ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിൽ 5.6 കോടിയുടെ ക്രമക്കേട്
പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കില്‍നിന്ന് 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വായ്‌പയായി ലഭിച്ച തുകയേക്കാള്‍ ഇരുപതിരട്ടിയോളം തിരിച്ചടയ്ക്കേണ്ട ഗതികേടിലാണു പലരും.
കാസർകോട്: തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനു പിന്നാലെ കാസര്‍കോട് മുഗു സഹകരണ ബാങ്കിനെതിരേയും ഗുരുതര ആരോപണം. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 35 വര്‍ഷമായി ബിജെപിയാണ് മുഗു സഹകരണ ബാങ്ക് ഭരിക്കുന്നത്.
പുത്തിഗെ മുഗു സർവീസ് സഹകരണ ബാങ്കില്‍നിന്ന് 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വായ്‌പയായി ലഭിച്ച തുകയേക്കാള്‍ ഇരുപതിരട്ടിയോളം തിരിച്ചടയ്ക്കേണ്ട ഗതികേടിലാണു പലരും.
മുഗു സ്വദേശിയായ അഷറഫിന്റെ പിതാവ് 2006 ല്‍ 1.5 ലക്ഷം രൂപ വീടിന്റെ ആധാരം പണയം വച്ച് വായ്‌പ എടുത്തിരുന്നു. 2014 ല്‍ പിതാവ് മരിച്ച ശേഷം വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിലെത്തിയ അഷറഫിനോട് ബാങ്ക് അധികൃതര്‍ 24 ലക്ഷം രൂപ തിരികെ അടയ്ക്കാന്‍ നിര്‍ദേശിച്ചു. അവസാനം, 13 ലക്ഷം രൂപ തിരിച്ചടച്ചാല്‍ ആധാരം തിരികെ തരാമെന്നു പറഞ്ഞതോടെ അഷറഫ് അത്രയും തുക തിരിച്ചടച്ചു. എന്നാല്‍ ആറ് ലക്ഷം കൂടി അടച്ചെങ്കില്‍ മാത്രമേ ആധാരം തിരികെ നല്‍കൂ എന്ന നിലപാടിലാണ് ഇപ്പോൾ ബാങ്ക്.
മുഗു സ്വദേശിയായ സന്തോഷ് കുമാര്‍ തന്റെ ഭാര്യയുടെ പേരില്‍ 8,90,000 രൂപയാണു വായ്പ എടുത്തത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ പേരില്‍ 22 ലക്ഷം രൂപ വായ്പ എടുത്തിട്ടുള്ളതായി അറിയുന്നത്. പരാതിക്കാര്‍ ചേര്‍ന്ന് ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബാങ്കിന്റെ അഴിമതി ചൂണ്ടിക്കാട്ടി സഹകരണ മന്ത്രിക്കു പരാതി നല്‍കി. ചട്ടങ്ങള്‍ പാലിച്ചാണ് വായ്പകള്‍ നല്‍കുന്നതെന്നും തട്ടിപ്പു നടന്നിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.