രാമക്ഷേത്രവും ഏകസിവില്‍ കോഡും വാഗ്ദാനം ചെയ്ത് ബിജെപി പ്രകടന പത്രിക
പതിവ് പോലെ രാമക്ഷേത്ര നിര്‍മാണം ഇക്കുറിയും പ്രകടനപത്രികയില്‍ പ്രധാന ഇനമാണ്. 'സങ്കല്‍പ് പത്ര്'(തീരുമാന രേഖ) എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ഏകസിവില്‍കോഡ് ഉള്‍പ്പെടെ ന്യൂനപക്ഷ വിരുദ്ധവും ഹിന്ദുത്വ അജണ്ടകളില്‍ ഊന്നുന്നതുമായ നിരവധി വാഗ്ദാനങ്ങളുണ്ട്.
ദില്ലി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. പതിവ് പോലെ രാമക്ഷേത്ര നിര്‍മാണം ഇക്കുറിയും പ്രകടനപത്രികയില്‍ പ്രധാന ഇനമാണ്. 'സങ്കല്‍പ് പത്ര്'(തീരുമാന രേഖ) എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ഏകസിവില്‍കോഡ് ഉള്‍പ്പെടെ ന്യൂനപക്ഷ വിരുദ്ധവും ഹിന്ദുത്വ അജണ്ടകളില്‍ ഊന്നുന്നതുമായ നിരവധി വാഗ്ദാനങ്ങളുണ്ട്. 'സങ്കല്‍പിത് ഭാരത് സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും സംബന്ധിച്ച് വിശദ വിവരങ്ങള്‍ സുപ്രിംകോടതിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
''2014ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രതീക്ഷകള്‍ കാത്തു. വികസനത്തിന്റെ പേരിലാകും കഴിഞ്ഞ അഞ്ച് വര്‍ഷം രേഖപ്പെടുത്തപ്പെടുകയെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ ്അവകാശപ്പെട്ടു. ആറ് കോടി ആളുകളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍(ഒരു തവണ കൂടി മോദി സര്‍ക്കാര്‍) എന്ന വാഗ്ദാനവുമായാണ് ഇന്നലെ ബിജെപി പ്രചാരണ ഗാനമടക്കം പുറത്തിറക്കിയത്.
ബിജെപി പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങള്‍ ഇവയാണ്:
-2020ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ച് നല്‍കും
-അടുത്ത വര്‍ഷത്തോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
-ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും.
-കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.
-എല്ലാ ഭൂരേഖകളും ഡിജിറ്റൈസ് ചെയ്യും.
-പൗരത്വബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി നടപ്പാക്കും.
-60 വയസ്സിന് മുകളിലുള്ള എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും.
-ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധം
-ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും.
-സായുധ സേനയുടെ ശേഷി വര്‍ധിപ്പിക്കും.
-ദേശീയതയ്ക്ക് ഊന്നല്‍ നല്‍കും. ഭീകരത തുടച്ചു നീക്കും.
-ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍.
-ആഗോളതലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും.