കാലാവസ്ഥാ വ്യതിയാനം; പക്ഷികള്‍ ചെറുതാകുന്നതായി പഠനം

40 വര്‍ഷത്തിനിടെ ശേഖരിച്ച 52 വടക്കേ അമേരിക്കന്‍ ദേശാടന പക്ഷികളില്‍ നിന്ന് 70,716 പക്ഷികളെ ഗവേഷകര്‍ ഇതിനായി വിശകലനം ചെയ്തു.

Update: 2019-12-05 07:18 GMT

ആഗോള താപനം മൂലം കാലാവസ്ഥ ചൂടുപിടിച്ചതോടെ പക്ഷികള്‍ ചെറുതാകുകയും അവയുടെ ചിറകുകള്‍ വളരുകയും ചെയ്യുന്നതായി പുതിയ പഠനം. 40 വര്‍ഷത്തിനിടെ ശേഖരിച്ച 52 വടക്കേ അമേരിക്കന്‍ ദേശാടന പക്ഷികളില്‍ നിന്ന് 70,716 പക്ഷികളെ ഗവേഷകര്‍ ഇതിനായി വിശകലനം ചെയ്തു. ഇത്തരത്തിലുള്ള ഏറ്റവും വലിയ പഠനമാണിതെന്നും കാലാവസ്ഥാ വ്യതിയാനവുമായി മൃഗങ്ങള്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസിലാക്കാന്‍ കണ്ടെത്തലുകള്‍ പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു.



'മിക്കവാറും എല്ലാ ജീവജാലങ്ങളും ചറുതായിക്കൊണ്ടിരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി,' ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി സ്‌കൂളിലെ അസിസ്റ്റന്റ് പ്രഫസര്‍ ബ്രയാന്‍ വീക്‌സ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തോടുള്ള മൃഗങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പലപ്പോഴും ഭൂമിശാസ്ത്രപരമായ പരിധിയിലോ കുടിയേറ്റം, ജനനം എന്നിവ പോലുള്ള ജീവിത സംഭവങ്ങളുടെ സമയക്രമത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഈ പഠനം സൂചിപ്പിക്കുന്നത് ബോഡി മോര്‍ഫോളജി ഒരു നിര്‍ണായക മൂന്നാമത്തെ വശമാണ്.

'അതൊരു പ്രധാന സൂചനയാണ്,' അദ്ദേഹം പറഞ്ഞു. 'ഈ മൂന്ന് കാര്യങ്ങളും കണക്കിലെടുക്കാതെ ജീവി വര്‍ഗങ്ങള്‍ എങ്ങനെ കാലാവസ്ഥ വ്യതിയാനത്തോടെ പൊരുത്തപ്പെടുമെന്ന് മനസിലാക്കാന്‍ പ്രയാസമാണ്.'

1978 മുതല്‍ 2016 വരെ നടത്തിയ പഠനങ്ങളില്‍ പക്ഷികളുടെ താഴത്തെ കാലിന്റെ അസ്ഥിയുടെ നീളം ശരീര വലുപ്പത്തിന്റെ 2.4% ചുരുങ്ങിയതായി കണ്ടെത്തി. അതേ സമയം, ചിറകുകള്‍ 1.3% നീളം കൂടിയിട്ടുണ്ട്. ചൂട് വര്‍ദ്ധിച്ചതോടെ ശരീരത്തിന്റെ വലുപ്പം കുറയാന്‍ കാരണമായതായും ഇത് ചിറകിന്റെ നീളം കൂട്ടാന്‍ കാരണമായതായും തെളിവുകള്‍ സൂചിപ്പിക്കുന്നു.

ദേശാടന പക്ഷികളുടെ വലുപ്പും കുറയുന്നത് മൂലം ശരീരഭാരം കുറയുന്നതായും അവയുടെ ദേശാടനങ്ങള്‍ എളുപ്പമാക്കുന്നതായും വീക്‌സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുകയാണ് ജീവിവര്‍ഗങ്ങളെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം, ചൂടുള്ള താപനില പക്ഷികളെ ചുരുക്കാന്‍ കാരണമാകുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തിലെ പക്ഷിശാസ്ത്രജ്ഞനായ ഡേവ് വില്ലാര്‍ഡ് നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് പക്ഷികളുടെ സാംപിളുകള്‍ ശേഖരിക്കാനായത്. 1978ല്‍, വസന്തകാലത്തും പ്രഭാതത്തിലും ദേശാടനത്തിനിടെ കെട്ടിടങ്ങളില്‍ ഇടിച്ച് ചത്ത പക്ഷികളേയാണ് അദ്ദേഹം ശേഖരിച്ചത്.

പക്ഷികള്‍ സാധാരണയായി രാത്രിയില്‍ കുടിയേറുകയും കെട്ടിടങ്ങളില്‍ നിന്നുള്ള കൃത്രിമ വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ജാലകങ്ങളുമായി മാരകമായ കൂട്ടിയിടിക്ക് കാരണമാവുകയും ചെയ്യുന്നു. ഓരോ വര്‍ഷവും കെട്ടിടങ്ങളില്‍ ഇടിച്ച് ദശലക്ഷക്കണക്കിന് പക്ഷികള്‍ കൊല്ലപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ഇത്തരത്തില്‍ ശേഖരിച്ച 70,716 പക്ഷികളെ വില്ലാര്‍ഡ് തന്നെ അളന്നു. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് കാലാവസ്ഥ ചൂട് പിടിക്കുന്നതോടെ ജീവിവര്‍ഗങ്ങള്‍ ചെറുതാകുന്നുവെന്ന നിഗമനത്തില്‍ എത്തിയത്. താപനില ഉയരുന്നത് കാരണം ആല്‍പൈന്‍ ആടുകള്‍ ചുരുങ്ങുന്നതായി 2014 ല്‍ ഗവേഷകര്‍ കണ്ടെത്തി. അതേ വര്‍ഷം, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണമായി സലാമാണ്ടറുകള്‍ അതിവേഗം ചുരുങ്ങിയതായി മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു.




Tags:    

Similar News