നെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്‌ളെയര്‍ ബോംബ്' ആക്രമണം
രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫ്‌ളെയര്‍ ബോംബ് ആക്രമണം. സിസറിയ പ്രദേശത്തെ സ്വകാര്യവസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
പൊട്ടിത്തെറിക്കാതെ ഉജ്വലമായ പ്രകാശവും ചൂടുമുണ്ടാക്കുന്ന ഒരു കരിമരുന്ന് ഉപകരണമാണ് ഫ്‌ളെയര്‍. ഒരു പ്രദേശത്ത് കൂടുതല്‍ വെളിച്ചമുണ്ടാക്കാനും ആക്രമിക്കുന്നതിന് മുമ്പ് ലക്ഷ്യം കൃത്യമായി കാണാനും ഇത് ഉപയോഗിക്കാറുണ്ട്.
ന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവമെന്ന് പോലിസിനെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പോലിസും രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. '' പ്രധാനമന്ത്രിയും കുടുംബവും ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തില്‍ പോലിസും സുരക്ഷാ സൈന്യവും സംയുക്തമായി അന്വേഷണം നടത്തുകയാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഉചിതമായ നടപടികള്‍ സ്വീകരിക്കും.''- പോലിസ് പറഞ്ഞു.
വളരെ അപകടകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗും പറഞ്ഞു. ആക്രമണത്തെ പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് അപലപിച്ചു. ആദ്യം സംഭവത്തെ നിസാരമായാണ് പോലിസ് കണ്ടതെങ്കിലും സൈനിക ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ കൂടി ലഭിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ മാസം ഈ വീട് ഹിസ്ബുല്ലയുടെ ഡ്രോണുകള്‍ ആക്രമിച്ചിരുന്നു.
അതേസമയം, ഇസ്രായേലിലെ ഹൈഫ നഗരത്തില്‍ ഇന്നലെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. നിരവധി പ്രദേശങ്ങളിലൈ വൈദ്യുതി വിഛേദിക്കപ്പെട്ടു. ജൂത കുടിയേറ്റക്കാര്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ഹൈഫ മേയര്‍ യോന യഹാവ് പറഞ്ഞു. ഇസ്രായേലിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈഫയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമാണുള്ളത്. ഇന്നലെ മാത്രം ഏഴു തവണ ഹൈഫയിലെ സൈനികതാവളങ്ങളെ ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. പലതരം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അത്‌ലിത്തിലെ നാവിക സേന കമാന്‍ഡോ ആസ്ഥാനം, സ്‌റ്റെല്ല മാരിസ് നാവികസേനാ താവളം, തിരാത്ത് കാര്‍മല്‍ താവളം, നെഷാര്‍ ഇന്ധന താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഈ പ്രദേശങ്ങളെല്ലാം ഫലസ്തീന്‍-ലെബനാന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ്.
ഇസ്രായേലിലെ ഉം അള്‍ റഷ്‌റാഷ് പ്രദേശത്തെ സൈനിക താവളങ്ങളെ ഇന്നലെ രാത്രി ആക്രമിച്ചതായി യെമനിലെ ഹൂത്തികളും ആക്രമിച്ചു. ഡ്രോണുകളാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു.