മണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍; പിന്നില്‍ അരംബായ് തെംഗോലോ?
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ ഒരു വര്‍ഷത്തിലധികമായി വംശീയ സംഘര്‍ഷം തുടരുകയാണ്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ ഒരു വര്‍ഷത്തിലധികമായി വംശീയ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം മണിപ്പൂര്‍അസം അതിര്‍ത്തിയിലെ ജിരിബാം ജില്ലയില്‍ കുക്കി വിഭാഗത്തിലെ പത്തു പേരെ പോലിസ് വെടിവച്ചു കൊന്നിരുന്നു. കുക്കി സായുധ സംഘടനകളിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്നാണ് പോലിസ് പറയുന്നത്. മെയ്‌തെയ് വിഭാഗക്കാരുടെ കാംപുകള്‍ ആക്രമിക്കാന്‍ എത്തിയവരാണ് കൊല്ലപ്പെട്ടതത്രേ. എന്നാല്‍, കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്നാണ് കുക്കി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഈ സംഭവത്തിന് ശേഷം മെയ്‌തെയ് വിഭാഗത്തിലെ നിരവധി പേരെ കുക്കി സായുധ സംഘടനകള്‍ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്തകളും വന്നു. വംശീയ സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടാവുമ്പോള്‍ കിംവദന്തികളും കാട്ടുതീ പോലെ പരക്കുന്നതിനാല്‍ സത്യം മനസ്സിലാക്കാന്‍ എളുപ്പമല്ല.
എന്തായാലും കഴിഞ്ഞ ദിവസത്തെ ആ ഏറ്റുമുട്ടലിന് ശേഷം മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ അമിത് ഷായുടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വീണ്ടും പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ്പ കൊണ്ടുവന്നു. ഇംഫാല്‍, ഇംഫാല്‍ വെസ്റ്റ്, ജിരിബാം, കാംഗോക്‌പൈ, ബിഷ്ണുപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
മണിപ്പൂര്‍ ജനസംഖ്യയിലെ 43.82 ശതമാനവും ഇംഫാല്‍ താഴ്‌വരയില്‍ ജീവിക്കുന്ന മെയ്‌തെയ് വിഭാഗക്കാരാണ്. നാഗ ആദിവാസികള്‍ 23.59 ശതമാനവും കുക്കി-മിസോ വിഭാഗങ്ങള്‍ 15.69 ശതമാനവും വരും. ഇപ്പോള്‍ സജീവ സംഘര്‍ഷത്തിലുള്ള മെയ്‌തെയ്കളില്‍ ഭൂരിപക്ഷവും സനമാഹിസം എന്ന ബഹുദൈവ മതവിശ്വാസികളാണ്. കുക്കികളില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്.
ഇന്ന് മണിപ്പൂര്‍ എന്നറിയപ്പെടുന്ന കാംഗ്ലെയ്പാക്ക് പ്രദേശത്തെ മെയ്‌തെയ് രാജാവായിരുന്ന ക്യാംപയുടെ (1467-1508) കാലത്താണ് വൈഷ്ണവിസം അവിടേക്ക് കടന്നു ചെല്ലുന്നത്. പിന്നീട് വൈഷ്ണവ ആശയ പ്രചാരകര്‍, ഇന്ന് ത്രിപുര, പശ്ചിമബംഗാള്‍, മഥുര, ഒഡീഷ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് 1697-1709 കാലത്ത് എത്തി. 1703ല്‍ എത്തിയ റായ് ബനാമലി എന്ന പ്രചാരകന് അന്നത്തെ രാജാവ് ഭൂമിയും വീടുമെല്ലാം നല്‍കി. ഇയാള്‍ ഒരു രാധാകൃഷ്ണ ക്ഷേത്രവും സ്ഥാപിച്ചു. ഈ ഗുരുവിന്റെ കാര്‍മികത്വത്തില്‍ രാജാവ് വൈഷ്ണ മതത്തിലേക്ക് ചേര്‍ന്നു.
