ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതെന്ന് ചൈന; അതിശയോക്തി, അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലോ എല്‍എസിയിലോ ഉള്ള തര്‍ക്ക പ്രദേശങ്ങളില്‍ 'അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്' ഈ മാസം ആറിന് നടന്ന യോഗത്തില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനിക മേധാവികള്‍ എത്തിച്ചേര്‍ന്ന ധാരണക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതെന്ന ചൈനീസ് അവകാശവാദം തള്ളി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) തര്‍ക്ക പ്രദേശങ്ങളില്‍ 'അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്' ഈ മാസം ആറിന് നടന്ന യോഗത്തില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനിക മേധാവികള്‍ എത്തിച്ചേര്‍ന്ന ധാരണക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഗാല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനീസ് കമാന്‍ഡറുടെ അവകാശവാദത്തിന് പ്രതികരിച്ചത്. ഇന്ത്യയുടെ ഭാഗമായ ഗല്‍വാന്‍ താഴ്‌വര പൂര്‍ണമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചൈനീസ് സേനയിലെ സീനിയര്‍ കേണല്‍ ഷാങ് ഷ്യുവിലിയാണ് കഴിഞ്ഞ ദിവസം മുന്നോട്ട് വന്നത്.
1962 നു ശേഷം അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഇല്ലാതിരുന്ന ഇവിടം തങ്ങളുടേതാണെന്ന് ചൈനീസ് സേന ഇപ്പോള്‍ പറയുന്നത് പ്രകോപനപരമായ നടപടിയാണെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണു ചൈനീസ് കടന്നുകയറ്റമെന്ന വാദം ശരിവയ്ക്കുന്നതാണു ഷാങ്ങിന്റെ പരാമര്‍ശം.
'ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം എക്കാലവും ചൈനയുടേതായിരുന്നു. അതിര്‍ത്തി ധാരണകള്‍ ഇന്ത്യ ലംഘിച്ചു. ഗല്‍വാനിലേക്കു വീണ്ടും കടന്നുകയറി. പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ കരുതിക്കൂട്ടി നടത്തിയ സംഘര്‍ഷമാണു സേനാംഗങ്ങളുടെ മരണത്തില്‍ കലാശിച്ചത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയാറാവണം' എന്നായിരുന്ന ഷാങിന്റെ പ്രസ്താവന.