ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ വാക്‌പോര്; കെ സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് ഒരുവിഭാഗം

അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടിയെന്ന് സുരേന്ദ്രന്റെ താക്കീത്

Update: 2021-07-06 09:14 GMT

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. താഴേക്കിടയിലുള്ള അണികള്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊണ്ടുവന്ന കോടികള്‍ കവര്‍ച്ച ചെയ്യപ്പെട്ടതും കോഴ ആരോപണവുമെല്ലാം പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ടെന്നും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ സുരേന്ദ്രന്റെ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്നും ഒരു വിഭാഗം വിമര്‍ശിച്ചു. കേരളത്തില്‍ ബിജെപിക്ക് സജീവമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ശാഖാ തലത്തില്‍ അടിമുടി അഴിച്ചുപണി വേണമെന്നും കാസര്‍കോട്ട് ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. അതിനിടെ, പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ടെന്നും കെ സുരേന്ദ്രന്‍ സൂചിപ്പിച്ചു.യോഗത്തിലെ രൂക്ഷ വിമര്‍ശനം മുന്‍കൂട്ടിക്കണ്ടാണ് കെ സുരേന്ദ്രന്റെ താക്കീത് എന്നാണു സൂചന.

    ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് സംസ്ഥാന നേതൃ യോഗം ആരംഭിച്ചത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റമാരും സംസ്ഥാന നേതാക്കളും പോഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കുഴല്‍പ്പണക്കവര്‍ച്ചാ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ സുരേന്ദ്രനെതിരേ എതിര്‍ വിഭാഗം ശക്തമായ നിലപാടെടുക്കുമെന്നാണു സൂചന. എന്നാല്‍, കോഴക്കേസിലും കൊടകര കള്ളപ്പണം കവര്‍ച്ച ചെയ്ത സംഭവത്തിലും പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് കെ സുരേന്ദ്രന്‍ നീക്കം നടത്തു.

Criticise against K Surendran in BJP state office bearers' meeting

Tags:    

Similar News