ബാരാബങ്കി: പള്ളി പൊളിച്ചതിനു പുറമെ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കേസെടുത്ത് യുപി പോലിസ്
ലഖ്‌നൗ: ബാരാബങ്കിയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗരീബ് നവാസ് മസ്ജിദ് തകര്‍ത്തതിനു പുറമെ പള്ളി കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കേസെടുത്ത് യുപി പോലിസ് വേട്ട തുടരുന്നു. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി വ്യാജരേഖകളുണ്ടാക്കിയെന്നും കമ്മിറ്റി രൂപീകരിച്ചെന്നും ആരോപിച്ചാണ് ബാരാബങ്കി രാംസനേഹി ഘട്ട് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
പള്ളി കമ്മിറ്റിം അംഗമായ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേയാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അനധികൃത നിര്‍മാണം എന്നു പറഞ്ഞ് ഈ ആഴ്ച ആദ്യമാണ് ബാരാബങ്കി ഗരീബ് നവാസ് ജില്ലാ ഭരണകൂടം തകര്‍ത്തത്. പള്ളിയാണെന്ന് തെളിയിക്കാന്‍ 2019 ല്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് പള്ളി കമ്മിറ്റി പ്രസിഡന്റ് മുഷ്താഖ് അലി, വൈസ് പ്രസിഡന്റ് വഖീല്‍ അഹ്‌മദ്, സെക്രട്ടറി മുഹമ്മദ് അനീഷ്, അംഗങ്ങളായ ദസ്തഗീര്‍, അഫ്‌സാല്‍, മുഹമ്മദ് നസീം, യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് താഹ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരേ ഐപിസി സെക്രഷന്‍ 419 (വ്യക്തിപരമായ വഞ്ചന), 420(വഞ്ചന), 467, 471 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് വ്യാഴാഴ്ച രാത്രി രാംസനേഹി ഘട്ട് പോലിസ് സ്റ്റേഷനില്‍ ചുമത്തിയിട്ടുള്ളത്. അനധികൃത നിര്‍മാണമെന്നു പറഞ്ഞ് ബാരബങ്കി രാംസനേഹി ഘട്ട് തഹ്സിലിലെ ബാനി കദ ഗ്രാമത്തിലെ ഗരീബ് നവാസ് മസ്ജിദ് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്.
സംഭവത്തില്‍ പിറ്റേന്ന് തന്നെ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധവും അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ ലംഘനവുമാണെന്നായിരുന്നു പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ സോനു കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ കേസെടുത്ത കാര്യം രാംസനേഹി ഘട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) സച്ചിദാനന്ദ് റായ് സ്ഥിരീകരിച്ചു.
''എഫ് ഐആറില്‍ പേരുള്ളവര്‍ കമ്മിറ്റി രൂപീകരിച്ചുവെന്നും കൃത്രിമമായി ജനുവരി 5 ന് വഖ്ഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തതായുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ അന്വേഷണം നടത്തിയതായും പറയുന്നുണ്ട്. ഇത് ഗൂഢാലോചനയിലൂടെയാണ് നടത്തിയത്. എഫ് ഐആറില്‍ പേരുള്ളവരില്‍ യുപി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് താഹയും ഉള്‍പ്പെടുന്നു''-സച്ചിദാനന്ദ് റായ് 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു.
Barabanki mosque demolition: Cops say 8 committee members booked for fraud and cheating