ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നത് സാമ്പത്തിക, സാമൂഹിക നീതിയുടെ ഭാഗം; സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: കടക്കെണിയിലായ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന നടപടിയെ സാമൂഹിക നീതിയുടെയും ഭരണഘടനാ നീതിയുടെയും ഭാഗമായി വിലയിരുത്തി സുപ്രിംകോടതിയുടെ നിരീക്ഷണം. ചെറുകിട, ഇടത്തരം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് സമകാലീന ഇന്ത്യയില്‍ ഒരു പുതുമയാണ്. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളുമായി താരതമ്യം ചെയ്താണ് കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചതെന്നും ശ്രദ്ധേയമായി.
2016ല്‍ ചെറുകിട, ഇടത്തരം കര്‍ഷകരുടെ കടം എഴുതിത്തള്ളിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തു. വന്‍കിട കര്‍ഷകരുടെ പരാതിയില്‍ മദ്രാസ് ഹൈക്കോടതി നല്‍കിയ വിധിക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.
കാലാവസ്ഥാ പ്രശ്‌നം കൊണ്ടും ഉദ്പാദനക്കുറവും വിലയിടിവും മൂലവും പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നത് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ്- ജസ്റ്റിസുമാരായ ധനഞ്ജയ് വൈ ചന്ദ്രചൂഢ്, എ എസ് ബോപണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. വായ്പ എഴുതിത്തള്ളല്‍ നിര്‍ദേശക തത്വങ്ങള്‍ പാലിക്കുന്ന സംസ്ഥാന നയത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ അന്തസ്സ്, വരുമാനം, സൗകര്യങ്ങള്‍ എന്നിവയിലെ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട വായ്പ എഴുതിത്തള്ളല്‍ നിര്‍ദേശക തത്ത്വങ്ങള്‍ പാലിക്കുന്ന സംസ്ഥാന നയത്തിന്റെ ഭാഗമാണ്. ഒരു വിഭാഗമെന്ന നിലയില്‍ കര്‍ഷകരുടെ ക്ഷേമം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരം നയങ്ങള്‍ നടപ്പാക്കല്‍ സാമൂഹിക, സാമ്പത്തിക നീതി നടപ്പാക്കുന്നതിന്റെ ഭാഗവും ഭരണഘടനയുടെ അനുച്ഛേദം 38പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്- കോടതി പറഞ്ഞു.
ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്ന ഭരണഘടനാ വകുപ്പാണ് അനുച്ഛേദം 38.
5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെ വായ്പയാണ് 2016ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി വായ്പയില്‍ ഇളവ് നല്‍കുന്നത് നീതീകരിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ നയം വന്‍കിട കര്‍ഷകര്‍ക്കു കൂടി ബാധകമാക്കണമെന്ന 2017ലെ മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് അഗ്രികള്‍ച്ചറല്‍ അസോസിയേഷനാണ് ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യം വന്‍കിടക്കാര്‍ക്കുകൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു വിഭാഗത്തിനു മാത്രം ആനുകൂല്യം നല്‍കുന്നത് സ്വേച്ഛാപരമാണെന്നാണ് ഹരജിക്കാര്‍ ആരോപിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കര്‍ഷകരുടെ കൈവശഭൂമിയുടെ അളവിനനുസരിച്ച് ആനുകൂല്യം നല്‍കിയ സര്‍ക്കാര്‍ നടപടി സാമൂഹിക നീതിയുടെ അടിസ്ഥാന തത്ത്വമനുസരിച്ച് ന്യായമാണെന്നും കോടതി വിശദീകരിച്ചു. ചെറുകിട, ഇടത്തരം കര്‍ഷകര്‍ വിഭവദാരിദ്ര്യം അനുഭവിക്കുന്നു. അവര്‍ക്ക് കുഴല്‍ക്കിണറുകളുപയോഗിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാനാവില്ല. വെള്ളത്തിനും വെളിച്ചത്തിനും വായ്പയ്ക്കും സാങ്കേതികവിദ്യക്കുമൊക്കെ വന്‍കിടക്കാരെ ആശ്രയിക്കണം. വിപണിയും വന്‍കിടക്കാരുടെ കയ്യിലാണ്- കോടതി പറഞ്ഞു.
ശരാശരി 0.01 ഹെക്ടര്‍ കൃഷി ഭൂമിയ്ക്കു താഴെ കൈവശം വച്ചവര്‍ എടുത്ത വായ്പയില്‍ 93.1 ശതമാനവും കാര്‍ഷകേതര ആവശ്യത്തിനായിരുന്നുവെന്ന 2019ലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ റിപോര്‍ട്ടും വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. 10 ഹെക്ടര്‍ വരെ ഭൂമിയുള്ളവരില്‍ 17.1 ശതമാനം പേര്‍ മാത്രമാണ് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുവേണ്ടി വായ്പ എടുക്കുന്നത്.
2016ല തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് എഐഎഡിഎംകെ വായ്പകള്‍ എഴുതിത്തള്ളിയത്.