'മുസ് ലിംകളെ കൊന്ന് തള്ളുക'; കേരളത്തില്‍ ഉള്‍പ്പടെ രാജ്യവ്യാപകമായി ഉയര്‍ന്ന് കേട്ടത് സമാനമായ വംശഹത്യാ ആക്രോശം

ധര്‍മ സംസദിന് തൊട്ട് മുമ്പും അതിന് ശേഷവും രാജ്യത്ത് അരങ്ങേറിയ സംഭവ വികാസങ്ങളും ഹിന്ദുത്വ ആക്രമണങ്ങളും വംശഹത്യാ ആഹ്വാനവും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

Update: 2022-01-22 07:05 GMT

-പി എച്ച് അഫ്‌സല്‍

ന്യൂഡല്‍ഹി: ധര്‍മ സംസദ് എന്ന പേരില്‍ ഹരിദ്വാറില്‍ 2021 ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന ഹിന്ദു സന്യാസിമാരുടെയും മറ്റുനേതാക്കളുടെയും മതസമ്മേളനത്തില്‍ മുസ് ലിംകളെ കൊന്നൊടുക്കണമെന്ന ആഹ്വാനം ഹിന്ദുത്വര്‍ ദേശീയ തലത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു.

ധര്‍മ സംസദിന് തൊട്ട് മുമ്പും അതിന് ശേഷവും രാജ്യത്ത് അരങ്ങേറിയ സംഭവ വികാസങ്ങളും ഹിന്ദുത്വ ആക്രമണങ്ങളും വംശഹത്യാ ആഹ്വാനവും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളം ഉള്‍പ്പടെ ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലും സംഘപരിവാരം പരസ്യമായി കൊലവിളി ഉയര്‍ത്തി. തലശ്ശേരിയിലും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തും ആലപ്പുഴയിലും ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് മുസ് ലിംകള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പരസ്യമായി പ്രകടനങ്ങള്‍ നടത്തി. മുസ് ലിംകളെ മൊത്തത്തില്‍ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള വിദ്വേഷ പ്രചാരമാണ് കേരളത്തിലും അരങ്ങേറിയത്.

2021 ഡിസംബര്‍ ഒന്നിനാണ് തലശ്ശേരിയില്‍ ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. 'അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

സമാനമായ വര്‍ഗീയ മുദ്രാവാക്യം മുഴക്കി ദിവസങ്ങള്‍ക്കകം കുന്നംകുളത്തും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കുന്നംകുളത്താണ് തലശേരിയിലേതിനു സമാനമായി വര്‍ഗീയ വിദ്വേഷ വംശീയ മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രകടനം നടത്തിയത്. ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് മുസ്‌ലിം വിരുദ്ധ കൊലവിളി മുദ്രാവാക്യമുയര്‍ന്നത്.

''നിസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍ തലകള്‍ പലതും കാണില്ല, കണ്ടോ കണ്ടോ വടി കണ്ടോ, കൊടികള്‍ കെട്ടിയ വടി കണ്ടോ, വടികള്‍ പലതും വടിവാളാകും...'' ഇങ്ങനെ പോവുന്നു മുസ് ലിംകള്‍ക്കെതിരായ കൊലവിളി മുദ്രാവാക്യങ്ങള്‍.


Full View

ആലപ്പുഴയില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി കൊലവിളി പ്രസംഗം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്.


ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എസ്ഡിപിഐ നേതാവിനെ വാഹനമിടിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ ആര്‍എസ്എസ് ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

സമാനമായ കൊലപാതകം കഴിഞ്ഞ ദിവസം കര്‍ണാടകയിലും അരങ്ങേറി. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സമീര്‍ എന്ന 19 വയസ്സുകാരന്റെ വധം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാര്‍-ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമായിരുന്നു അത്. മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി നടത്തി മണിക്കൂറുകള്‍ക്കകമാണ് പോലിസിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമീറിനെ വധിക്കുന്നത്.

ബംഗല്‍രു നഗരത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ മാറി ഗോവയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗഢക് ജില്ലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുസമുദായങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് പോലിസ് പറയുന്നു. മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നാര്‍ഗണ്ഡ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ പെട്ട് ഒരു യുവാവിന്റെ വിരല്‍ നഷ്ടമായി എന്നും റിപോര്‍ട്ടുകളുണ്ട്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന ഇരു സമുദായങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരന്തരം സംഘര്‍ഷമുണ്ടാവുന്നത് ഈ പ്രദേശത്ത് പതിവായിരുന്നു എന്ന് ഗഢക് ജില്ലാ പോലിസ് മേധാവി ശിവപ്രകാശ് ദേവരാജു പറഞ്ഞു.

