ഹാമിദ് അന്‍സാരിക്കെതിരേ പരാതി നല്‍കിയത് മോദി ഭക്തന്‍, അഭിമുഖം നല്‍കിയ മാധ്യമം മുന്‍ കേന്ദ്രമന്ത്രിയുടേത്
വലതുപക്ഷ അനുകൂല വെബ്‌സൈറ്റായ സണ്‍ഡേ ഗാര്‍ഡിയന്‍ ലൈവാണ് അന്‍സാരിക്കെതിരായ എന്‍ കെ സൂദിന്റെ അഭിമുഖം റിപോര്‍ട്ട് ചെയ്തത്
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരേ ആസൂത്രിത നീക്കം നടത്തുന്നതിനു പിന്നില്‍ സംഘപരിവാര കേന്ദ്രങ്ങളെന്ന സംശയം മറനീക്കി പുറത്തുവരുന്നു. അന്‍സാരിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയെന്ന് അവകാശപ്പെടുന്ന റോ മുന്‍ ഉദ്യോഗസ്ഥന്‍ സംഘപരിവാര്‍ സഹയാത്രികനും ഇദ്ദേഹവുമായി അഭിമുഖം നടത്തിയ മാധ്യമം സംഘപരിവാര്‍ ബന്ധമുള്ളതാണെന്നുമാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഇറാനിലെ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിക്കവെ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുന്നയിച്ച റോ മുന്‍ ഉദ്യോഗസ്ഥന്‍ എന്‍ കെ സൂദ് നരേന്ദ്രമോദി ഭക്തനാണെന്നാണ് തെളിയുന്നത്. എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹിന്ദുത്വ ആശയങ്ങളും മോദി സ്തുതിയുമാണ്. മാത്രമല്ല, ഇദ്ദേഹം എഴുതിയ 'നരേന്ദ്രമോദി എന്റെ പ്രധാനമന്ത്രി: വിദേശയാത്രയും നേട്ടങ്ങളും' എന്ന പുസ്തകത്തിലും നിറഞ്ഞുനില്‍ക്കുന്നത് മോദിസ്തുതികളാണ്. അതിനുപുറമെ, പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന സംഭവങ്ങളില്‍ ഇപ്പോള്‍ പരാതി നല്‍കുകയതും ദുരൂഹതകളുയര്‍ത്തുന്നതാണ്.
2010ല്‍ റോയില്‍ നിന്നു വിരമിച്ച എന്‍ കെ സൂദ് ആര്‍എസ്എസ് അനുഭാവിയും ന്യൂനപക്ഷ-കമ്മ്യൂണിസ്റ്റ് വിരോധിയുമാണെന്ന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ തെളിഞ്ഞുകാണുന്നുണ്ട്. സൂദിന്റെ ഒരു ട്വിറ്റര്‍ സന്ദേശം ഇങ്ങനെയാണ്: ''ഹിന്ദുക്കളുടെ പ്രവൃത്തി പ്രോല്‍സാഹിപ്പിക്കണം. മുസ്‌ലിംകളെ ആക്രമണത്തിലൂടെ മാത്രമേ നേരിടാനാവൂ. 60കളിലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം മുസ്‌ലിംകള്‍ ജമാ മസ്ജിദിനു സമീപമുള്ള ഹിന്ദു ഷോപ്പുകള്‍ ആക്രമിക്കാറുണ്ടായിരുന്നു. ആര്‍എസ്എസ് മുന്നോട്ടുവന്നാണ് അത് പ്രതിരോധിച്ചത്''. മറ്റൊരു ട്വീറ്റില്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയല്ല, അക്രമത്തിലൂടെയാണ് മുസ്‌ലിംകളോട് പോരാടേണ്ടതെന്നും സൂദ് പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുവിരോധികളും ഇന്ത്യന്‍ വിരോധികളുമാണെന്നും വിശേഷിപ്പിക്കുന്ന ഇദ്ദേഹം സംഘപരിവാര്‍ അനുകൂല ട്വിറ്ററുകള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വലതുപക്ഷ അനുകൂല വെബ്‌സൈറ്റായ സണ്‍ഡേ ഗാര്‍ഡിയന്‍ ലൈവാണ് അന്‍സാരിക്കെതിരായ എന്‍ കെ സൂദിന്റെ അഭിമുഖം റിപോര്‍ട്ട് ചെയ്തത്. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന എം ജെ അക്ബറാണ് 2010ല്‍ സണ്‍ഡേ ഗാര്‍ഡിയന്‍ ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകനായിരുന്ന എം ജെ അക്ബറിനെതിരേ നിരവധി യുവതികള്‍ ലൈംഗികപീഡനം ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനകാലത്ത് രാജിവയ്‌ക്കേണ്ടി വന്നത്. ഡല്‍ഹി, മുംബൈ എഡിഷനുകളുള്ള സണ്‍ഡേ ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ മലയാളിയായ എംഡി നാലപ്പാട്ടാണ്. സൂദിന്റെ ട്വിറ്ററില്‍ അന്‍സാരിക്കു പുറമെ, ഐബി മുന്‍ അഡീഷനല്‍ ഡയറക്്ടര്‍ രത്തന്‍ സെഗാളിനെതിരേയും ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ സണ്‍ഡേ ഗാര്‍ഡിയന്റെ വാര്‍ത്തയില്‍ ഹാമിദ് അന്‍സാരിയെ മാത്രമാണ് ലക്ഷ്യം വച്ചിട്ടുള്ളതെന്നതും ആസൂത്രിത നീക്കം വെളിപ്പെടുത്തുന്നതാണ്. മാത്രമല്ല, സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പരാതി നല്‍കിയതും സംശയാസ്പദമാണ്. സംഭവത്തിനു ശേഷം എ ബി വാജ്‌പേയ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയായിരുന്നിട്ടും ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നതും അതിനു ശേഷമാണ് ഉപരാഷ്ട്രപതിയാക്കിയതെന്നതും ശ്രദ്ധേയമാണ്. അന്‍സാരിക്കെതിരേ നടപടി ആവശ്യപ്പെട്ട് 2017ല്‍ ഒരുസംഘം ഉദ്യോഗസ്ഥര്‍ നരേന്ദ്രമോദിയെ കണ്ടെന്നാണ് സൂദ് അവകാശപ്പെടുന്നത്. രണ്ടുവര്‍ഷം പിന്നിട്ടിട്ടും വിഷയത്തില്‍ അന്വേഷണമൊന്നും പ്രഖ്യാപിക്കാതിരുന്നതു ആരോപണങ്ങള്‍ വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.