ബിജെപി-സിപിഎം ഡീല്‍: ആരോപണങ്ങളില്‍ ഉറച്ച് ബാലശങ്കര്‍; ബിജെപി നേതാക്കള്‍ മറുപടിപറഞ്ഞു വലയുന്നു
നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ റിപോര്‍ട്ട് തയ്യാറാക്കിയതിനാല്‍ തഴഞ്ഞെന്ന് ബിജെപി നേതാവ് എ കെ നസീര്‍
തിരുവനന്തപുരം: ബിജെപി-സിപിഎം ഡീല്‍ എന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഡോ. ആര്‍ ബാലശങ്കര്‍ ഇന്നും ആരോപണം ആവര്‍ത്തിച്ചു. സ്ഥാനാര്‍ഥി മോഹം മാത്രമായിരുന്നെങ്കില്‍ നേരത്തെ ആവാമായിരുന്നു. താന്‍ സ്ഥാനാര്‍ഥി ആവുമെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ബാലശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോ. ബാലശങ്കര്‍ തിരഞ്ഞെടുപ്പ് വേളയില്‍ തുറന്ന് വിട്ട വിവാദത്തില്‍ മറുപടിപറഞ്ഞ് വലയുകയാണ് ബിജെപി. ആരോപണം പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെ ബിജെപി മുരളീധര പക്ഷം പ്രതിരോധത്തിലായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിരവധി തവണ ഈ ആരോപണം ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപ്പോഴൊക്കൊ പലരും കോണ്‍ഗ്രസിനെ പരിഹസിക്കുകയായിരുന്നു. ബിജെപി-സിപിഎം ധാരണ ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണം നടത്തുന്നവരാണ് ആര്‍എസ്എസുകാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസും ബിജെപിയും ഒരേ വള്ളത്തില്‍ തുഴയുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി-സിപിഎം ധാരണയുടെ ആവശ്യമല്ലെന്നും സീറ്റു നല്‍കാമെന്ന് പറഞ്ഞവരോട് ചോദിക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അതിനിടെ, ആര്‍ക്കും സീറ്റ് വാഗദാനം ചെയ്തിട്ടില്ലെന്ന് ആര്‍എസ്എസ് നേതാവ് പ്രാന്തകാര്യവാഹ് ഗോപാലന്‍ കുട്ടിയും വ്യക്തമാക്കി. ബാലശങ്കറിന് സീറ്റ് കിട്ടാത്തതിലുള്ള വൈകാരിക പ്രകടനമാണെന്ന് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു. മാനന്തവാടിയിലെ ബിജെപി സ്ഥാനാര്‍ഥി മണികണ്ഠന്റെ പിന്മാറ്റം, ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം എന്നീ പ്രശ്‌നങ്ങളില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. ബാലശങ്കറിന്റെ ആരോപണം കൂടി പുറത്ത് വന്നതോടെ, കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പു പോരാണെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇതു സംബന്ധിച്ച്് വിലയിരുത്തലുണ്ടാവുമെന്നും അറിയുന്നു.
അതിനിടെ, ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കിയതിനാലാണ് തന്നെ ക്രൂശിക്കുന്നതെന്ന് ബിജെപി മധ്യമേഖല നേതാവ് എ കെ നസീര്‍. തനിക്കൊപ്പം അന്ന് റിപോര്‍ട്ട് തയ്യാറാക്കിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കെപി ശ്രീശനും ക്രൂശിക്കപ്പെട്ടു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ശേഷം പ്രവര്‍ത്തിക്കുന്നവരുടെ പാര്‍ട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വര്‍ക്കലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കോളജ് ഉടമയില്‍ നിന്ന് 5.6 കോടി രൂപ കോഴ വാങ്ങിയിരുന്നു. ബിജെപി കോഓപറേറ്റീവ് സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദാണ് പണം കൈപ്പറ്റിയത്. ഈ പണം ഹവാല ഇടപാടിലൂടെ ഡല്‍ഹിയിലെ സന്തോഷ് കുമാര്‍ എന്നൊരാള്‍ക്ക് കൈമാറിയിരുന്നു. ഈ സംഭവത്തില്‍ ആര്‍എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കുമാറിനെതിരേയും നടപടിയുണ്ടായി. ഈ അന്വേഷണ റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് സംസ്ഥാന സെക്രട്ടറിയായിരുന്ന വിവി രാജേഷിനെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരേയും ആരോപണമുയര്‍ന്നിരുന്നു. ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയതായും അന്നത്തെ വര്‍ക്കല മെഡിക്കല്‍ കോളജ് ഉടമ ആരോപണമുന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച്് അന്വേഷിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത് ബിജെപി നേതാക്കാളായ എ കെ നസീറും കെപി ശ്രീശനുമായിരുന്നു.
പാര്‍ട്ടിയില്‍ മുരളീധരപക്ഷത്തിന് മേല്‍ക്കൈ ലഭിച്ചതോടെ, ഇപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുന്ന വിവി രാജേഷിനെയും യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കുമാറിനേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു.