കഠ്‌വ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യയെ സുപ്രധാന തസ്തികയില്‍ നിയമിച്ച് ഹരിയാന ബിജെപി സര്‍ക്കാര്‍
പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് ജഡ്ജി തേജീന്ദര്‍ സിങിന്റെ ഭാര്യയാണ് ഭണ്ഡാരി. ഏറെ വിവാദമായ കത്തുവ ബലാല്‍സംഗക്കേസില്‍ ജസ്റ്റിസ് തേജീന്ദര്‍ സിങാണ് വാദം കേള്‍ക്കുന്നത്. ബക്കര്‍വാല സമുദായത്തില്‍നിന്നുള്ള എട്ടുവയസ്സുകാരിയായ മുസ്‌ലിം ബാലികയെ ക്ഷേത്രാങ്കണത്തില്‍ ബന്ദിയാക്കി വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്നു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യ കമല്‍ദീപ് ഭണ്ഡാരിയെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ സുപ്രധാന തസ്തികയില്‍ നിയമിച്ചതായി ദ പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു ഈ നടപടി.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അധ്യക്ഷനും ഗതാതഗത മന്ത്രി കൃഷ്ണന്‍ ലാല്‍ പന്‍വാര്‍, സഹകരണ വകുപ്പ് സഹമന്ത്രി മനീഷ് ഗ്രോവര്‍, ചീഫ് സെക്രട്ടറി ഡി എസ് ദേശി അംഗങ്ങളുമായ സമിതിയാണ് കമല്‍ദീപ് ഭണ്ഡാരിയെ പുതിയ വാര്‍ത്താവിതരണ കമ്മീഷണറായും ലഫ്റ്റനന്റ് ജനറല്‍ കമാല്‍ ജിത്ത്് സിങ് (റിട്ട) ജിഒസി ഇന്‍ സി വെസ്‌റ്റേണ്‍ കമാന്‍ഡ്്, ജയ് സിങ് ബിഷ്‌നോയ് എന്നിവരെ അംഗങ്ങളായും നിയമിച്ചത്.
വിരമിച്ചതയും സര്‍വീസിലുള്ളതുമായ ഐഎഎസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള 229 അപേക്ഷകരില്‍നിന്നാണ് മൂവരെയും അഞ്ചു വര്‍ഷ കാലയളവിലേക്കായി നിയമിച്ചത്. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് ജഡ്ജി തേജീന്ദര്‍ സിങിന്റെ ഭാര്യയാണ് ഭണ്ഡാരി. ഏറെ വിവാദമായ കത്തുവ ബലാല്‍സംഗക്കേസില്‍ ജസ്റ്റിസ് തേജീന്ദര്‍ സിങാണ് വാദം കേള്‍ക്കുന്നത്. ബക്കര്‍വാല സമുദായത്തില്‍നിന്നുള്ള എട്ടുവയസ്സുകാരിയായ മുസ്‌ലിം ബാലികയെ ക്ഷേത്രാങ്കണത്തില്‍ ബന്ദിയാക്കി വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്നു കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
കാണാതായി ദിവസങ്ങള്‍ക്കു ശേഷം കഠ്‌വ ജില്ലയിലെ റസാന വന പ്രദേശത്ത് നിന്നാണ് ബാലികയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവം രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നു. നിയമനത്തിനെതിരേ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.