അതിനു ശേഷം മെയ്‌തെയ് വിഭാഗക്കാരുടെ ദൈവങ്ങളെ ഹിന്ദു ദൈവങ്ങളുമായി ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു. കൂടാതെ ഹിന്ദു വേദങ്ങളില്‍ പറയുന്ന ദൈവങ്ങളെയും ആരാധനാരീതികളെയും മെയ്‌തെയ് വിശ്വാസങ്ങളില്‍ ഉള്‍പ്പെടുത്തി. ഭാഷയില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം ഹിന്ദു ഗോത്രങ്ങളും കുലങ്ങളും രൂപപ്പെട്ടു. ഉദാഹരണത്തിന് അംങോം എന്ന വാക്ക് ഗൗതം എന്നായി മാറ്റി.
രാജാവായിരുന്ന പാം ഹൈബ 1724ല്‍ രാജ്യത്തിന് മണിപ്പൂര്‍ എന്ന പേര് നല്‍കി. 1949ല്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായ ശേഷം നിരവധി സായുധ സംഘടനകളാണ് രൂപം കൊണ്ടത്. മെയ്‌തെയ് വിഭാഗക്കാര്‍ക്ക് 10 സംഘടനകളും കുക്കി വിഭാഗക്കാര്‍ക്ക് 21 സംഘടനകളും ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇവയില്‍ പലതും മണിപ്പൂര്‍ ഇന്ത്യയില്‍ നിന്നു വിട്ടു പോയി സ്വതന്ത്ര രാജ്യമായി മാറണമെന്ന നിലപാടുള്ളവരായിരുന്നു.
മെയ്‌തെയ്കളും കുക്കികളും തമ്മില്‍ കാലങ്ങളായി അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളും ഉണ്ടെങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഘര്‍ഷം രൂപപ്പെടുന്നത് 2023 മേയിലാണ്. മെയ്‌തെയ് വിഭാഗക്കാരെ പട്ടികവര്‍ഗമായി പരിഗണിക്കണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കുന്ന ഒരു വിധി 2023 ഏപ്രിലില്‍ മണിപ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ചതാണ് ഇപ്പോള്‍ നടക്കുന്ന തോതിലേക്ക് സംഘര്‍ഷം വ്യാപിക്കാന്‍ കാരണം. ഹൈക്കോടതി വിധിയില്‍ കുക്കികള്‍ പ്രതിഷേധിച്ചു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. അങ്ങനെയാണ് മേയ് മൂന്നില്‍ സംഘര്‍ഷം ഔദ്യോഗികമായി തുടങ്ങിയത്. ആദ്യ ആഴ്ചയില്‍ 77 കുക്കികളും പത്ത് മെയ്‌തെയ്കളും കൊല്ലപ്പെട്ടു.
അരംബായ് തെംഗോല്‍
മെയ്‌തെയുകളുടെ സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അരംബായ് തെംഗോല്‍ എന്ന സംഘടനയാണ് എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിലെ മുഖ്യമന്ത്രിയായ എന്‍ ബിരെന്‍ സിങിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്രേ. 2020ല്‍ സാംസ്‌കാരിക സംഘടനയായാണ് അരംബായ് തെംഗോല്‍ രൂപീകരിച്ചത്. അരംബായ് തെംഗോല്‍ എന്നാല്‍ കൂരമ്പുമായി നടക്കുന്ന കുതിരപ്പട്ടാളം എന്നാണ് മെയ്‌തെയ് ഭാഷയിലെ അര്‍ഥം.
മണിപ്പൂരിലെ അക്രമങ്ങളില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് ന്യൂനപക്ഷമായ കുക്കികളുടെ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. കൊള്ള, കൊലപാതകം, ബലാല്‍സംഗം, ഭൂമി പിടിച്ചെടുക്കല്‍, കൃഷി നശിപ്പിക്കല്‍, കുടിവെള്ളം നശിപ്പിക്കല്‍ തുടങ്ങി നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുകയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ അധികവും കുക്കികള്‍ക്കെതിരേയാണ് നടക്കുന്നത്.