ജനുവരി 17ാം തിയ്യതി തിങ്കളാഴ്ച രാവിലെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ തുടങ്ങുന്നത്. അന്നുരാവിലെ ആര്‍എസ്എസ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നാര്‍ഗണ്ഡ് പോലിസ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ചെത്തി പോലിസുകാരെ സാക്ഷിയാക്കി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സാമുദായിക സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ യോഗമെന്നാണ് പോലിസ് ഭാഷ്യം.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണമായിരുന്നു പൊതുസമ്മേളനത്തിന്റെ ഉള്ളടക്കം. ബജ്‌രംഗ്ദള്‍ നേതാവ് സഞ്ജു എന്നു വിളിക്കുന്ന സഞ്ജയ് നല്‍വാദിയാണ് മുഖ്യമായും സംസാരിച്ചത്. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാനുള്ള ഈ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് ഒപ്പം ചേരണമെന്നും കേസ് ഉണ്ടായാല്‍ ബജ്‌രംഗ്ദള്‍ സംരക്ഷിക്കുമെന്നും ഇയാള്‍ ആഹ്വാനം ചെയ്തു. പോലിസും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ഇയാള്‍ പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നല്‍വാദെ പ്രസംഗിക്കുന്നതിനു തൊട്ടുപിന്നില്‍ പോലിസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ, വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോയില്‍ ദൃശ്യമാണ്.

വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലിസ് പക്ഷേ, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതികളില്‍ നിന്ന് പിഴയൊടുക്കുകയാണ് ചെയ്തത്. പിഴയൊടുക്കിയ ഇവരെ വിട്ടയക്കുകയായിരുന്നു നാര്‍ഗണ്ഡ് പോലിസ്. അന്നേദിവസം വൈകീട്ട് 7.30ഓടെയാണ് കൊലപാതകം നടക്കുന്നത്. സ്‌റ്റേഷനില്‍ പിഴയടച്ച് ഇറങ്ങിപ്പോയതിന്റെ പിന്നാലെയാണ് പ്രതികള്‍ കൊല നടത്തിയതെന്ന് നാര്‍ഗണ്ഡ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലിസുകാരന്‍ സാക്ഷ്യപ്പെടുത്തി.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സമീര്‍ ഷാഹ്പൂരും (19), സുഹൃത്ത് ഷംസീര്‍ ഖാന്‍ പത്താനും (21). ആയുധങ്ങളുമായി ടൗണ്‍ കൗണ്‍സില്‍ ഓഫിസ് പരിസരത്ത് സംഘടിച്ചിരുന്ന എട്ടോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് പോലിസ് റിപോര്‍ട്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുസ്‌ലിം യുവാക്കളെ അടിക്കുന്നതും നിലത്തുവീണ ഇവരെ കുത്തുന്നതും വീഡിയോയില്‍ കാണാം. പ്രതികളായ പ്രവീണ്‍, മല്ലികാര്‍ജുന്‍ ഹെര്‍മത്ത് എന്നിവരുടെ കുത്തേറ്റാണ് സമീര്‍ കൊല്ലപ്പെടുന്നതെന്ന് എഫ്‌ഐആര്‍ പറയുന്നു.

കുത്തേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കര്‍ണാടക ഇന്‍സറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(കിംസ്)ല്‍ വച്ച് സമീര്‍ മരണമടഞ്ഞു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഷംസീര്‍ ഖാന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അക്രമകാരികളെ തന്റെ സഹോദരന് അറിയുക പോലുമില്ലെന്ന് കൊല്ലപ്പെട്ട സമീറിന്റെ സഹോദരന്‍ മുഹമ്മദ് സുബൈര്‍ പറയുന്നു. 'പെണ്‍കുട്ടികളുമായി ബന്ധപ്പെടുത്തി രണ്ടുമാസങ്ങള്‍ക്കുമുമ്പ് ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. അതിനു ശേഷം എപ്പോള്‍ അവസരം കിട്ടിയാലും ആര്‍എസ്എസ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം ചെറുപ്പക്കാരെ ആക്രമിക്കുമായിരുന്നു. എന്നാല്‍, എന്റെ സഹോദരന് ഇതുമായൊന്നും ഒരു ബന്ധവുമില്ല' സുബൈര്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പല ഭാഗത്തും കഴിഞ്ഞ കുറച്ച് നാളുകളായി തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പല തരത്തില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതില്‍ ഒടുവിലത്തേതാണ് സമീര്‍ വധമെങ്കിലും പല സംഘര്‍ഷങ്ങളും പോലിസിന്റെ അനാസ്ഥ മൂലം റിപോര്‍ട്ട് ചെയ്യപ്പെടാതെയുമുണ്ട്.

