ഹമാസ് കുഞ്ഞുങ്ങളുടെ തലവെട്ടിയെന്ന വ്യാജ വാര്‍ത്ത: മാപ്പു പറഞ്ഞ് സിഎന്‍എന്‍ ലേഖിക
വാഷിങ്ടണ്‍: ബന്ദിയാക്കിയ കുഞ്ഞുങ്ങളെ ഹമാസ് തലയറുത്ത് കൊലപ്പെടുത്തിയെന്ന് വ്യാജവാര്‍ത്ത നല്‍കിയതില്‍ മാപ്പുപറഞ്ഞ് അമേരിക്കയിലെ പ്രമുഖ അന്താരാഷ്ട്രമാധ്യമമായ സിഎന്‍എന്‍. 40 കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വ്യാജ ആരോപണം അതേപടി ആവര്‍ത്തിച്ച് വാര്‍ത്ത നല്‍കിയതിലാണ് സിഎന്‍എന്‍ ലേഖികയും കറസ്‌പോണ്ടുമായ സാറ സിദ്‌നര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. ഒക്ടോബര്‍ 11നു നല്‍കിയ വാര്‍ത്ത പങ്കുവച്ചാണ് സാറ സിദ്‌നര്‍ എക്‌സ് ഹാന്‍ഡിലിലൂടെ മാപ്പുപറഞ്ഞത്. 'ഞങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനിടെ ഹമാസ് കുഞ്ഞുങ്ങളെയും കുട്ടികളെയും തലയറുത്തെന്ന് സ്ഥിരീകരിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്നലെ അറിയിച്ചു. എന്നാല്‍, കുഞ്ഞുങ്ങളെ തലയറുത്ത് കൊലപ്പെടുത്തിയെന്നത് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു. എന്റെ വാക്കുകളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. ക്ഷമിക്കണം..' എന്നാണ് എക്‌സിലൂടെ അറിയിച്ചത്. ഹമാസ് പ്രത്യാക്രമണത്തിനു ശേഷം
വടക്കന്‍ ഇസ്രായേലിലെ കഫ അസയില്‍ 40 കുഞ്ഞുങ്ങളുടെ തലയറുത്തെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹിവുന്റെ ഔദ്യോഗിക വക്താവ് അറിയിച്ചതായി സിഎന്‍എ വാര്‍ത്ത നല്‍കിയത്. ഇതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം ആവര്‍ത്തിച്ചു. കുട്ടികളെ തലയറുത്ത നിലയില്‍ കാണേണ്ടിവരുമെന്ന് കരുതിയില്ലെന്നായിരുന്നു ബൈഡന്റെ പരാമര്‍ശം. എന്നാല്‍, ബൈഡന്റെ പരാമര്‍ശത്തെ തള്ളി തൊട്ടുപിന്നാലെ വൈറ്റ് ഹൗസ് രംഗത്തെത്തി. തലയറുത്തെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അറിയിപ്പ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാത്രമല്ല, ദേശീയ-മലയാളമാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയത്. ഇസ്രായേല്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എല്ലാവരും വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഒരു കുഞ്ഞിന്റെയെങ്കിലും തലയറുത്തെന്ന് തെളിയിക്കാന്‍ കഴിയുമോയെന്നു വെല്ലുവിളിച്ച് ഹമാസ് രംഗത്തെത്തിയിരുന്നു. മാത്രമല്ല, ജോബൈഡന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്ക്കു താഴെ ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ് തന്നെ, താങ്കള്‍ കള്ളം പറയുകയാണെന്നു പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍, വാര്‍ത്ത ആദ്യം നല്‍കിയ സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക തന്നെ മാപ്പ് പറഞ്ഞതോടെ ഹമാസിനെതിരേ ചമച്ചത് കള്ളക്കഥയാണെന്ന് വ്യക്തമായിരിക്കുകയാണ്.