കറുത്ത കുപ്പായങ്ങള്‍ അണിഞ്ഞാണ് ഇവര്‍ നടക്കുന്നത്. വസ്ത്രങ്ങളുടെ പുറകില്‍ മെയ്‌തെയ് കുതിരപ്പട്ടാളത്തിന്റെ ചുവപ്പ് നിറമുള്ള ചിത്രവുമുണ്ടാവും. ഏഴു നിറങ്ങളുള്ള സലെ ടാരെറ്റ് പതാകയും അവര്‍ക്കുണ്ട്. പൗരാണികമായ കാംഗ്ലെപാക്ക് സാമ്രാജ്യത്തിന്റെ സുവര്‍ണകാലം തിരിച്ചു കൊണ്ടുവരണമെന്നും മെയ്‌തെയ് സംസ്‌കാരം സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതായത്, മെയ്‌തെയ് ദേശീയവാദവും സനമാഹിസമതവും ചേര്‍ന്ന ഒരു മിശ്രിതമാണ് അവരുടെ രാഷ്ട്രീയം.
സംസ്ഥാനത്തെ ബിജെപി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ക്ക് നിരോധിത മെയ്‌തെയ് സംഘടനകളുമായും ബന്ധമുണ്ട്. കുക്കികളുടെ ആദിവാസി ഭൂമികളില്‍ നടത്തുന്ന ആക്രമണങ്ങള്‍ മെയ്‌തെയുകളുടെ ഭൂരിപക്ഷവാദത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിന്റെ സൂചനയുമാണ്. കുക്കി-സോ ആദിവാസികളുടെ വീടുകളും ഗ്രാമങ്ങളും ഇവര്‍ മാര്‍ക്ക് ചെയ്ത് ആക്രമിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. 2023 ജൂണില്‍ അസം റൈഫിള്‍സുമായി ഏറ്റുമുട്ടി.
2024 ജനുവരിയില്‍ അരംബായ് തെംഗോല്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത് വലിയ വിവാദമായിരുന്നു. ജനുവരി 24നാണ് മണിപ്പൂര്‍ ഇംഫാലിലെ കാംഗ്ല കോട്ടയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 30ലധികം നിയമസഭാ എംഎല്‍എമാരും ഒരു കേന്ദ്രമന്ത്രിയും രാജ്യസഭയില്‍ നിന്നുള്ള ഒരു എംപിയും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ സഹമന്ത്രിയും മണിപ്പൂര്‍ ലോക്‌സഭാ എംപിയുമായ രാജ്കുമാര്‍ രഞ്ജന്‍ സിങ്, മണിപ്പൂര്‍ രാജ്യസഭാ എംപി ലെയ്ഷംബ സനാജവോബ എന്നിവരാണ് പ്രധാനമായും യോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി ബിരെന്‍ സിങ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും രേഖയില്‍ ഒപ്പിട്ടു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങും രേഖയില്‍ ഒപ്പുവച്ചു.