യുപി, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും സമാനമായ ആക്രമണ സംഭവങ്ങള്‍ അരങ്ങേറി. ഹിമാചല്‍ പ്രദേശില്‍ 'ഭൂമി ജിഹാദ്' ആരോപിച്ച് മുസ് ലിം ആരാധനാ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറുന്നത്. ദര്‍ഗകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഹിന്ദുത്വര്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

മുസ് ലിം പെണ്‍കുട്ടിളെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'ക്ലബ് ഹൗസ് ചര്‍ച്ച' കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യമാണെന്ന് ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ആര്‍എസ്എസ് അനുഭാവിയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു.

മുസ് ലിം പെണ്‍കുട്ടികളെ ലേലത്തിന് വച്ച സംഭവവും തുടര്‍ച്ചയായി അരങ്ങേറി. 'ബുള്ളി ബായ്' ആപ്പ് വഴിയാണ് മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. കേസില്‍ 21 കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജനുവരി 10 വരെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈ സൈബര്‍ പോലിസ് ബെംഗളൂരുവില്‍ നിന്നാണ് വിദ്യാര്‍ത്ഥി വിശാല്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്യുന്ന ആപ്പില്‍ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ലേലത്തിന് അപ്‌ലോഡ് ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് സൈബര്‍ സെല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും ഉത്തരാഖണ്ഡില്‍ നിന്ന് മുംബൈ പോലിസ് സംഘം അറസ്റ്റ് ചെയ്തു.

'ലൗ ജിഹാദ്', 'നര്‍ക്കോട്ടിക് ജിഹാദ്', 'ലാന്റ് ജിഹാദ്', 'ഹലാല്‍' തുടങ്ങിയ കുപ്രചാരണങ്ങളിലൂടെ മുസ് ലിംകള്‍ക്കെതിരേ വെറുപ്പ് സൃഷ്ടിച്ചതിന് ശേഷം വംശഹത്യയുടെ അരികിലെത്തി നില്‍ക്കുകയാണ് രാജ്യമെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ അരങ്ങേറിയ സംഭവങ്ങള്‍. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന സമാനമായ ആക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് തെളിയിക്കുന്നതാണ് ഇവയുടെ പൊതുവായ രീതി. മുസ് ലിംകള്‍ ന്യൂനപക്ഷമായ ഗ്രാമങ്ങളില്‍ അവരുടെ സ്ഥലം വാങ്ങിയും മറ്റു മാര്‍ഗങ്ങളിലൂടേയും മുസ് ലിം മുക്തമാക്കണമെന്ന ആഹ്വാനവും ഹിന്ദുത്വര്‍ ഉയര്‍ത്തി. മുസ് ലിം കച്ചവടക്കാര്‍ക്ക് ഉപരോധമേര്‍പ്പെടുത്താനും മുസ് ലിംകള്‍ക്ക് വീടും കച്ചവട സ്ഥാപനങ്ങളും വാടകക്കോ ലീസിനോ കൊടുക്കരുതെന്നും ആഹ്വാനം ഉയര്‍ന്നു. ഗ്രാമങ്ങളില്‍ എത്തുന്ന കച്ചവടക്കാരുടെ തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിക്കാനും മുസ് ലിം കച്ചവടക്കാരെ മടക്കി അയക്കാനും ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിര്‍ദേശം ഉയര്‍ന്നു. ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളില്‍ കച്ചവടത്തിനെത്തിയ മുസ് ലിം കച്ചവടക്കാരെ പരസ്യമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഹിന്ദുത്വര്‍ വ്യാപകമായി പ്രചരിപ്പിച്ചു.

