വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ബിജെപി ശ്രമിക്കുന്നു: അരവിന്ദ് കെജ്‌രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് മുഖ്യമന്ത്രിയായി നിര്‍ത്താന്‍ ആളില്ലെന്നും ശരിയായ സ്ഥാനാര്‍ത്ഥികളില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ കൃത്രിമത്വത്തിലൂടെ വിജയിക്കുക മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ''ഒരു നിയോജക മണ്ഡലത്തില്‍ മാത്രം 11,000 വോട്ടര്‍മാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം ബിജെപി നടത്തി. ഞങ്ങള്‍ ഇത് തുറന്നുകാട്ടി. പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടലിനെത്തുടര്‍ന്ന് നീക്കം നിര്‍ത്തുകയായിരുന്നു' കെജ്‌രിവാൾ പറഞ്ഞു.
ഓഗസ്റ്റ് 20 നും ഒക്ടോബര്‍ 20 നും ഇടയില്‍ നടത്തിയ സംഗ്രഹ പുനരവലോകനത്തിനുശേഷം ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 106,873 ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.