യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തി; സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തി. യുപി ബഗൗലി ബ്ലോക്ക് കബീര്‍ നഗറിലെ ബഹ്‌റൈച്ചി(45)യാണ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ജൂലൈ 25നാണ് ബഹ്‌റൈച്ചിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. തന്റെ മകളെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് വില്ലേജിലെ മഹേന്ദ്ര എന്നയാള്‍ നല്‍കിയ പരാതിയില്‍ ബഹ്‌റൈച്ചിക്കും മൂന്ന് മക്കള്‍ക്കും എതിരേ പോലിസ് കേസെടുത്തിരുന്നു. ജൂലൈ 25ന് വൈകീട്ടാണ് ബഹ്‌റൈച്ചിയെ പോലിസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധു വിനോദ് പറഞ്ഞു. ജൂലൈ 27നാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
ബഹ്‌റൈച്ചി കുളിമുറിയില്‍ പോകുന്നതിനിടെ തെന്നിവീണ് പരിക്കേറ്റു എന്നാണ് മുന്‍ ഗ്രാമത്തലവന്‍ കുടുംബത്തെ അറിയിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ പോലിസ് തടയുകയായിരുന്നു. ബഹ്‌റൈച്ചി പോലിസ് സ്‌റ്റേഷനിലെ ബാത്‌റൂമില്‍ പോകുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് വീണെന്ന് പോലിസ് ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബഹ്‌റൈച്ചി ആശുപത്രിയില്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടെതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശരീരം മുഴുവന്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വായില്‍ പഞ്ഞി തിരുകിക്കയറ്റിയിരുന്നു. ആ സമയം പോലിസുകാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബഹ്‌റൈച്ചിയെ പോലിസ് ഇവിടെ ഉപേക്ഷിച്ച് പോയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈച്ചി പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബാഗിറ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മനോജ് കുമാറിനെ സസ്‌പെന്റ് ചെയ്തതായി സാന്റ് കബീര്‍ നഗര്‍ പോലിസ് സൂപ്രണ്ട് അറിയിച്ചു.