ഹിന്ദു-മുസ് ലിം സൗഹൃദങ്ങളെ പോലും ഇല്ലാതാക്കാനും ഹിന്ദുത്വര്‍ ശ്രമം നടത്തി. ഒന്നിച്ച് യാത്ര ചെയ്ത ഇതര മതസ്ഥര്‍ക്കെതിരേ ആക്രമണം അരങ്ങേറി. വാഹനം തടഞ്ഞും പോലിസിനെ വിളിച്ചു വരുത്തി ഹിന്ദുത്വ സംഘങ്ങള്‍ അഴിഞ്ഞാടി. കര്‍ണാടകയിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ശ്രീരംഗപ്പട്ടണത്തെ ജാമിഅ മസ്ജിദ് തകര്‍ക്കണമെന്ന് ചിക്കമംഗളൂര്‍ കാളി മഠാധിപതി ശ്രീഋഷികുമാര സ്വാമി സാമൂഹിക മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്തു. അടുത്തിടെ ബെംഗളൂരുവില്‍ അപകടത്തില്‍ മരിച്ച ടിവി റിയാലിറ്റി ഷോ ബാലതാരം സമന്‍വി നായിഡുവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ജനുവരി 16ന് ശ്രീരംഗപട്ടണത്തിലെ പശ്ചിമവാഹിനിയില്‍ സ്വാമി എത്തിയിരുന്നു. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് ജാമിഅ മസ്ജിദിലെത്തി സാമൂഹിക മാധ്യമങ്ങളില്‍ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വീഡിയോ അപ് ലോഡ് ചെയ്തത്. പള്ളിയിലെ ചുമരും കുളവും ഹിന്ദു വാസ്തുഘടനയിലാണെന്നും അത് നേരത്തെ ക്ഷേത്രമായിരുന്നുവെന്നും ബാബരി മസ്ജിദ് പോലെ പൊളിച്ചുകളയണമെന്നുമാണ് സ്വാമിജി ആഹ്വാനം ചെയ്തത്.

മുസ് ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും സാമുദായി ധ്രുവീകരണമുണ്ടാക്കാനും ശ്രമങ്ങള്‍ വ്യാപകമായി. ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീ യൂനിവേഴ്‌സിറ്റിയിലെ ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത് ഇതിന്റെ തുടര്‍ച്ചയാണ്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആറ് വിദ്യാര്‍ഥിനികളേയാണ് ഉഡുപ്പി കോളജ് അധികൃതര്‍ പുറത്താക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ ഉള്‍പ്പടെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

സമാനമായ വര്‍ഗീയ ആക്രമണങ്ങള്‍ മധ്യപ്രദേശിലും അരങ്ങേറി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മിശ്ര വിവാഹിതരെ ട്രെയിനില്‍ കയറി മര്‍ദിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. മുസ് ലിം യുവാവും ഹിന്ദു യുവതിയും ട്രെയിനില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടയാള്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു.

ഉജ്ജയിനി സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ കയറിയ ഹിന്ദുത്വര്‍ മുസ് ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബലമായി പിടിച്ചിറക്കുകയായിരുന്നു. തങ്ങള്‍ ദമ്പതികളാണെന്ന് അറിയിച്ചിട്ടും ഹിന്ദുത്വര്‍ വെറുതെ വിടാന്‍ തയ്യാറായില്ല. തലയിലും മുഖത്തും അടിച്ച് ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്നും പിടിച്ചിറക്കി. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്ന വഴിയിലും യുവാവിനെ മര്‍ദിച്ചു.

പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിവാഹതിരാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇരുവരേയും വിട്ടയച്ചു. അതേസമയം, യുവാവിനെ മര്‍ദിച്ച ഹിന്ദുത്വര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

സംഘപരിവാറിന്റേയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും നിലപാടുകളാണ് ഇത്തരം വംശീയ ആക്രമണങ്ങള്‍ വ്യാപകമാവാന്‍ ഇടയാക്കുന്നത്.

ഹരിദ്വാറില്‍ ഹിന്ദുത്വവാദികളുടെ 'ധരം സന്‍സദ്' ഉയര്‍ത്തിയ മുസ്‌ലിങ്ങള്‍ക്കതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനമാണെന്ന് ചില മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി നേതൃത്വവും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുസ്!ലിങ്ങള്‍ക്കെതിരെയുള്ള വംശഹത്യ ആഹ്വാനങ്ങളെ അപലപിക്കാത്തതിലെ ദുരൂഹതയും ഇതുതന്നെയാണ്.

2021 ഡിസംബര്‍ 25 ന് കച്ചിലെ ലഖ്പത് ഗുരുദ്വാരയെ അഭിസംബോധന ചെയ്യവേ, സിഖ് ഗുരുക്കന്മാര്‍ മുന്നറിയിപ്പ് നല്‍കിയ അപകടങ്ങള്‍ അതേ രൂപത്തില്‍ ഇന്നും തുടരുന്നതായി മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഗുരു തേജ് ബഹാദൂറിന്റെ ത്യാഗവും ഔറംഗസേബിനെതിരായ അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും തീവ്രവാദത്തെയും മതതീവ്രവാദത്തെയും എങ്ങനെ ചെറുക്കണമെന്ന് പഠിപ്പിച്ചുവെന്നാണ് മോദി പറഞ്ഞത്. മുഗളന്മാരുടെയും മുസ്‌ലിം ഭരണാധികാരികളുടെയും അതിക്രമങ്ങള്‍ക്കെതിരെ സിഖ് ഗുരുക്കന്മാര്‍ നടത്തിയ പോരാട്ടമായിരുന്നു മോദി ആവര്‍ത്തിച്ചത്.

