കേന്ദ്രത്തിന്റെ പൗരത്വ വിജ്ഞാപനം: ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേയ്ക്ക് മാറ്റി
പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ നല്‍കിയ മറുപടി. 2004ല്‍ പുറത്തിറക്കിയ പൗരത്വ നിയമത്തിന്റെ ചട്ടങ്ങളനുസരിച്ച് നേരത്തെയും സമാനസ്വഭാവമുള്ള വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച കേസ് നിലനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ പൗരത്വ വിജ്ഞാപനം ഇറക്കിയതിനെ ചോദ്യംചെയ്ത് മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, വി രാമസുബ്രഹ്മണ്യം എന്നിവരുടെ അവധിക്കാല ബെഞ്ചിലേക്കാണ് ഇന്ന് ഹരജിയെത്തിയത്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രിംകോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നാണ് ലീഗ് ഹരജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ നല്‍കിയ മറുപടി. 2004ല്‍ പുറത്തിറക്കിയ പൗരത്വ നിയമത്തിന്റെ ചട്ടങ്ങളനുസരിച്ച് നേരത്തെയും സമാനസ്വഭാവമുള്ള വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. കേന്ദ്രത്തിന്റെ ഈ വാദത്തിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം ഇന്നലെയാണ് സമര്‍പ്പിച്ചത്. മറുപടി തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ച വേണം' കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് സുപ്രിംകോടതി കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഇന്ന് അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലുമാണ് കോടതിയില്‍ ഹാജരായത്. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ മൂന്ന് രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്‌ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രം പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ അനുമതി നല്‍കുന്നതായിരുന്നു വിജ്ഞാപനം.
മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് പറയുന്ന ഉത്തരവില്‍ മുസ്‌ലിം കുടിയേറ്റക്കാരെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്.
അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ചില സംസ്ഥാനങ്ങളില്‍ ജില്ലാ കലക്ടര്‍മാരേയും മറ്റു ചില സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരേയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1995ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയാറാക്കിയ ചട്ടങ്ങള്‍ പ്രകാരമായിരുന്നു നടപടി. കേന്ദ്രത്തിന്റെ പൗരത്വ വിജ്ഞാപനം ചോദ്യംചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് സമര്‍പ്പിച്ച ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.