രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു;89.8 ശതമാനത്തിന്റെ വര്‍ധന,മരണ നിരക്കും കുത്തനെ ഉയര്‍ന്നു
ഇന്നലെ 214 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 2183 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 0.31 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.83 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 1150 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.മരണനിരക്കും കുത്തനെ ഉയര്‍ന്നു.ഇന്നലെ 214 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ 62 മരണങ്ങള്‍ കൂടി കൊവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നാലു പേര്‍ മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 517 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,985 കൊവിഡ് രോഗികള്‍ മുക്തി നേടി.98.76 ശതമാനമാണ് രോഗമുക്തി നിരക്ക്.നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്.