മാനവ കുലത്തെ സുരക്ഷിതരാക്കാന്‍ കോപ്പ് 26 മുന്‍കയ്യെടുക്കണം: ആന്റോണിയോ ഗുട്ടേറഷ്

പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നത്

Update: 2021-11-01 15:49 GMT

ഗ്ലാസ്‌ഗോവ്: മാനവ കുലത്തെ സുരക്ഷിതരാക്കാന്‍ കോപ്പ് 26 കൂട്ടായ്മ മുന്‍കയ്യെടുക്കണമെന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോവില്‍ ഇന്നാരംഭിച്ച കോപ്പ് 26 സമ്ാമേളനത്തെ അഭിസംബോധനചെയ്തുകൊണ്ടാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇങ്ങനെ പറഞ്ഞത്. റോമില്‍ നടന്ന ജി 20 സമ്മേളനത്തില്‍ ആഗോള താപനത്തിനെതിരെയും വന്‍ ശക്തി രാജ്യങ്ങളടക്കം ഹരിത ഗൃഹവാതകങ്ങള്‍ പുറത്ത് വിടുന്നതിനെതിരെയും കാര്യമായ നീക്കങ്ങളോ പരിഹാരമാര്‍ഗ്ഗങ്ങളൊ മുന്നോട്ടുവയ്ക്കാനില്ലാതെ സാഹചര്യത്തിലാണ് കോപ്പ് 26 സമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. 2050 ഓടെ കാര്‍ബണ്‍ പുറത്ത് വിടുന്നത് കുറക്കണമെന്ന അജണ്ടയില്‍ തീരുമാനമാകാതെയാണ് ജി 20 നേതാക്കളുടെ സമ്മിറ്റ് പിരിഞ്ഞത്.

ആഗോള താപനത്തിന്റെ തോത് ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുകയാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെക്കാള്‍ പതിന്‍ മടങ്ങ് ശക്തിയുള്ള ഹരിത ഗൃഹവാതകമായ മീതൈന്‍ പുറത്ത് വിടുന്നത് കുറച്ച് കൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് കാര്യമായ വാഗ്ദാനങ്ങളൊന്നും നല്‍കാനായിട്ടില്ല.


നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ് വികാരാധീനനായി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്റെ ഇമാനുവല്‍ മാക്രോണ്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News