1,540 സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നിയന്ത്രണത്തിലേക്ക്; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍, 58 മള്‍ട്ടി സ്‌റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്കുകള്‍ എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍ വരിക.

Update: 2020-06-24 12:30 GMT

ന്യൂഡല്‍ഹി: രാജ്യത്തെ 1,540 സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍, 58 മള്‍ട്ടി സ്‌റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്കുകള്‍ എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍ വരിക.

സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ കൃത്യമായ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ മേല്‍ ഏതു തരത്തിലുള്ള അധികാരമാണോ റിസര്‍വ് ബാങ്കുകള്‍ക്കുള്ളത് അതിനു സമാനമായ നിയന്ത്രണം ഇനി സഹകരണ ബാങ്കുകള്‍ക്കുമേലും ഉണ്ടാകും. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണബാങ്കുകളുടെ കിട്ടാക്കടം ഇനി ആര്‍ബിഐയ്ക്ക് പരിശോധിയ്ക്കുകയും നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്യാം.

അതേസമയം ഗ്രാമീണ മേഖലയിലെ സഹകരണ ബാങ്കുകളെയും കാര്‍ഷിക സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ആര്‍ബിഐയുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവന്നിട്ടില്ല. ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ആര്‍ബിഐയുടെ കര്‍ശനമായ വ്യവസ്ഥകള്‍ ഇനി ഉണ്ടാകും. 4.8 ലക്ഷം കോടി രൂപയില്‍ അധികമുള്ള നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിയ്ക്കും എന്നതാണ് പ്രധാന ആകര്‍ഷണം. 8.6 കോടിയില്‍ അധികം നിക്ഷേപകരാണ് സഹകരണ ബാങ്കുകളില്‍ ഉള്ളത്.


Tags:    

Similar News