ഉത്തരേന്ത്യയിൽ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യ തരംഗം വീണ്ടും ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞും ഉണ്ട്. രാജസ്ഥാനിലെ ചുരുവിൽ മൈനസ് 2.5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില രേഖപ്പെടുത്തി. ഡൽഹിയിൽ ഇന്ന് 3.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പലയിടത്തും മൂടൽമഞ്ഞ് കനത്തതോടെ കാഴ്ചാപരിധി 200 മീറ്റർ വരെയായി ചുരുങ്ങി.
ഹിമാചൽ പ്രദേശിൽ കാഴ്ചാപരിധി 25 മീറ്റർ വരെയായി കുറഞ്ഞു. ദില്ലി വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരുന്ന ആറ് വിമാനങ്ങൾ വൈകി. ഉത്തരേന്ത്യയിൽ 20 തീവണ്ടികൾ വൈകിയോടുന്നതായാണ് വിവരം. ഡൽഹി കൂടാതെ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മൂടൽ മഞ്ഞുണ്ട്. വരും ദിവസങ്ങളിൽ ശൈത്യ തരംഗം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഫലമായി കഴിഞ്ഞ ദിവസം ശൈത്യ തരംഗത്തിന്റെ തീവ്രത കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് മുതൽ വീണ്ടും ശക്തമാകുമെന്ന് കാലവസ്ഥാ വകുപ്പ് നേരത്തേ തന്നെ അറിയിച്ചതാണ്. വായു ഗുണ നിലവാര തോത് വളരെ മോശം അവസ്ഥയിൽ തുടരുകയാണ്.