ദേശീയ പദവി: സിപിഎമ്മിന് ആശ്വാസം; പദവി കൈവിട്ട് സിപിഐ
ത്രിപൂരയും ബംഗാളും ഇരു പാര്‍ട്ടികളേയും കൈവിട്ടപ്പോള്‍ ഇടതുപാര്‍ട്ടികളെ വാരിപ്പുണര്‍ന്നത് തമിഴ്‌നാടായിരുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച നാലില്‍ നാല് സീറ്റിലും ഇവിടെ പാര്‍ട്ടി വെന്നിക്കൊടി പാറിച്ചു.
കോഴിക്കോട്: 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന-ദേശീയ തലങ്ങളിലെ കനത്ത തിരിച്ചടികള്‍ക്കിയിടയിലും ദേശീയ പദവി കൈവിടാതെ സിപിഎം. എന്നാല്‍ സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും. ബംഗാളിലും ത്രിപൂരയിലും സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇരു സംസ്ഥാനങ്ങളിലും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പാര്‍ട്ടിക്കായില്ല. മാത്രമല്ല പശ്ചിമബംഗാളില്‍ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവും പാര്‍ട്ടിക്കുണ്ടായി.
കേരളത്തിലും സമാന സ്ഥിതിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. കേരളത്തില്‍ മല്‍സരിച്ച നാലിടങ്ങളിലും സിപിഐ അടിയറവ് പറഞ്ഞപ്പോള്‍ 16 ഇടങ്ങളില്‍ മല്‍സരിച്ച സിപിഎമ്മിന് ആലപ്പുഴയില്‍ എ എം ആരിഫിന്റെ ജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ത്രിപുരയിലും പശ്ചിമ ബംഗാളിലും കേരളത്തിലും കനത്ത പരാജയം നേരിട്ടതോടെ ഇരു പാര്‍ട്ടികളുടേയും ദേശീയ പാര്‍ട്ടി പദവിക്ക് ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍, അവസാനഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സിപിഎം ദേശീയ പദവിയിലേക്ക് കഷ്ടിച്ച് കടന്നു കയറുകയായിരുന്നു.
ത്രിപൂരയും ബംഗാളും ഇരു പാര്‍ട്ടികളേയും കൈവിട്ടപ്പോള്‍ ഇടതുപാര്‍ട്ടികളെ വാരിപ്പുണര്‍ന്നത് തമിഴ്‌നാടായിരുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച നാലില്‍ നാല് സീറ്റിലും ഇവിടെ പാര്‍ട്ടി വെന്നിക്കൊടി പാറിച്ചു.
സിപിഎമ്മും സിപിഐയും തമിഴ്‌നാട്ടിലെ രണ്ട് വീതം സീറ്റുകളിലാണ് വിജയം കണ്ടത്. കോയമ്പത്തൂര്‍, മധുര എന്നീ സീറ്റുകളില്‍ സിപിഎം വിജയിച്ചപ്പോള്‍ നാഗപ്പട്ടണത്തും തിരിപ്പൂരുമാണ് സിപിഐ വിജയിച്ചത്. കോയമ്പത്തൂരില്‍ മുന്‍ എംപി കൂടിയായ പിആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന് വിജയിച്ചപ്പോള്‍ മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ് വെങ്കടേശരന്‍ സിപിഎമ്മിനുവേണ്ടി 1.36 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മധുരയില്‍ നടരാജന്‍ 5,66,758 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ രാധാകൃഷ്ണന്‍ 1,76,603 വോട്ട്് നേടി.
4,39,967 വോട്ടാണ് മധുരയില്‍ സിപിഎം സ്ഥാനാര്‍ഥി നേടിയത്. തമിഴ്‌നാട്ടിലെ ഈ മികച്ച വിജയമാണ് സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി സംരക്ഷിച്ചു നിര്‍ത്തിയത്. അതേസമയം തമിഴ്‌നാട്ടില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനായില്ല.
ദേശീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ മൂന്നു മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
അവസാനം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (ലോക്‌സഭ-നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും ലഭിക്കണം. ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ ലോക്‌സഭയിലേക്ക് നാലംഗങ്ങളെയെങ്കിലും ജയിപ്പിക്കണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ രണ്ടു ശതമാന (11 അംഗങ്ങള്‍) ത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാവണം എന്നതാണ് രണ്ടാമത്തെ മാനദണ്ഡം. മൂന്നാമത്തെ മാനദണ്ഡം നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമാണ്. മൂന്നാമത്തെ മാനദണ്ഡമനുസരിച്ചാണ് സിപിഎം ദേശീയപാര്‍ട്ടിയായി തുടരുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ 2029 വരെ പദവി നിലനിര്‍ത്തുന്നതിന് പാര്‍ട്ടിയ്ക്ക് കഴിയും. അതേസമയം ദേശീയപാര്‍ട്ടി സ്ഥാനം നഷ്ടമായെങ്കിലും 2021 വരെ പദവി സിപിഐയ്ക്ക് ലഭിക്കും.
സിപിഎം മല്‍സരിച്ചത് 45 സീറ്റുകളും സിപിഐ 55 സീറ്റുകളിലുമാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യഥാക്രമം മൂന്നും രണ്ടും സീറ്റുകളാണ് പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്. സിപിഎമ്മിന് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിച്ച വര്‍ഷമാണിത്. 2014ല്‍ 9ഉം 2009ല്‍ 19ഉം സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നത്. 2004ല്‍ 43 സീറ്റുകള്‍ ലഭിച്ചതാണ് ഏറ്റവും വലിയ റെക്കോര്‍ഡ്