മുഗള്‍ ഭരണകാലത്ത് സിഖ് ഗുരുക്കന്മാര്‍ക്ക് ഒട്ടേറെ ക്രൂരതകള്‍ നേരിടേണ്ടി വന്നു. ഗുരു തേജ് ബഹാദൂറിന്റെ വീര്യവും ഔറംഗസേബിനെതിരായ അദ്ദേഹത്തിന്റെ ത്യാഗവും തീവ്രവാദത്തിനും മതഭ്രാന്തിനും എതിരെ എങ്ങനെ പോരാടണമെന്ന് നമ്മെ പഠിപ്പിക്കുന്നു. ആ അപകടം ഇന്നും നിലനില്‍ക്കുന്നുവെന്നും മോദി പറയുമ്പോള്‍ സിഖ് ഗുരുക്കള്‍ അന്ന് ചെയ്തത് ഇന്നും ചെയ്യണം എന്നായിരുന്നു സന്ദേശം. 2019 ഡിസംബറില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ, പ്രതിഷേധക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് മോദി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലും കര്‍ണാടക ഡല്‍ഹിയിലും പ്രതിഷേധിക്കുന്ന മുസ്‌ലിങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴായിരുന്നു ഇത്.

മോദി സമര്‍ത്ഥമായി പറഞ്ഞത് 'ധര്‍മ്മ സന്‍സദില്‍' ഒരു മറയുമില്ലാതെ പറഞ്ഞുവെന്ന വ്യത്യാസമേയുള്ളു. 'ഇസ്‌ലാമിക ഇന്ത്യയില്‍ സനാതന ഭാവി: പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്നതായിരുന്നു ഹരിദ്വാറിലെ പരിപാടിയുടെ വിഷയം. ഇന്ത്യ ഇസ്‌ലാമികമാകാന്‍ പോകുന്നുവെന്ന് ഹിന്ദുക്കളെ ഭയപ്പെടുത്താനും മുസ്‌ലിംകളെ കൊല്ലാന്‍ ആയുധം തയ്യാറാക്കാനും കുട്ടികളെ ആയുധം ഉപയോഗിക്കാന്‍ പരിശീലിപ്പിക്കാനും അവരോട് ആവശ്യപ്പെടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്ന് വ്യക്തം. ഇസ്‌ലാമിക രാഷ്ട്രമായി മാറുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ മുസ്‌ലിംകളുടെ വംശഹത്യയിലൂടെ മാത്രമേ കഴിയൂ എന്ന് ചടങ്ങില്‍ പങ്കെടുത്ത മതനേതാക്കള്‍ വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ക്കല്‍ സമരകാലത്ത് ഉയര്‍ന്ന 'ബാബര്‍ കി ഔലാദോന്‍ കോ' എന്ന മുദ്രാവാക്യം തന്നെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ തണലില്‍ ഹിന്ദുത്വവാദികള്‍ പരസ്യമായി ഉയര്‍ത്തുന്നത്.

ധര്‍മ സംസദ് എന്ന പേരില്‍ ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന ഹിന്ദു സന്യാസിമാരുടെയും മറ്റുനേതാക്കളുടെയും മതസമ്മേളനത്തിലെ പ്രസംഗങ്ങളുടെ ഉള്ളടക്കം വംശഹത്യക്കുള്ള ആക്രോശം തന്നേയായിരുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് തുടരെത്തുടരെ ആഹ്വാനം നടന്ന സമ്മേളനത്തില്‍ ആവശ്യമെങ്കില്‍ ആയുധമെടുത്ത് രാജ്യത്തെ മുസ്‌ലിംകളെ കൊലപ്പെടുത്തി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നും പ്രഖ്യാപിക്കപ്പെട്ടു.

അതേ സമയം തന്നെ ഒരു വലിയ സംഘം ആളുകള്‍ ഡല്‍ഹിയില്‍ ഒരുമിച്ചുകൂടി വേണ്ടി വന്നാല്‍ പോരാടിയും കൊന്നൊടുക്കിയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു. സമാനമായ ദേശദ്രോഹ സംഗമങ്ങള്‍ മറ്റു പലയിടങ്ങളിലും നടക്കുന്നുണ്ട്.

സൈന്യവും പോലിസും ആയുധമെടുത്ത് ശുചിത്വ യജ്ഞത്തില്‍ പങ്കുചേരണമെന്നും ഒരു പ്രസംഗകന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News