പൗരത്വ സമരം: മുഖ്യമന്ത്രി വഞ്ചിച്ചു; ബഹുഭൂരിപക്ഷം കേസുകളിലും കുറ്റപത്രം നല്‍കി
പല കേസുകളിലും പിഴയടയ്ക്കുന്നതുൾപ്പെടെയുള്ള കോടതി ഉത്തരവുകളും പുറത്തുവന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: പൗരത്വനിയമത്തിനെതിേര നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന സർക്കാർ തീരുമാനവും വെറുംവാക്കായി. ഇതുവരെ പിൻവലിച്ചത് വെറും 36 കേസുകൾ. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 836 കേസുകളിൽ 566-ലും കുറ്റപത്രം നൽകി.
കേന്ദ്രസർക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരേ 2019-ലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭമുണ്ടായത്. പൗരത്വനിയമ ഭേദഗതിക്കെതിരേ നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. എങ്കിലും പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ പോലിസ് കേസെടുത്തു.
സംഘംചേർന്നു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കോഴിക്കോട് 159, പാലക്കാട് 83, തൃശ്ശൂർ 56, എറണാകുളം 42, കണ്ണൂർ 33, പത്തനംതിട്ട 24, തിരുവനന്തപുരം 22, വയനാട് 19, കാസർകോട് 18, കോട്ടയം 18, കൊല്ലം 14 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കേസുകളുടെ എണ്ണം. പല കേസുകളിലും പിഴയടയ്ക്കുന്നതുൾപ്പെടെയുള്ള കോടതി ഉത്തരവുകളും പുറത്തുവന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്നതിൽ തീരുമാനമെടുത്തിരുന്നില്ല. പിന്നീടുനടന്ന പോലിസ് പരിശോധനയുടെ അടിസ്ഥാനത്തിൽ 36 കേസുകൾ പിൻവലിച്ചു.
കേസുകൾ പിൻവലിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ 234 എണ്ണത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ കേസുകളുടെ സ്വഭാവം പരിശോധിച്ച് അവ പിൻവലിക്കണമോയെന്ന കാര്യം തീരുമാനിക്കും.