രേഖകള്‍ അപ്രത്യക്ഷമാകുന്നത് തുടരുന്നു; തെലങ്കാന വഖഫ് ബോര്‍ഡിന്റെ 75% ഭൂമിയും അന്യാധീനപ്പെട്ടു
ഹൈദരാബാദ്: കുറഞ്ഞത് 5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ് തെലങ്കാന സ്‌റ്റേറ്റ് വഖഫ് ബോര്‍ഡെങ്കിലും അതിന്റെ 75 ശതമാനവും അന്യാധീനപ്പെട്ടതായി കണക്കുകള്‍. വഖഫ് ബോര്‍ഡിന്റെ ആസ്തി കടലാസില്‍ മാത്രമേയുള്ളൂവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
അഴിമതി, കെടുകാര്യസ്ഥത, ക്രമക്കേടുകള്‍, വഖഫ് ബോര്‍ഡ് അധികൃതരുടെയും ആസ്തി കൈകാര്യം ചെയ്യുന്നവരുടെയും നിസ്സംഗത ഇതൊക്കെ കാരണമായിട്ടുണ്ട്. സ്വത്ത് കയ്യേറ്റം നടക്കുമ്പോള്‍ വഖഫ് ബോര്‍ഡ് നിശ്ശബ്ദ നിരീക്ഷകരായി നിന്നെന്നും ആരോപണമുണ്ട്. പല സ്വത്തിന്റെ രേഖകള്‍പോലും കാണാതായി. അതുകൊണ്ടുതന്നെ തിരിച്ചുപിടിക്കുക അസാധ്യമാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഹൈദരാബാദും അതിന്റെ പരിസര പ്രദേശങ്ങളും ഗണ്യമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചെങ്കിലും വഖഫ് ബോര്‍ഡിന്റെ സ്വത്ത് നഷ്ടപ്പെടുകയായിരുന്നു. സര്‍ക്കാരും ഈ സ്വത്ത് കയ്യേറിയിട്ടുണ്ട്.
77,538 ഏക്കര്‍ ഭൂമിയുള്ള സംസ്ഥാനത്ത് 33,929 വഖഫ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇത്രയേറെ സ്വത്തുണ്ടെങ്കിലും ജീവനക്കാരുടെ വേതനം നല്‍കാന്‍ സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയുണ്ട്. ബോര്‍ഡിന്റെ കീഴില്‍ 110 ഏക്കര്‍ ഭൂമിയുണ്ട്. പ്രതിവര്‍ഷം 5 കോടി രൂപ മാത്രമാണ് സമ്പാദിക്കുന്നത്. പല വാടകക്കാരും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിശ്ചയിച്ചിരുന്ന വാടകയാണ് കൊടുക്കുന്നത്. പലരും കൊടുക്കുന്നതേയില്ല.
ആന്ധ്രാപ്രദേശ് വിഭജനത്തിനു ശേഷം നിരവധി വഖഫ് സ്വത്തുക്കളുടെ രേഖകള്‍ അപ്രത്യക്ഷമായി. പല കയ്യേറ്റവും നടന്നത് ജീവനക്കാരുടെ സഹായത്തോടെയാണ്. മുന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിനെപ്പോലെ തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാരും വഖഫ് ബോര്‍ഡിലെ ക്രമക്കേടുകള്‍ അന്വേഷിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കള്‍ കൈയേറിയതായി ആരോപിച്ച് പോലിസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഒന്നും നടന്നില്ല.