മുസ്‌ലിം ലീഗിന് മൂന്നാം സീറ്റില്ലെന്ന് കോണ്‍ഗ്രസ്; ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി

കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന അന്തിമതീരുമാനം കോണ്‍ഗ്രസ് നേതൃത്വം മുസ്്‌ലിം ലീഗിനെ അറിയിച്ചു. ഇക്കാര്യത്തിലുള്ള ലീഗിന്റെ തീരുമാനം നാളെ അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി.

Update: 2019-03-08 11:03 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന അന്തിമതീരുമാനം കോണ്‍ഗ്രസ് നേതൃത്വം മുസ്്‌ലിം ലീഗിനെ അറിയിച്ചു. ഇക്കാര്യത്തിലുള്ള ലീഗിന്റെ തീരുമാനം നാളെ അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി. പകരം മുന്നോട്ടുവച്ച ഉപാധികളില്‍ പലതും ഉടന്‍ നടപ്പാക്കാന്‍ കഴിയാത്തതിനാലും സമവായ ഫോര്‍മുല ഉരുത്തിരിഞ്ഞില്ല.

മൂന്നാം സീറ്റിനായി മൂന്നുതവണയാണ് കോണ്‍ഗ്രസുമായി ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. മൂന്നാം സീറ്റ് വേണമെന്ന് ചര്‍ച്ചകളില്‍ ലീഗ് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. മൂന്നാമതൊരു സീറ്റുകൂടി നല്‍കുക പ്രായോഗികമല്ലെന്ന കടുത്ത നിലപാടാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ സ്വീകരിച്ചത്. ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതിന് ഹൈക്കമാന്റ് അനുമതി നല്‍കില്ലെന്നും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ അറിയിച്ചു. യുഡിഎഫിന്റെ ഐക്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. രാജ്യസഭാ സീറ്റടക്കമുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കാലതാമസം ബദല്‍ ഫോര്‍മുലയ്ക്കും തടസമായി. ഉഭയകക്ഷി ചര്‍ച്ചയിലെ നിര്‍ദേശങ്ങളെല്ലാം നാളെ ചേരുന്ന ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. നാളത്തെ യോഗത്തിനുശേഷം ലീഗ് തീരുമാനമറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രതികരിച്ചു.

കടുംപിടിത്തത്തിലൂടെ സീറ്റ് പിടിച്ചെടുക്കേണ്ടെന്ന നിലപാട് മുസ്്‌ലിം ലീഗ് നേതൃത്വം സ്വീകരിച്ചതായാണ് അറിയുന്നത്. ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇനി ഉഭയകക്ഷി ചര്‍ച്ചയില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. വടകര, വയനാട് സീറ്റുകളില്‍ ലീഗിനുകൂടി സ്വീകാര്യമായ സ്ഥാനാര്‍ഥികള്‍ എന്നതടക്കമുള്ള ഫോര്‍മുലകള്‍ മുന്നോട്ടുവച്ചതായാണ് സൂചന. അതേസമയം, വയനാട്, ആലപ്പുഴ, വടകര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെക്കുറിച്ച് അവ്യക്തത തുടരുകയാണ്. വയനാട് കെ മുരളീധരനെ രംഗത്തിറക്കാന്‍ സംസ്ഥാന നേതാക്കള്‍ ആലോചിക്കുമ്പോള്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം ഐ ഷാനവാസിന്റെ മകള്‍ വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കെ സി വേണുഗോപാല്‍ മല്‍സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ വി എം സുധീരനെ രംഗത്തിറക്കാനും ആലോചനയുണ്ട്. 

Tags:    

Similar News