ശ്രേയാംസ് കുമാര്‍-സിപിഎം പോര് പുതിയ തലത്തിലേക്ക്;എല്‍ജെഡിയുടെ ഭാവി അനിശ്ചിതത്വത്തില്‍
ഒറ്റ ദിവസം കൊണ്ട് മന്ത്രി സ്ഥാനം രാജി വച്ച ചരിത്രമുള്ള ഏംപി വീരേന്ദ്ര കുമാറിന്റെയും കല്‍പറ്റയില്‍ തോറ്റ ശ്രേയാംസിന്റെയും ചിത്രങ്ങളില്‍ നെഞ്ചിലേക്ക് പ്രതീകാത്മക കഠാരകള്‍ കുത്തിയിറക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തു വന്നത്
പിസി അബ്ദുല്ല
കല്‍പറ്റ:മുന്നണി ഘടക കക്ഷിയായ എല്‍ജെഡി അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറിനോട് പ്രതിഷേധം കടുപ്പിച്ച് സിപിഎം.ശ്രേയാംസിന്റേയും പിതാവ് പരേതനായ എംപി വീരേന്ദ്രകുമാറിന്റേയും ചിത്രങ്ങളില്‍ അവരുടെ നെഞ്ചിലേക്ക് വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും കഠാര കുത്തിയിറക്കി അരിശം തീര്‍ക്കുകയാണ് സിപിഎം സൈബറിടങ്ങള്‍.
ഇടതു മുന്നണിയില്‍ കടുത്ത അവഗണന നേരിടുന്നതിനിടെ മുന്‍പില്ലാത്ത വിധമുള്ള അമര്‍ഷമാണ് ശ്രേയാംസ് കുമാറിനെതിരെ സിപിഎമ്മില്‍ നിന്ന് ഉയരുന്നത്. ശ്രേയാംസിനെ ഇനി ഇടതു മുന്നണിയില്‍ വച്ചു പൊറുപ്പിക്കരുതെന്ന വികാരമാണ് വയനാട്ടിലെ സിപിഎം പ്രവര്‍ത്തകരും നേതാക്കളും പൊതുവെ പങ്കു വയ്ക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പറ്റയില്‍ എല്‍ഡിഎഫ് സിറ്റിംങ് സീറ്റില്‍ ശ്രേയാംസ് കുമാര്‍ ദയനീയമായി പരാജയപ്പെട്ടതു മുതല്‍ ആരംഭിച്ച സിപിഎം-എല്‍ജെഡി ഭിന്നതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്.കല്‍പറ്റയിലെ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തനായിട്ടില്ലാത്ത ശ്രേയാംസ് കുമാറിന് എല്‍ഡിഎഫ് രാജ്യസഭാംഗത്വവും നിഷേധിച്ചതോടെ സ്ഥിതി ഗതികള്‍ സങ്കീര്‍ണ്ണമായി. ശ്രേയാംസ് കുമാര്‍ മാനേജിംങ് ഡയറക്ടറായ മാതൃഭൂമി പത്രവും ചാനലും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിക്കാനും ഇത് കാരണമായി.
കെ റെയില്‍, സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍ മാതൃഭൂമി പത്രവും ചാനലും ഏകപക്ഷീയമായാണ് സക്കാരിനെ വിമര്‍ശിക്കുന്നതെന്ന ആരോപണം സിപിഎം ഉന്നയിക്കുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ രാജിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണ്‍ സിപിഎമ്മിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്.സജി ചെറിയാന്റെ നേഞ്ചിലേക്ക് രാജി എന്ന കഠാര കുത്തിക്കയറിയതായാണ് ഒന്നാം പേജിലെ പ്രധാന വാര്‍ത്തയില്‍ മാതൃഭൂമി ചിത്രീകരിച്ചത്.ഇതിനു പിന്നാലെ മാതൃഭൂമിക്കും ശ്രേയാംസിനും അന്തരിച്ച എംപി വീരേന്ദ്രകുമാറിനുമെതിരെ കടുത്ത ആക്രമണവും ആക്ഷേപങ്ങളുമായി സിപിഎം സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തു വന്നു.
ഒറ്റ ദിവസം കൊണ്ട് മന്ത്രി സ്ഥാനം രാജി വച്ച ചരിത്രമുള്ള ഏംപി വീരേന്ദ്ര കുമാറിന്റെയും കല്‍പറ്റയില്‍ തോറ്റ ശ്രേയാംസിന്റെയും ചിത്രങ്ങളില്‍ നെഞ്ചിലേക്ക് പ്രതീകാത്മക കഠാരകള്‍ കുത്തിയിറക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തു വന്നത്.സജി ചെറിയാനെതിരായ മാതൃഭൂമി കാര്‍ട്ടൂണ്‍ അനുചിതവും അപഹാസ്യവും മാത്രമല്ല വര്‍ഗ വഞ്ചനയുടേത് കൂടിയാണെന്ന വികാരമാണ് സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.ഉള്‍ പേജില്‍ സജി ചെറിയാനെ മാതൃഭൂമി കൊന്ന് കെട്ടിത്തൂക്കിയതായും അവര്‍ പറയുന്നു.ആര്‍എസ്എസ് കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന അടിമത്തം മാതൃഭൂമി സര്‍ക്കാരിനെ അന്ധമായി വിമര്‍ശിക്കുന്നത് ശ്രേയാംസ് കുമാര്‍ കല്‍പറ്റയില്‍ തോറ്റതിന്റെ പ്രതികാരം കാരണമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രേയാംസിനെ അവഗണിച്ച് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതു മുതല്‍ കടുത്ത നിരാശയിലായിരുന്നു എല്‍ജെഡി.വിലപേശലിന്റെ ഭാഗമായിട്ടാണെന്ന് രാജ്യസഭാ സീറ്റ് സിപിഐക്ക് നല്‍കിയതെന്ന ശ്രേയാംസിന്റെ പ്രസ്താവന പിണറായി വിജയനടക്കമുള്ളവരെ പ്രകോപിപ്പിച്ചിരുന്നു.സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ശ്രേയാംസ് കുമാര്‍ ഇടഞ്ഞു.മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിയിലും സര്‍ക്കാരിനെതിരായ നിലപാടാണ് എല്‍ജെഡി സ്വീകരിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ജെഡി വലിയ പ്രതിസന്ധികളാണ് നേരിടുന്നത്.ജെഡിഎസുമായുള്ള ലയനത്തിന് ഒരു വിഭാഗം എതിരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലേക്ക് തിരിച്ചു പോകാനുള്ള ചരടു വലികളാണ് ശ്രേയാംസ് കുമാര്‍ നടത്തുന്നതെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.അതേസമയം പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാനുള്ള ശേഷി ശ്രേയാംസ് കുമാറിന് എന്നോ നഷ്ടപ്പെട്ടുവെന്നും അവഗണനയും അമര്‍ഷവും സഹിച്ച് ഇടതുമുന്നണിയില്‍ തുടരുകയല്ലാതെ അദ്ധേഹത്തിനു മുന്‍പില്‍ തല്‍ക്കാലം മറ്റു വഴികളിലെന്നതുമാണ് യഥാര്‍ഥ സാഹചര്യം.