'ഇത് അപകടകരം'; സുപ്രിംകോടതി വിധിക്കെതിരേ പ്രതിപക്ഷ പാർട്ടികൾ

അപകടകരമായ വിധിക്ക് ഹ്രസ്വായുസ്സായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഭരണഘടനാ വ്യവസ്ഥകൾ നിലനിൽക്കുമെന്നും പ്രസ്താവനയിൽ പാർട്ടികൾ പറയുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഎം, സമാജ് വാദി പാർട്ടി, ആർജെഡി, തുടങ്ങിയ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.

Update: 2022-08-03 11:49 GMT

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുള്ള വിശാല അധികാരങ്ങൾ ശരിവെച്ച സുപ്രിംകോടതി വിധിക്കെതിരേ പ്രതിപക്ഷപാർട്ടികൾ. സുപ്രിംകോടതിയുടെ വിധി അപകടകരമെന്ന് 17 പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും പ്രസ്താവന ആശങ്കപ്പെടുന്നു.

അപകടകരമായ വിധിക്ക് ഹ്രസ്വായുസ്സായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഭരണഘടനാ വ്യവസ്ഥകൾ നിലനിൽക്കുമെന്നും പ്രസ്താവനയിൽ പാർട്ടികൾ പറയുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, സിപിഎം, സമാജ് വാദി പാർട്ടി, ആർജെഡി, തുടങ്ങിയ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.

ജൂലൈ 27 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയിരിക്കുന്ന വിശാല അധികാരങ്ങൾ ശരിവച്ച് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇഡിയുടെ വിശാല അധികാരങ്ങൾ പലതും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജികളിലാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രിംകോടതി ശരിവച്ചു.

അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിലുള്ള അറസ്റ്റ് ചെയ്യൽ-സെക്ഷൻ 5, കണ്ടുകെട്ടൽ -സെക്ഷൻ 8(4), പരിശോധന നടത്തൽ-സെക്ഷൻ 15, പിടിച്ചെടുക്കൽ-സെക്ഷൻ 17,19 എന്നീ വകുപ്പുകൾക്കുള്ള ഭരണഘടനാസാധുത സുപ്രിംകോടതി ശരിവച്ചു.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസർമാർ പോലിസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാൽ ഇവർ സെക്ഷൻ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടയുടെ ആർട്ടിക്കൾ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപോർട്ട് (ഇസിഐആർ) എഫ്‌ഐആറിന് സമമല്ലെന്നും ഇത് ഇഡിയുടെ ഇന്റേണൽ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറുമായി ബന്ധപ്പെട്ട സിആർപിസി വ്യവസ്ഥകൾ ഇസിഐആറിന് ബാധകമല്ല. കേസിൽ പ്രതി ചേർത്തയാൾക്ക് ഇസിഐആർ നൽകണമെന്നത് നിർബന്ധമല്ല. എന്നാൽ വ്യക്തികൾക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Similar News