ബ്ലാക് ഫംഗസ് പടരുന്നത് കൊവിഡിനെക്കാളും വേഗത്തില്‍; രോഗബാധിതരുടെ എണ്ണം 9000 കവിഞ്ഞു

2020 ജനുവരി 27ന് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം 2020 മാര്‍ച്ച് 9 വരെയുള്ള കാലത്ത് 44 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ രാജ്യത്ത് കൊവിഡ് രോഗികളിലെ ബ്ലാക് ഫംഗസ് ബാധ കണ്ടെത്തി ഒരു മാസത്തിനകം തന്നെ രോഗികളുടെ എണ്ണം 9000 കവിഞ്ഞു.

Update: 2021-05-22 10:08 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഭിതി പരത്തി ബ്ലാക് ഫംഗസ് പടരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9000 കവിഞ്ഞു. കൊവിഡിന്റെ ആദ്യഘട്ടത്തിലുണ്ടായ വ്യാപനത്തേക്കാള്‍ വേഗത്തിലാണ് ബ്ലാക് ഫംഗസിന്റെ വ്യാപനം. ബ്ലാക് ഫംഗസ് ബാധ മുന്‍പും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൊവിഡ് രോഗികളില്‍ ഇതിന്റെ വ്യാപനം വര്‍ധിക്കുന്നതാണ് ഭീതി ഉയര്‍ത്തുന്നത്. 2020 ജനുവരി 27ന് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം 2020 മാര്‍ച്ച് 9 വരെയുള്ള കാലത്ത് 44 കേസുകള്‍ മാത്രമാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ രാജ്യത്ത് കൊവിഡ് രോഗികളിലെ ബ്ലാക് ഫംഗസ് ബാധ കണ്ടെത്തി ഒരു മാസത്തിനകം തന്നെ രോഗികളുടെ എണ്ണം 9000 കവിഞ്ഞു. ബ്ലാക് ഫംഗസ് രോഗ വ്യാപനത്തിന്റെ തീവ്രതയാണ് ഇത് വ്യക്തമാക്കുന്നത്.

മുംബൈയിലെ തിരക്കേറിയ സിയോണ്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 24 ബ്ലാക് ഫംഗസ് അണുബാധകാളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്്. ഇത് ഓരോ ദിവസവും വര്‍ധിക്കുകയാണ്. സാധാരണ, വര്‍ഷത്തില്‍ ശരാശരി ആറ് കേസുകളാണ് ഇത്തരത്തില്‍ കാണപ്പെടാറുള്ളതെന്ന് ആശുപത്രിയുടെ ചെവി, മൂക്ക്, തൊണ്ട വിഭാഗം വിഭാഗം മേധാവി ഡോ. രേണുക ബ്രാഡു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രോഗികളില്‍ അധികവും കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഫംഗസ് ബാധിച്ചവരാണ്. അവരിലധികവും മധ്യവയസ്‌കരാണ്. വര്‍ഷത്തില്‍ ശരാശരി 6 കേസുകള്‍ എന്നതില്‍ നിന്നും ദിവസവും ഓരോ കേസുകള്‍ എന്ന തരത്തിലേക്ക് ബ്ലാക് ഫംഗസിന്റെ വ്യാപനം വര്‍ധിച്ചതായി അവര്‍ പറഞ്ഞു.

ബെംഗളുരുവിലെ നേത്ര ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. രഘുരാജ് ഹെഗ്ഡെ പറയുന്നത് വര്‍ഷത്തില്‍ ഒന്നോ, രണ്ടോ ബ്ലാക് ഫംഗസ് കേസുകളാണ് കാണപ്പെട്ടിരുന്നത് എന്നാണ്. ഇപ്പോള്‍ രണ്ട് ആഴ്ച്ചക്കുള്ളില്‍ 19 രോഗികളാണ് ബ്ലാക് ഫംഗസ് ബാധിച്ച് എത്തിയത്. രോഗം തീവ്രമാകുന്നവരുടെ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നാതാണ് പോംവഴി. അണുബാധ തലച്ചോറിലേക്ക് വ്യാപിക്കാതിരിക്കുന്നത് തടയാന്‍ ഇതാണ് ചെയ്യുന്നത്.

കൊവിഡിനൊപ്പം ബ്ലാക് ഫംഗസും രാജ്യത്ത് വന്‍ ഭീഷണി സൃഷ്ടിക്കുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്, ഇന്ത്യയില്‍ ഇതുവരെ മുന്നൂറോളം പേര്‍ ബ്ലാക് ഫംഗസ് ബാധിച്ച് മരണപ്പെട്ടു. ഇത് കൊവിഡിന്റെ ആദ്യ ഘട്ടത്തിലുണ്ടായ മരണ നിരക്കിനേക്കാള്‍ അധികമാണ്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് ബാധി റിപോര്‍ട്ട് ചെയ്തത്. 2281 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കണ്ണുകള്‍, മൂക്ക്, താടിയെല്ലുകള്‍, തലച്ചോര്‍ എന്നിവിടങ്ങളിലേക്ക് പടരുന്ന ബ്ലാക് ഫംഗസ് രോഗബാധയെ പകര്‍ച്ചവ്യാധിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക് ഫംഗസിനുള്ള മരുന്ന് നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News