ഡോക്ടറുടെ കുറിപ്പടിയില്‍ ബിവറേജസ് ഷോപ്പ് വഴി മദ്യം നല്‍കാമെന്ന് ; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍,ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍,കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന് സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യപര്‍ക്ക് ബിവറേജസ് ഷോപ്പ് വഴി മദ്യം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍,ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍,കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സിറ്റിംഗ് നടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം ലഭിക്കാതെയുണ്ടായ വിഭ്രാന്തിയില്‍ ഏതാനും പേര്‍ മരിക്കുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയെ അറിയിച്ചു.മദ്യം ലഭിക്കാതെവരുമ്പോള്‍ രോഗലക്ഷണം കാണിക്കുന്ന എല്ലാവരെയും ആശുപത്രിയില്‍ എത്തിക്കാന്‍ ഈ ഘട്ടത്തില്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതി അറിയിച്ചു.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
സര്‍ക്കാര്‍ ഉത്തരവിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വാദിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവിന് എന്ത് അടിത്തറയാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.മദ്യാസക്തര്‍ക്ക് മദ്യം നല്‍കുന്നുവെന്നതിനപ്പുറം ഇതിലെന്താണ് കാര്യമെന്നും കോടതി ചോദിച്ചു.മദ്യം കിട്ടാതെ വിഭ്രാന്തി കാട്ടുന്നവര്‍ക്ക് മദ്യം നല്‍കാമെന്ന് മെഡിക്കല്‍ സംവിധാനത്തില്‍ ഒരു രേഖയും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച കോടതി അനുവദിച്ചു.