അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണം: പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്
വോട്ടര്‍മാരുടെ അവകാശമാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി തീരുമാനം തൃപ്തികരമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ന്യൂഡല്‍ഹി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വോട്ടര്‍മാരുടെ അവകാശമാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി തീരുമാനം തൃപ്തികരമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തില്‍ വിവി പാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണെന്നും എന്നാല്‍ പലയിടത്തും മൂന്ന് സെക്കന്റില്‍ താഴെ മാത്രമാണ് കാണിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
വിവി പാറ്റ് എണ്ണാന്‍ ആറുദിവസം എടുക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. 900 കോടി രൂപ ചെലവഴിച്ച് വിവിപാറ്റ് മെഷീനുകള്‍ സ്ഥാപിച്ചത് എന്തിനാണെന്നും പ്രതിപക്ഷം ചോദിച്ചു.ജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാന്‍ വേണ്ടി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം സൃഷ്ടിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.
കോണ്‍ഗ്രസ് വക്താക്കളായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിപിഐ നേതാവ് എസ് സുധാകര്‍ റെഡ്ഡി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു.