തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചയായി അന്വേഷണം നടത്തുന്നതിനിടെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് സിബിഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണു മന്ത്രിസഭാ തീരുമാനം. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് സിബിഐയ്ക്കു സ്വമേധയാ കേസ് എടുക്കാനാവില്ല. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിബിഐയ്ക്കു സംസ്ഥാനത്ത് കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍, നിലവിലെ കേസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാവില്ല.
ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് 1946 (ഡിഎസ്പിഇ) സെക്്ഷന്‍ 6 പ്രകാരം വിജ്ഞാപനങ്ങളിലൂടെ സിബിഐയ്ക്ക് നല്‍കിയ പൊതുഅനുമതിയാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആവശ്യമെന്ന് കണ്ടെത്തുന്ന കേസുകളുടെ അന്വേഷണം അതതു അവസരങ്ങളില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം മാത്രം സിബിഐയെ ഏല്‍പ്പിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐഎ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെ ലൈഫ് മിഷന്‍ വിഷയത്തില്‍ സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുത്തിരുന്നു. ഇത്തരം നടപടികള്‍ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നതാണെന്നാണ് ഇടതുസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് സിബി ഐയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം മന്ത്രിസഭ എടുത്തത്. നേരത്തേ, പശ്ചിമബംഗാള്‍, ഛത്തീസ് ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നു.
CBI banned in Kerala state