ആരോപണത്തില്‍ കഴമ്പില്ല; ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി; ഗവർണറുടെ കത്തിന് മറുപടി
ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ നല്‍കിയ കത്തിന് ഇന്നു രാവിലെ നല്‍കിയ മറുപടിയിലാണ്, മുഖ്യമന്ത്രി ആക്ഷേപങ്ങള്‍ തള്ളിയത്.
ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതില്‍ തുടര്‍നടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഓഫിസിന്റെ അന്തസ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഗവർണർ ഇത്തരത്തിൽ ഒരു നിലപാട് എടുത്തത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.