കൈയേറി. ഇതോടെ മസ്ജിദിന് ചുറ്റുമുള്ള ആളുകള്‍ പലായനം ചെയ്തു. പോലീസിന്റെ സഹായത്തോടെ. മസ്ജിദ് പൊളിച്ചുമാറ്റി. മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള ഒരു നദിയിലേക്ക് തള്ളുകയും ചെയ്തു.
പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ സാമുദായിക വിദ്വേഷവും ധ്രുവീകരണവും സൃഷ്ടിക്കുന്നതിനു വേണ്ടി കോടതി നിര്‍ദേശം ലംഘിച്ചു കൊണ്ടാണ് പള്ളി തകര്‍ത്തത്. മസ്ജിദ് പുനര്‍നിര്‍മ്മിക്കുന്നതിലൂടെയും കുറ്റവാളികളെ ശിക്ഷിക്കുന്നതിലൂടെയും മാത്രമേ നീതിയുടെ പുനസ്ഥാപനം സാധ്യമാകൂ. അതിനാല്‍ തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും തകര്‍ന്ന മസ്ജിദ് അതേ സ്ഥലത്ത് തന്നെ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. ഡല്‍ഹി ഷാഹി ഇമാം ഡോ. മുഫ്തി മുഖറം, എഐഎംപിഎല്‍ബി സെക്രട്ടറി ജനറല്‍ ഖാലിദ് സൈഫുല്ല റഹ്മാനി, ജസ്റ്റിസ് ബി ജി ഖോസ്ലെ പാട്ടീല്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പി ആര്‍ ഡയറക്ടര്‍ മുജ്തബ ഫാറൂഖ്, പോപുലര്‍ ഫ്രണ്ട് ദേശീയ ജനറള്‍ സെക്രട്ടറി അനീസ് അഹമ്മദ്, സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡറക്ടര്‍ രവി നായര്‍ തുടങ്ങി 37 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.