കാലാവസ്ഥാ വ്യതിയാനം സിലബസില്‍ ഉള്‍പ്പെടുത്തണം: കോപ് 26 ല്‍ പ്രധാന മന്ത്രി
കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോപ് 26 യോഗത്തില്‍ ആഗോളതാപനത്തെ കുറിച്ചാണ് കാര്യമായ ചര്‍ച്ച നടന്നത്
ഗ്ലാസ്‌ഗോവ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സ്‌കൂളുകളില്‍ സിലബസില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ് 26) യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പത്തെ ലമുറകള്‍ക്ക് പ്രകൃതിയോടു ചേര്‍ന്നു ജീവിക്കുന്നതിനുള്ള അറിവുണ്ടായിരുന്നു. ഇത്തരം അറിവുകള്‍ അടുത്ത തലമുറയിലേക്കു പകരുന്നതിന് സ്‌കൂള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തണം.
കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോപ് 26 യോഗത്തില്‍ ആഗോളതാപനത്തെ കുറിച്ചാണ് കാര്യമായ ചര്‍ച്ച നടന്നത്. കോപ് 26 വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളുമായി സംസാരിക്കാനുള്ള അവസരം തനിക്ക് നല്‍കിയതായി പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഗ്ലാസ്‌ഗോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഗ്ലാസ്‌ഗോവില്‍വച്ച് മോദി ചര്‍ച്ച നടത്തി. വാണിജ്യ,വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിന് റോഡ്മാപ് 2030 നടപ്പാക്കുന്നത് ഇരു നേതാക്കളും വിശകലനം ചെയ്തു.
അഫ്ഗാനിസ്ഥാന്‍, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഇന്തോ പസിഫിക്, കോവിഡിനു ശേഷമുള്ള സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചതായും ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. മാര്‍പ്പപ്പയുമായി വത്തിക്കാനില്‍ വച്ച് നടത്തിയ ചര്‍ച്ചക്കിടെ അദ്ദേഹത്തെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ലോക നേതാക്കളുമായി കൂടികാഴ്ച നടത്താന്‍ കിട്ടിയ അവസരം പരമാവധി വിനിയോഗിക്കുകയാണ് പ്രധാനമന്ത്രി.