ബിജെപി പട്ടികയെ ചൊല്ലി പൊട്ടിത്തെറി; മുതിര്‍ന്ന നേതാക്കള്‍ തുറന്ന പോരിന്
-പരസ്യ പ്രസ്താവനയുമായി എംഎം ജോഷി -സീറ്റ് നിഷേധിച്ചതില്‍ അദ്വാനിക്ക് അമര്‍ഷം -ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയും മര്യാദയില്ലാതെ സീറ്റ് നിഷേധിക്കുകയും ചെയ്തതിനെതിരേ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ബിജെപിക്കു അധികാരത്തിലെത്താന്‍ ഏറെ സഹായം ചെയ്ത ബാബരി മസ്ജിദ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ 1990കള്‍ക്ക് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമില്ലാതെ ഒരു സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കുന്നത്. ബിജെപി സ്ഥാപകനേതാവ് മുരളി മനോഹര്‍ ജോഷി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്കായി കുറിപ്പ് പുറത്തിറക്കി. മല്‍സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ജോഷിയുടെ പ്രസ്താവന പ്രചരിക്കുകയാണ്. എന്നാല്‍ കുറിപ്പില്‍ ഒപ്പില്ലെന്നതിനാല്‍ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ജോഷി ഇക്കാര്യം നിഷേധിക്കാനും തയ്യാറായിട്ടില്ല. ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് മല്‍സരിക്കേണ്ടെന്ന് ജോഷി പറഞ്ഞതായി ദേശീയ ചാനല്‍ റിപോര്‍ട്ട് ചെയ്തു.
2014ല്‍ വാരണാസിയിലെ സീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്ക മുരളീ മനോഹര്‍ ജോഷിക്ക് ഇപ്പോള്‍ കാന്‍പൂര്‍ സീറ്റ് കൂടി നിഷേധിച്ചതോടെയാണ് അതൃപ്തി പരസ്യമാക്കിയത്. 57 ശതമാനം വോട്ട് നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജോഷി ജയിച്ചത്. ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മോദിയുടെ വരവിനു ശേഷം തീര്‍ത്തും അവഗണിക്കപ്പെട്ട അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ മല്‍സരിക്കുന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ മല്‍സരിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ ഉന്നതനേതാവ് തന്നെ മല്‍സരിച്ചില്ലെങ്കില്‍ എതിരാളികള്‍ ആയുധമാക്കുമെന്നതിനാലാണ് ഗാന്ധിനഗര്‍ സീറ്റില്‍ അമിത് ഷാ മല്‍സരിക്കുന്നത്.
പാര്‍ട്ടിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളിലൊരാളായ അദ്വാനിയാണ് കഴിഞ്ഞ ആറു തവണയും ഗാന്ധിനഗറില്‍ നിന്നു പാര്‍ലിമെന്റിലെത്തിയത്. അഭിപ്രായം പോലും ചോദിക്കാതെ സീറ്റ് നിഷേധിക്കുകയും പകരം അമിത് ഷായുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തതോടെ, രാഷ്ട്രീയ സന്യാസമാണ് വിധിച്ചതെന്ന വികാരം ശക്തമാണ്. അതിനിടെ, കാലങ്ങളായി മോദിയെയും അമിത്ഷായെയും രൂക്ഷമായി വിമര്‍ശിച്ചുവരുന്ന ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കു പട്‌നാ സാഹിബ് സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസില്‍ ചേരാനുള്ള സാധ്യതയേറി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. ഇദ്ദേഹം അടുത്ത ആഴ്ച തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏതായാലും ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതും പരസ്യപോരുമായി രംഗത്തെത്തുന്നതും ആദ്യാമാണ്. സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലായിട്ടും അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ വിയോജിപ്പ് മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കു വിഘാതമാക്കുമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. അമിത്ഷായുടെ തന്ത്രങ്ങള്‍ക്കു പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും നിധിന്‍ ഗഡ്കരിയെ പോലുള്ളവര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ടെന്നാണു റിപോര്‍ട്ടുകള്‍.