ആറ് ആവശ്യങ്ങളാണ് ഈ യോഗത്തില്‍ അരംബായ് തെംഗോല്‍ മുന്നോട്ടുവച്ചത്. 1951 അടിസ്ഥാന വര്‍ഷമാക്കി മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണം, കുക്കി സംഘടനകളുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കണം, മണിപ്പൂരിലെ കുടിയേറ്റക്കാരെ മിസോറാമിലെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റണം, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടണം, മണിപ്പൂരില്‍നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിച്ച് കേന്ദ്രസേനയെ കൊണ്ടുവരണം, നിയമവിരുദ്ധ കുക്കിസോകളുടെ ആദിവാസി പദവി എടുത്തുമാറ്റണം എന്നിവയായിരുന്നു ആവശ്യങ്ങള്‍. കാംഗ്ല കോട്ടയില്‍ അന്ന് നടന്ന പ്രതിജ്ഞാ പരിപാടിയോടെ അരംബായ് പൂര്‍ണമായും സായുധ സംഘടനയായി മാറിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
മണിപ്പൂര്‍ രാജ്യത്തിന്റെ നിലവിലെ രാജാവായ രാജ്യസഭാ എംപി ലെയ്‌ഷെംബ സനാജവോബയാണ് ഈ സംഘടന രൂപീകരിച്ചതെന്നും സൂചനയുണ്ട്. സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തിരുന്നത് ഇയാളുടെ വീട്ടിലായിരുന്നു. വിവിധ നിരോധിത സംഘടനകളിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടത്രെ. ആശയപ്രചാരണത്തിനും റിക്രൂട്ട്‌മെന്റിനും സോഷ്യല്‍ മീഡിയ ഇവര്‍ ഉപയോഗിക്കുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങുമായും ലെയ്ഷംബ സനാജവോബയുമായും സംഘാംഗങ്ങള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിരോധിച്ച മെയ്‌തെയ് സായുധ സംഘടനകളായ കാംഗ്ലെ യവോല്‍ കന്ന ലുപ്പ് (കെവൈകെഎല്‍), പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, യുനൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ അരംബായിക്ക് പിന്തുണ നല്‍കുന്നു. കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ 500 പേര്‍ ഇപ്പോള്‍ അരംബായിയില്‍ അംഗങ്ങളാണെന്നാണ് ഇന്ത്യാടുഡേയിലെ റിപോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ പോലിസ് ആര്‍മറി ആക്രമിച്ച സംഘം 4,000 തോക്കുകളും കവര്‍ന്നു. ഏകദേശം 2,000ത്തോളം സായുധ പോരാളികളും ആയിരക്കണക്കിന് വോളന്റിയര്‍മാരും സംഘടനയ്ക്കുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ട് പറയുന്നത്.
'' മെയ് മൂന്നിനാണ് അവര്‍ ആദ്യമായി സായുധ ആക്രമണം നടത്തുന്നത്. അതിനു ശേഷം കുക്കി വിഭാഗങ്ങള്‍ക്കു നേരെ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ പോലിസ് സേനയുടെ ആര്‍മറിയില്‍നിന്ന് ആയുധങ്ങള്‍ കവരാന്‍ പോലും അവരെ അനുവദിച്ചു.'' ഒരു അര്‍ധസൈനിക വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടെലിഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
'കുക്കികളില്‍ നിന്നുള്ള ഭീഷണിയെ നേരിടുന്നത് തങ്ങളാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അത് ഇംഫാല്‍ താഴ്‌വരയില്‍ സംഘടനയ്ക്ക് വലിയ പിന്തുണ ലഭിക്കാന്‍ കാരണമായി. കൂടാതെ പോലിസ് ആര്‍മറികളില്‍നിന്ന് കവര്‍ന്ന ആയുധങ്ങളും അവരുടെ കൈയിലുണ്ട്. മണിപ്പൂര്‍ പോലിസിലെ ഒരു വിഭാഗം ഇവര്‍ക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. രാഷ്ട്രീയക്കാരുടെ പിന്തുണ കൂടി ലഭിച്ചതോടെ സംഘടനയ്ക്ക് ശക്തി ലഭിച്ചു.'' മണിപ്പൂര്‍ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ ടെലിഗ്രാഫിനോട് പറഞ്ഞു.
