ബിജെപി-ജെഡിയു പോര് മുറുകുന്നു; ബീഹാറില്‍ ബിജെപിക്ക് 1 മന്ത്രിസ്ഥാനം നല്‍കി നിതീഷ്
ജെഡിയു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച നിതീഷ് കുമാര്‍ ബിജെപിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഒഴിച്ചിട്ടത്. എന്നാല്‍, ആര് മന്ത്രിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
ന്യൂഡല്‍ഹി: എന്‍ഡിഎയില്‍ ബിജെപി-ജെഡിയു പോര് മുറുകുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയുവിനെ അവഗണിച്ചതില്‍ ബീഹാറില്‍ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ജെഡിയു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച നിതീഷ് കുമാര്‍ ബിജെപിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഒഴിച്ചിട്ടത്. എന്നാല്‍, ആര് മന്ത്രിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
ബിജെപിയുടെ ബിഹാറില്‍ നിന്നുള്ള പ്രധാനഘടക കക്ഷിയാണ് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു. കേന്ദ്രത്തില്‍ മോദി മന്ത്രിസഭയില്‍ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ നിതീഷ് കുമാറും പാര്‍ട്ടിയും പ്രതിഷേധം അറിയിച്ചിരുന്നു. അതിനാലാണ് നിതീഷ് കുമാര്‍ ബിഹാറില്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണു വിലയിരുത്തല്‍.
പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ കാലത്ത് ജെഡിയു 3 മന്ത്രിസ്ഥാനമാണ് കേന്ദ്രമന്ത്രി സഭയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒന്ന് തരാം എന്നാണ് ബിജെപി സമ്മതിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ എത്ര സീറ്റുകളില്‍ സഖ്യകക്ഷികള്‍ ജയിച്ചുവെന്ന കണക്കു നോക്കാതെ ഒരോ സീറ്റ് വീതമാണ് എല്ലാവര്‍ക്കും നല്‍കിയത്. ഇതോടെ ജെഡിയു ഇടയുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാറില്‍ ഒരിക്കലും ചേരില്ലെന്ന നിലപാടുമായി ജനതാദള്‍ യുനൈറ്റഡ് വക്താവ് കെസി ത്യാഗി രംഗത്തെത്തി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെതുടര്‍ന്ന് മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ജെഡിയുവില്‍ നിന്നും അരും മന്ത്രിയായില്ല. ഞങ്ങള്‍ക്ക് ലഭിച്ചത് തീര്‍ത്തും അസ്വീകാര്യമായിരുന്നു. അതിനാല്‍ തന്നെ ജെഡിയു തുടര്‍ന്നും കേന്ദ്രത്തിലെ എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമാകില്ല, ഇത് അവസാന തീരുമാനമാണെന്ന് കെസി ത്യാഗി പ്രസ്താവിച്ചു. പ്രശ്‌നപരിഹാരത്തിനു മുന്നോട്ട് വച്ച നിര്‍ദേശം സ്വീകാര്യമല്ല. മന്ത്രിസഭയില്‍ ചേരേണ്ടെന്ന തീരുമാനം അന്തിമമാണെന്നും കെ സി ത്യാഗി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ മത്സരിച്ച 17 സീറ്റുകളില്‍ 16ലും ജെഡിയു വിജയിച്ചിരുന്നു. ബിജെപി അവര്‍ മത്സരിച്ച 17 സീറ്റിലും വിജയിച്ചു.
ബിജെപിക്കെതിരേ പ്രസ്താവനയുമായി നിതീഷ്‌കുമാറും രംഗത്തെത്തി. ബീഹാറില്‍ എന്‍ഡിഎ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തത്. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മിഥ്യാബോധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തവണ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം വിലപ്പോവില്ല. 543 അംഗ ലോക്‌സഭയില്‍ ബിജെപിക്ക് 303 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.