പെഗസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ച് ബംഗാള്‍ സര്‍ക്കാര്‍: മമതയില്‍ നിന്ന് പിണറായി പഠിക്കേണ്ട പാഠങ്ങള്‍
പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ ഏറ്റവും ശക്തമായി പ്രതികരിക്കുന്നവരില്‍ മുന്നിലാണ് ഇടത്പക്ഷം, പ്രത്യേകിച്ച് സിപിഎം. തങ്ങളുടെ കൈവശമുള്ള എല്ലാ സംഘടനകളും പ്രസിദ്ധീകരണങ്ങളും അതിന്റെ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നതില്‍ അവര്‍ മുന്നിലാണ്. ജനാധിപത്യം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാത്തവരുണ്ടെങ്കില്‍ അത് പഠിപ്പിക്കാന്‍ പിണറായിയും സിപിഎം നേതൃത്വവും തയ്യാറുമാണ്.പക്ഷേ, കൈവശമുള്ള അധികാരം ഫാഷിസത്തിനെതിരേ ഉപയോഗിക്കാനാണെങ്കിലോ- അതല്‍പ്പം ആലോചിക്കേണ്ടിവരും.
ദീര്‍ഘകാലം ബിജെപിയുമായി കൂട്ടുമുന്നണിയുണ്ടാക്കി അധികാരം നുണഞ്ഞ മമത പക്ഷേ, ഇക്കാര്യത്തില്‍ പിണറായിയുടെയോ പിണറായിയുടെ വിപ്ലവപാര്‍ട്ടിയുടെയോ പോലെയല്ല. കൈവശമുളള അധികാരം ഉപയോഗിക്കുന്നതില്‍ എന്നും മുന്നിലാണ്.
എന്‍ കെ ശേഷന്‍ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേല്‍ക്കുന്നതുവരെ കമ്മീഷന്റെ അധികാരപരിധിയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. തനിക്ക് സ്വന്തമായ ഒരു മുറിപോലുമില്ലായിരുന്നുവെന്ന തമാശയും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ അദ്ദേഹം അധികാരം ഉപയോഗിച്ചതിനെക്കുറിച്ച് നമുക്ക് എതിരഭിപ്രായമുണ്ടാവാമെങ്കിലും അദ്ദേഹത്തിന് മുമ്പുണ്ടായിരുന്നവര്‍ എന്തുകൊണ്ട് ആ അധികാരങ്ങള്‍ ഉപയോഗിച്ചില്ല എന്നത് സുപ്രധാനമായ ചോദ്യമാണ്. ഭരണാധികാരികളുമായി ചേര്‍ന്നുനില്‍ക്കുന്ന ഭരണഘടനാസ്ഥാപനങ്ങളുടെ സ്വഭാവത്തിലേക്കാണ് ഇത് വെളിച്ചംവീശുന്നത്.
പെഗസസ് കേസില്‍ മമതയുടെ നീക്കവും ഇതിന് സമാനമാണ്. പെഗസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാന്‍ അവര്‍ ഒരു കമ്മീഷനെ നിയമിച്ചുകഴിഞ്ഞു.
മുന്‍ സുപ്രിംകോടതി ജഡ്ജി മദന്‍ ബി ലൊക്കൂര്‍, മുന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. വ്യക്തികളുടെയും ആക്റ്റിവിസ്റ്റുകളുടെയും ജഡ്ജിമാരുടെയും പോലിസുകാരുടെയും രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും ഫോണുകള്‍ ചോര്‍ത്തിയ ഇസ്രായേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പിന്റെ നടപടികളാണ് ഇവര്‍ പരിശോധിക്കുക.
ഫോണ്‍ ചോര്‍ത്തലും അതുവഴി ശേഖരിച്ച ഡാറ്റയും ആരാണ് ഉപയോഗിച്ചതെന്നും അതില്‍ സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ ഇതര വിഭാഗങ്ങളുടെയും പങ്കും കമ്മീഷന്‍ അന്വേഷിക്കും.
17 മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിനു ശേഷം പുറത്തുവിട്ട വിവരങ്ങളുപയോഗിച്ചാണ് അന്വേഷണം നടത്തുക.
കമ്മീഷന്‍ ഓഫ് എന്‍ക്വയറി, 1952 അനുസരിച്ച് രൂപീകരിച്ച കമ്മീഷന് രാജ്യത്തെ ഏത് പ്രദേശത്തുനിന്നും ആരെയും ഏത് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വ്യക്തികളെ വിളിച്ചുവരുത്താനോ റിപോര്‍ട്ട് തേടാനോ അധികാരമുണ്ട്.
ഇത്തരമൊരു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കാത്ത സാഹചര്യത്തില്‍ മമത നടത്തിയ നീക്കം സുപ്രധാനമാണ്. കേന്ദ്രം കമ്മീഷനെ നിയമിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് കമ്മീഷനെ ഇതേ വിഷയത്തില്‍ നിയമിക്കാനാവുമായിരുന്നില്ല. എന്നാല്‍ കേന്ദ്രത്തെ കടത്തിവെട്ടി മമത നടത്തിയ നീക്കം തുടര്‍ അന്വേഷണം നടത്താന്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കുക മാത്രമല്ല, മറ്റൊരു അന്വേഷണം നടത്താന്‍ സംസ്ഥാനത്തിനുള്ള സാധ്യതയും ഒരുക്കുകയാണ്.
കമ്മീഷന്‍ നല്‍കുന്ന റിപോര്‍ട്ട് നിയമസഭയില്‍ വെക്കണമെന്നില്ലെങ്കിലും മമത അത് ചെയ്യുമെന്നാണ് പ്രതീക്ഷ. കമ്മീഷന് നിയമപരമായി ആരെയും ശിക്ഷിക്കാന്‍ അവകാശമില്ലെങ്കിലും കോടതിയില്‍ ഇത് തെളിവായി സ്വീകരിക്കാം.
ബംഗാള്‍ നടത്തിയ നീക്കം കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ഉപയോഗപ്പെടുമെന്നതാണ് ഇതിന്റെ അവസാന ഗുണം. രാഷ്ട്രീയവാചകമടികളേക്കാള്‍ സുപ്രധാനമാണല്ലോ ഈ നീക്കം. എന്തുകൊണ്ടാണ് കേന്ദ്രവുമായി കൊമ്പുകോര്‍ക്കാന്‍ പിണറായി വിജയന്‍ തയ്യാറാകാത്തത്?
പിണറായി വിജയന് മുഖ്യമന്ത്രിയെന്ന നിലയില്‍ മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇഷ്ടമല്ലേ?