ചീഫ് ജസ്റ്റിനെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്
വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ഡല്‍ഹി പോലിസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ ഗൂഢാലോചനക്കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ഡല്‍ഹി പോലിസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
രാവിലെ ഈ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്റെ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന സീല്‍ വച്ച കവര്‍ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് സുപ്രിംകോടതിയില്‍ നല്‍കിയിരുന്നു. സത്യവാങ്മൂലത്തില്‍ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. എ കെ പട്‌നായിക് നല്‍കുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം.
എന്നാല്‍, പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ല. നാളെ രാവിലെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ പരാതിക്കാരി ഹാജരായി തെളിവ് നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
ഉത്സവ് ബെയ്ന്‍സിന്റെ ആരോപണം
അനുകൂല വിധി കിട്ടാതെ വന്ന ചില കോര്‍പറേറ്റ് കമ്പനികളുടെ പ്രതിനിധികള്‍ സുപ്രിംകോടതിയില്‍ നിന്ന് നേരത്തേ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് ഉത്സവ് ബെയ്ന്‍സിന്റെ സത്യവാങ്മൂലത്തിലുള്ളത്. ചീഫ് ജസ്റ്റിസിനെ രാജി വെപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ ലൈംഗികാരോപണം ഉയര്‍ത്തിയത്. തപന്‍ കുമാര്‍ ചക്രബര്‍ത്തി, മാനവ് ശര്‍മ എന്നിവരുടെ പേരുകള്‍ ഉത്സവ് ബെയ്ന്‍സ് എടുത്തു പറഞ്ഞിട്ടുണ്ട്. നേരത്തേ എറിക്‌സണ്‍ കമ്പനി നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന സുപ്രിംകോടതി ഉത്തരവ് തിരുത്തിയ കോര്‍ട്ട് മാസ്റ്ററും സ്‌റ്റെനോഗ്രാഫറുമാണ് തപന്‍ കുമാറും മാനവ് ശര്‍മയും.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുതിയ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ഉത്സവ് ബെയ്ന്‍സിനോട് കോടതി ആവശ്യപ്പെട്ടത്. ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുണ്ടെന്ന് പറഞ്ഞാണ് ഉത്സവ് ബെയ്ന്‍സ് കോടതിയില്‍ സത്യവാങ്മൂലം മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനിടെ ഇടപെട്ട അഭിഭാഷക ഇന്ദിരാ ജയ്‌സിങ്, കോടതിക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം പരാതിക്കാരി ഉന്നയിച്ച ലൈംഗികാരോപണവും അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍, പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെടുന്നതാകാന്‍ സാധ്യതയുണ്ടെന്നും ഇന്ദിരാ ജയ്‌സിങ് വാദിച്ചു. പരാതിയിലെ അന്വേഷണത്തെ ഈ ഗൂഢാലോചനക്കേസ് ഒരു തരത്തിലും വാദിക്കില്ലെന്ന് അപ്പോള്‍ സുപ്രീംകോടതി വീണ്ടും ആവര്‍ത്തിച്ചു.
അഭിഭാഷക ഇന്ദിരാ ജയ്‌സിങ് വീണ്ടും ഉത്സവ് ബെയ്ന്‍സിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. അഭിഭാഷകന്‍ എന്ന സ്റ്റിക്കര്‍ പോലുമില്ലാതെ കോടതി ഗേറ്റിന് മുന്നില്‍ ജാഗ്വര്‍ പോലുള്ള ആഢംബര കാറില്‍ എത്തിയ ഉത്സവ് ബെയ്ന്‍സിനെ പരിശോധനയില്ലാതെ സെക്യൂരിറ്റി കടത്തി വിട്ടതെങ്ങനെ? ബെയ്ന്‍സിന്റെ പിന്നിലാരെന്ന് അന്വേഷിക്കണമെന്നും ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു.
ഇന്ദിരാ ജയ്‌സിംഗിന്റെ ആരോപണങ്ങള്‍ കേട്ട കോടതി, സുപ്രിംകോടതിയിലെ ബഞ്ചുകളെയും ജഡ്ജിമാരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം വളരെ വളരെ ഗുരുതരമാണെന്ന് മറുപടി നല്‍കി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. ഇന്ദിര ജയ്‌സിങ് പറയുന്നതിലെ ആശങ്ക മനസിലാക്കുന്നു എന്നും കോടതി പറഞ്ഞു.