ഡോ. കഫീല്‍ഖാന്റെ അമ്മാവന്‍ വെടിയേറ്റു മരിച്ചു
ഗോരഖ്പൂരിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ 2017 സപ്തംബറില്‍ ബിആര്‍ഡി ആശുപത്രിയില്‍ 60 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്തകളില്‍ ഇടം നേടിയത്
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഡോ. കഫീല്‍ ഖാന്റെ അമ്മാവന്‍ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് അയല്‍വാസിയുടെ വീട്ടില്‍ കാരംസ് കളിച്ച് മടങ്ങുന്നതിനിടെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. നഗരത്തിലെ ബങ്കാട്ടിചാക്കില്‍ വച്ച് തലയ്ക്ക് വെടിയേറ്റ 55കാരനായ നുസ്‌റുത്തുല്ല വാര്‍സി തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. പോയിന്റ് ബ്ലാങ്കില്‍നിന്നാണ് വെടിയുതിര്‍ത്തതെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലിസ് പ്രതികളെ പിടികൂടാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.
ഭൂസ്വത്തുക്കളുള്ള കുടുംബാംഗമായ നുസ്‌റുത്തുല്ലയ്ക്കു ഗോരഖ്പൂരിലും പുറത്തും നിരവധി സ്ഥലങ്ങളുണ്ട്. ഇതില്‍ ചിലരുമായി അവകാശതര്‍ക്കത്തിനു കേസുണ്ടെന്നാണ് പോലിസ് പറയുന്നത്. 'പ്രഥമദൃഷ്ട്യാ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണു പോലി ്‌നിഗമനം. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ മൂന്ന് സംഘത്തെ രൂപീകരിച്ചു. ഉടന്‍ പ്രതികളെ പിടികൂടുമെന്നും ഗോരഖ്പൂരിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് സുനില്‍ ഗുപ്ത പറഞ്ഞു.
രാത്രി 11ഓടെ നുസ്‌റത്തുല്ല വാര്‍സി അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. തന്റെ വീടിനടുത്തുള്ള ഒരു ശ്മശാനത്തിനടുത്തെത്തിയപ്പോള്‍ അക്രമി അദ്ദേഹത്തെ കണ്ടുമുട്ടുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. വാര്‍സിക്ക് മുന്‍പരിചയമുള്ളയാളാവാം ഇതെന്നാണ് പോലിസ് പറയുന്നത്. തര്‍ക്കത്തിനിടെ വാര്‍സിയുടെ തലയ്ക്കു നേരെ വെടിയുതിര്‍ത്ത് അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് പോലിസ് പറയുന്നത്. നേരത്തേ, 2018 ല്‍ ഡോ. കഫീലിന്റെ ഇളയ സഹോദരന്‍ കാശിഫ് ജമീലിന് വെടിയേറ്റിരുന്നു. ഇതിനുപിന്നിലും സ്വത്ത് തര്‍ക്കമാണെന്നാണ് പോലിസ് പറഞ്ഞിരുന്നത്.
ഗോരഖ്പൂരിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ 2017 സപ്തംബറില്‍ ബിആര്‍ഡി ആശുപത്രിയില്‍ 60 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഓക്‌സിജന്‍ ബില്ലടയ്ക്കാത്തതിനാലാണ് കുട്ടികള്‍ മരണപ്പെട്ടതെന്ന് വെളിപ്പെടുത്തിയ കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്. പല കാരണങ്ങളും പറഞ്ഞ് സസ്‌പെന്റ് ചെയ്യപ്പെട്ട കഫീല്‍ ഖാന്‍ 2018 ഏപ്രിലില്‍ മോചിപ്പിക്കുന്നതിന് മുമ്പ് ഏഴുമാസത്തിലേറെ ജയിലില്‍ കഴിഞ്ഞിരുന്നു. മാത്രമല്ല, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി(എഎംയു)യില്‍ പൗരത്വ ഭേദഗതി നിയമത്തി(സിഎഎ)നെതിരേ ഡിസംബര്‍ 12ന് നടത്തിയ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് ആരോപിച്ച് ഡോ. കഫീല്‍ ഖാനെ ജനുവരി 29ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍, കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ ഉത്തരവിട്ടിട്ടും മൂന്നു ദിവസം പുറത്തിറക്കാതെ ഫെബ്രുവരി 14ന് ദേശ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തി ഡോ. കഫീല്‍ ഖാനെ വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു.