മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണം; മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍ രംഗത്ത്. ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റുമാണ് വിമര്‍ശനവുമായെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാര നടപടികള്‍ നിര്‍ത്തലാക്കണം. ഭയമില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷം രാജ്യത്ത് ഒരുക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള മാര്‍ഗമായി കൊറോണ വൈറസ് വ്യാപനം മോദി സര്‍ക്കാര്‍ ഉപയോഗിച്ചു. മഹാമാരിക്കു ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. മാത്രമല്ല, ലോക്ക് ഡൗണ്‍ സമയത്ത് 55 ഓളം മാധ്യമപ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി. ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് യുവതിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്റെ വിഷയവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിദ്ദിഖ് കാപ്പനു പുറമെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനോദ് ദുവ, ഗുജറാത്തി ന്യൂസ് പോര്‍ട്ടലായ ഫെയ്സ് ഓഫ് നേഷന്‍ എഡിറ്ററും ഉടമയുമായ ധവല്‍ പട്ടേല്‍, ഭുംകല്‍ സമാചാര്‍ എഡിറ്റര്‍ കമല്‍ ശുക്ല എന്നിവര്‍ക്കെതിരേയും രാജ്യദ്രോഹ കേസുകള്‍ ചുമത്തിയിരുന്നു. 2014 ല്‍ പ്രത്യേക സിബി ഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ നിരസിക്കാനുള്ള സുപ്രിം കോടതി തീരുമാനത്തെ പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പങ്കിട്ടതിനാണ് ശുക്ലയ്‌ക്കെതിരേ കേസെടുത്തത്.
Drop sedition cases against journalists; global press bodies tell Modi