2024 ഫെബ്രുവരി 27ന് ഇംഫാല്‍ താഴ്‌വരയില്‍ നിന്ന് രണ്ടു കാറുകള്‍ മോഷണം പോയതായി പോലിസിന് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ എഎസ്പി മൊയ് രാങ്തം അമിത് സിങും സംഘവും കാര്‍ മോഷ്ടിച്ചയാളെ പിടികൂടി. എന്നാല്‍, അല്‍പ്പസമയത്തിനകം 200 സായുധര്‍ വീടാക്രമിച്ച് അമിത് സിങിനെയും സുരക്ഷാ സൈനികരെയും തട്ടിക്കൊണ്ടുപോയി. ഏറെ വൈകിയാണ് എല്ലാവരെയും വിട്ടയച്ചത്. ഇതിനു പിന്നില്‍ അരംബായ് സംഘമാണെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, അരംബായിയെ നേരിടുമ്പോള്‍ സംയമനം പാലിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയെന്ന് പോലിസ് സേനയിലെ ഒരു വിഭാഗത്തിന് പരാതിയുണ്ട്. ഇതേ തുടര്‍ന്ന് പോലിസ് കമാന്‍ഡോകള്‍ പ്രതിഷേധിക്കുകയും ചെയ്തു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വടക്കു പടിഞ്ഞാറന്‍ മ്യാന്‍മറിലെയും നാഗപ്രദേശങ്ങള്‍ ചേര്‍ത്ത് സ്വതന്ത്ര നാഗരാജ്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍) സംഘടന പിളര്‍ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട എന്‍എസ്‌സിഎന്‍ (ഐഎം) അരംബായ് തെംഗോല്‍ ക്രിസ്തുമത വിരുദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രിസ്ത്യാനികള്‍ ധാരാളമുള്ള സംഘടനയാണ് എന്‍എസ്‌സിഎന്‍. അവരുടെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നതായി ഇംഫാല്‍ ഫ്രീപ്രസ്സ് റിപോര്‍ട്ട് ചെയ്യുന്നു. ''ക്രിസ്ത്യാനികളോട് കടുത്ത ശത്രുത പുലര്‍ത്തുകയാണ് അവര്‍. അതിനാല്‍ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കും.''എന്നാല്‍, മെയ്‌തെയ്കളെ മതം മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അരംബായ് തെംഗോല്‍ ഇതിനു മറുപടി നല്‍കിയത്.
മണിപ്പൂര്‍ ഇന്ത്യയില്‍ ചേര്‍ന്നതിനു ശേഷം നിരവധി സായുധഗ്രൂപ്പുകളാണ് രംഗത്തുവന്നത്. 1980ല്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരില്‍ പ്രത്യേക സൈനികാധികാര നിയമം കൊണ്ടുവന്നു. അതിനെതിരേ മെയ്‌തെയ് വിഭാഗക്കാര്‍ പ്രതിഷേധിച്ചു. കലാപകാരികളെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക കമാന്‍ഡോ വിഭാഗവും രൂപീകരിച്ചു. കാലം മാറിയതോടെ അരംബായ് തെംഗോലുകളെ നേരിടാന്‍ പ്രത്യേക സൈനിക നടപടികളൊന്നും ബിജെപി ഭരിക്കുന്ന കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാരിലും മണിപ്പൂരിലെ ഭൂരിപക്ഷ ജനതയായ മെയ്‌തെയ്കള്‍ക്കാണ് ഭൂരിപക്ഷം. ക്രിസ്ത്യാനികളായ കുക്കികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ അരംബായിക്കെതിരേ കാര്യമായ നടപടികളൊന്നും ഇരുസര്‍ക്കാരുകളും സ്വീകരിക്കുന്നില്ല. അരംബായ് തെംഗോലും സമാനമായ മെയ്‌തെയ് ലീപന്‍ എന്ന സംഘടയും രൂപീകരിച്ചതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പൊതുസംസാരമുണ്ടെന്നാണ് ഔട്ടര്‍ മണിപ്പൂരില്‍നിന്നുള്ള മുന്‍ എംപിയും കുക്കി വുമന്‍ ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് ജനറല്‍ സെക്രട്ടറിയുമായ കിം ഗന്‍ഗ്‌തെ പറഞ്ഞതെന്ന് ന്യൂസ്‌ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു.
By PA ANEEB
Full View