പോപുലർ ഫ്രണ്ട് നിരോധനം: യുഎപിഎ ട്രൈബ്യൂണൽ അധ്യക്ഷനായി ഡൽഹി ഹൈക്കോടതി ജഡ്ജിയെ നിയമിച്ചു

ഇരുഭാഗവും കേട്ട ശേഷം ട്രൈബ്യൂണലാകും നിരോധന വിഷയത്തിൽ തീർപ്പ് കല്പിക്കുക. അതുവരെ കേന്ദ്രത്തിന്റെ തീരുമാനത്തിന് നിയമസാധുത ഉണ്ടായിരിക്കില്ല.

Update: 2022-10-06 10:58 GMT

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടി പുനപരിശോധിക്കുന്നതിനുള്ള ട്രൈബ്യൂണലിന്റെ അധ്യക്ഷനായി ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയെ നിയമിച്ചു. ഇരുഭാഗവും കേട്ട ശേഷം ട്രൈബ്യൂണലാകും നിരോധന വിഷയത്തിൽ തീർപ്പ് കല്പിക്കുക. അതുവരെ കേന്ദ്രത്തിന്റെ തീരുമാനത്തിന് നിയമസാധുത ഉണ്ടായിരിക്കില്ല. ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ ഫെബ്രുവരി 28നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഒരംഗം മാത്രമാകും കമ്മിറ്റിയിൽ ഉണ്ടായിരിക്കുക.

യുഎപിഎ നിയമപ്രകാരം, ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ രൂപീകരിക്കണം. ഹൈക്കോടതി ജഡ്ജിയാകണം ട്രൈബ്യുണലിന്റെ അധ്യക്ഷ സ്ഥാനത്തുണ്ടാകേണ്ടത് എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

അന്വേഷണത്തിന്റെ ആദ്യ പടിയായി നിരോധിക്കപ്പെട്ട സംഘടനയ്ക്ക് ട്രൈബ്യൂണൽ രേഖാമൂലം കാരണം കാണിക്കൽ നോട്ടിസ് അയക്കും. എന്തുകൊണ്ട് നിരോധിക്കരുത് എന്നതിന് വ്യക്തമായ കാരണം സംഘടന അറിയിക്കണം. നോട്ടിസയച്ച് മുപ്പത് ദിവസത്തിനുള്ളിൽ മറുപടി നൽകിയിരിക്കണം. ഇതിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും ട്രൈബ്യൂണൽ അന്തിമവിധി പുറപ്പെടുവിക്കുക. അതുവരെ കേന്ദ്ര സർക്കാരിന്റെ നിരോധന വിജ്ഞാപനത്തിന് നിയമസാധുത ഉണ്ടായിരിക്കില്ല.

സപ്തംബർ 28-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുഎപിഎയുടെ സെക്ഷൻ 3(1) ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളെന്നാരോപിച്ച് എട്ട് മറ്റ് സംഘടനകളേയും അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. 

Similar News