പണം ലഭിച്ചാല്‍ എന്തും പ്രചരിപ്പിക്കാം; കോബ്രാ പോസ്റ്റിന്റെ ഒളി ക്യാമറയില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍
വന്‍ തുക നല്‍കിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്താമെന്നാണ് ഗായകരും താരങ്ങളും സംവിധായകരും ഉള്‍പ്പെടെയുള്ള 36 പേര്‍ സമ്മതിച്ചത്.
ന്യൂഡല്‍ഹി: ബോളിവുഡിനെ പ്രതിക്കൂട്ടിലാക്കി കോബ്ര പോസ്റ്റിന്റെ ഓപറേഷന്‍ കരോക്കെ. വന്‍ തുക നല്‍കിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയും തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്താമെന്നാണ് ഗായകരും താരങ്ങളും സംവിധായകരും ഉള്‍പ്പെടെയുള്ള 36 പേര്‍ സമ്മതിച്ചത്.
പ്ലേബേക്ക് സിങര്‍മാരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍, നടന്‍മാരായ ജാക്കി ഷെറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയ്, സോനു സൂദ്, അമീഷാ പട്ടേല്‍, മഹിമ ചൗധരി ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്‌വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്‌ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ. സണ്ണി ലിയോണ്‍, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത് തുടങ്ങിയവരാണ് സ്റ്റിങ് ഓപറേഷനില്‍ കുടുങ്ങിയത്.
ഈ 36 താരങ്ങളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എക്കൗണ്ടുകള്‍ ലക്ഷങ്ങളാണ് പിന്തുടരുന്നത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പബ്ലിക്ക് റിലേഷന്‍ ഏജന്റുമാര്‍ എന്ന നാട്യത്തിലാണ് ഇവര്‍ താരങ്ങളെ സമീപിച്ചത്
ഓപ്പറേഷന്‍ കരോക്കെ എന്ന പേരിലാണ് സ്റ്റിങ് ഓപറേഷന്‍ നടത്തിയത്. ഒരു സാങ്കല്‍പ്പിക പിആര്‍ എജന്‍സിയുടെ പേരിലാണ് കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ താരങ്ങളെ സമീപിച്ചത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണച്ച് പോസ്റ്റിടാന്‍ തയ്യാറാണോ എന്നാണ് ഓരോരുത്തരോടും ചോദിച്ചത്.വന്‍ തുക നല്‍കിയാല്‍ തയ്യാറാണെന്ന് താരങ്ങള്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം പുറത്ത് അറിയില്ലെന്നും ഇവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂര്‍ മുഴുവന്‍ തുകയും കള്ളപ്പണമായി നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
അതേസമയം, വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ 'പിആര്‍ ഏജന്റുമാരുടെ' പ്രലോഭനത്തെ അതിജീവിച്ചു.സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവര്‍ പറഞ്ഞുവെന്ന് കോബ്ര പോസ്റ്റ് പറയുന്നു.